കൊല്‍ക്കത്ത : സന്ദേശ്‌ഖാലി കേസില്‍ പ്രതിയായ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഷെയ്‌ഖ് ഷാജഹാനെ സിബിഐയ്‌ക്ക് കൈമാറി. ഷാജഹാനെ സിബിഐയ്‌ക്ക് കൈമാറാനുള്ള ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് നടപടി. ഇതോടെ കേസില്‍ സിബിഐയും പശ്ചിമ ബംഗാള്‍ പൊലീസും തമ്മിലുള്ള പിടിവലികള്‍ക്കും വിരാമമായി.
സന്ദേശ്‌ഖാലി ഭൂമി കയ്യേറ്റം, സ്‌ത്രീകള്‍ക്കെതിരായ അതിക്രമം എന്നിവയാണ് ഷെയ്‌ഖ് ഷാജഹാനെതിരെയുള്ള കേസ്. കേസിന് പിന്നാലെ ഒളിവില്‍ പോയ ഷെയ്‌ഖിനെ ഫെബ്രുവരി 26നാണ് ബംഗാള്‍ പൊലീസ് അറസ്റ്റ് ചെയ്‌തത്. നേര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയില്‍ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. അറസ്റ്റിന് പിന്നാലെ 10 ദിവസം ഷെയ്‌ഖിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു.
പ്രതി രാഷ്‌ട്രീയ സ്വാധീനമുള്ളയാളാണെന്നും അന്വേഷണം സിബിഐക്ക് കൈമാറണമെന്നും നേരത്തെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെ കേസ് സിബിഐയ്‌ക്ക് നല്‍കിയത്. കസ്റ്റഡിയില്‍ തുടരുവേയാണ് ഇന്നലെ വൈകിട്ട് 4.15നകം പ്രതിയെ കസ്റ്റഡിയിൽ വാങ്ങണമെന്നും ഹൈക്കോടതി സിബിഐക്ക് നിര്‍ദേശം നല്‍കിയത്. സംഭവത്തില്‍ ടിഎംസി സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. അതേസമയം ഷെയ്‌ഖിനെ മെഡിക്കല്‍ പരിശോധനക്കായി സിബിഐ ജോക്ക ഇഎസ്‌ഐ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി ബിജെപി: കേസില്‍ ഷെയ്‌ഖ് ഷാജഹാനെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രി മമത ബാനര്‍ജിയാണെന്ന് ബിജെപി നേതാക്കള്‍ ആരോപിച്ചു. സ്‌ത്രീകളുടെ അന്തസ് തകര്‍ക്കുന്ന പ്രവര്‍ത്തിയാണ് ഷെയ്‌ഖ് ഷാജഹാന്‍റേതെന്ന് എംഎല്‍എ അഗ്നിമിത്ര പോള്‍ എക്‌സില്‍ പറഞ്ഞു. ആരുടെ നിര്‍ദേശപ്രകാരമാണ് മമത ബാനര്‍ജി ഷെയ്‌ഖിന്‍റെ സംരക്ഷകയാകുന്നതെന്നും എംഎല്‍എ ചോദിച്ചു.
ഇവിടെ ബഹുമാനപ്പെട്ട കൽക്കട്ട ഹൈക്കോടതിയുടെ ഉത്തരവ് മനഃപൂർവം ലംഘിക്കുകയാണ്. പശ്ചിമ ബംഗാളിലെ സ്‌ത്രീകള്‍ ടിഎംസിയെ ഒരു പാഠം പഠിപ്പിക്കും. ഷാജഹാന്‍ വായ തുറന്നാല്‍ സംസ്ഥാന സര്‍ക്കാരിനെ കുറിച്ച് പലതും പുറത്ത് വരുമെന്നും എംഎല്‍എ അഗ്നിമിത്ര പോള്‍ എക്‌സില്‍ പറഞ്ഞു.
അതിജീവിതകളെ സന്ദര്‍ശിച്ച് പ്രധാനമന്ത്രി:പശ്ചിമബംഗാളിലെ സന്ദേശ്‌ഖാലി ഗ്രാമത്തില്‍ ലൈംഗിക അധിക്രമങ്ങള്‍ക്ക് ഇരയായ സ്‌ത്രീകളെ ഇന്നലെ (മാര്‍ച്ച് 6) പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശിച്ചിരുന്നു. തങ്ങള്‍ക്കുണ്ടായ പീഡനങ്ങളെ കുറിച്ച് ഗ്രാമവാസികളായ സ്‌ത്രീകള്‍ പ്രധാനമന്ത്രിയോട് വിവരിച്ചു. സംസ്ഥാന സര്‍ക്കാര്‍ തങ്ങള്‍ക്ക് വിശ്വാസമില്ലെന്നും മേഖലയില്‍ സംരക്ഷണം ഏര്‍പ്പെടുത്താന്‍ കേന്ദ്ര സേനയെ വിന്യസിക്കണമെന്നും ഗ്രാമവാസികള്‍ ആവശ്യപ്പെട്ടു.
ടിഎംസി സര്‍ക്കാര്‍ സന്ദേശ്‌ഖാലി കേസിലെ പ്രതികളെ സംരക്ഷിക്കുകയാണെന്നും പ്രധാനമന്ത്രിയും കുറ്റപ്പെടുത്തി. ഇത് നാണക്കേടാണെന്നും സ്‌ത്രീകളുടെ പ്രശ്‌നങ്ങളെ സംസ്ഥാന സര്‍ക്കാര്‍ ഗൗനിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.