ന്യൂഡൽഹി :ഇന്ത്യാസഖ്യം ശക്തവും ഫലപ്രദവുമായ പ്രതിപക്ഷമായി പ്രവർത്തിക്കുമെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ. സർക്കാർ രൂപീകരിക്കാനുള്ള അവരുടെ അവകാശത്തെ അപകീർത്തിപ്പെടുത്തുന്ന പ്രശ്‌നമില്ല. അവർ സർക്കാർ രൂപീകരിക്കട്ടെ, തങ്ങൾ ശക്തവും ഫലപ്രദവുമായ പ്രതിപക്ഷമാകും എന്ന് ശശി തരൂർ മാധ്യമങ്ങളോട് പറഞ്ഞു.
സഖ്യങ്ങൾ ഒരു മോശം കാര്യമല്ല, കാരണം കഴിഞ്ഞ പത്ത് വർഷത്തെ അപേക്ഷിച്ച് പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്‍റെ പാർട്ടിയെയും മറ്റുള്ളവരോട് കൂടുതൽ ഉത്തരവാദിത്തമുള്ളവരാക്കാന്‍ സഖ്യത്തിന് സാധിക്കും എന്നും തരൂർ വ്യക്തമാക്കി. കഴിഞ്ഞ പത്ത് വർഷമായി നമ്മള്‍ കണ്ടത് അവരുടെ തന്‍പ്രമാണിത്തമായിരുന്നു. മാത്രമല്ല കറൻസി നോട്ട് അസാധുവാക്കുന്ന കാര്യം നരേന്ദ്ര മോദി ക്യാബിനറ്റിനോടും ധനമന്ത്രിയോടും കൂടിയാലോചിക്കുക പോലും ചെയ്‌തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭൂരിപക്ഷമില്ലാത്തതിനാൽ സഖ്യകക്ഷികളുടെ അഭിപ്രായം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കേൾക്കേണ്ടിവരുമെന്ന് ശശി തരൂർ പ്രധാനമന്ത്രിയെ പരിഹസിച്ചു. വളരെ പെട്ടെന്ന് രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിക്കുകയും, അത് നടപ്പാക്കിയതിന് ശേഷം പോലും മുഖ്യമന്ത്രിമാരോട് അതിനെ കുറിച്ച് ചർച്ച ചെയ്‌തിട്ടില്ലെന്ന് തരൂർ സൂചിപ്പിച്ചു. 'എന്നാൽ ആ ശൈലി ഇപ്പോൾ അവസാനിച്ചു. നിങ്ങളുടെ ഇഷ്‌ടം പോലെ ചെയ്യുമെന്ന് പറഞ്ഞ് നിങ്ങൾക്ക് ചുറ്റിക്കറങ്ങാൻ കഴിയില്ല. ഭൂരിപക്ഷമില്ലാത്തതിനാൽ നിങ്ങൾക്ക് മറ്റ് സഖ്യകക്ഷികളുടെ അഭിപ്രായവും കാഴ്‌ചപ്പാടുകളും അംഗീകരിക്കേണ്ടി വരുമെ'ന്നും തരൂർ പറഞ്ഞു.
ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മിഷൻ പറയുന്നതനുസരിച്ച്, 2019 ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ 303 സീറ്റുകൾ നേടിയ ബിജെപിക്ക് 2024 ൽ 240 സീറ്റുകളെ നേടാനായുള്ളു. 2019 നെ അപേക്ഷിച്ച് ഇത് വളരെ കുറവാണ്. മറുവശത്ത് 99 സീറ്റുകൾ നേടി കോൺഗ്രസ് ശക്തമായ മുന്നേറ്റമാണ് രേഖപ്പെടുത്തിയത്. ബിജെപിയുടെ നേതൃത്വത്തിലുള്ള നാഷണൽ ഡെമോക്രാറ്റിക് അലയൻസ് 292 സീറ്റുകൾ നേടിയപ്പോൾ, എല്ലാ പ്രവചനങ്ങളെയും കാറ്റിൽ പറത്തി ഇന്ത്യ ബ്ലോക്ക് 230 കടന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്നാം തവണയും അധികാരത്തിലെത്തി, എന്നാൽ ബിജെപിക്ക് അദ്ദേഹത്തിൻ്റെ സഖ്യത്തിലെ മറ്റ് പാർട്ടികളുടെ പിന്തുണ ആവശ്യമായിരുന്നു. പ്രധാനമായും ജെഡിയു (യു) തലവൻ നിതീഷ് കുമാർ, ടിഡിപി അധ്യക്ഷൻ ചന്ദ്രബാബു നായിഡു എന്നിവരുടെ പിന്തുണയാണ് ബിജെപിക്ക് ലഭിച്ചത്. മറുവശത്ത്, എൻഡിഎ നേതാക്കൾ യോഗത്തിൽ നരേന്ദ്ര മോദിയെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കാനുള്ള പ്രമേയം ഏകകണ്‌ഠമായി പാസാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്നാം തവണയും ജൂൺ 9 ന് സത്യപ്രതിജ്ഞ ചെയ്യുമെന്ന് വൃത്തങ്ങൾ അറിയിച്ചു. കേന്ദ്ര മന്ത്രിസഭയുടെ ശുപാർശയെത്തുടർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു പതിനേഴാം ലോക്‌സഭ ബുധനാഴ്‌ച പിരിച്ചുവിട്ടു. ഭരണഘടനയുടെ ആർട്ടിക്കിൾ 85 ലെ ഉപവകുപ്പ് (2) അവർക്ക് നൽകിയിട്ടുള്ള അധികാരങ്ങൾ വിനിയോഗിച്ച് 17-ാം ലോക്‌സഭ പിരിച്ചുവിടുന്ന ഉത്തരവിൽ ഒപ്പുവച്ചു, എന്ന് രാഷ്ട്രപതി ഭവൻ ബുധനാഴ്‌ച പുറത്തിറക്കിയ പ്രസ്‌താവനയിൽ പറഞ്ഞു.
ALSO READ :'3.0' അല്ല, വരാൻ പോകുന്നത് 'മൂന്നിലൊന്ന് മോദി സര്‍ക്കാര്‍'; പരിഹാസവുമായി ജയറാം രമേശ്