ശ്രീനഗർ:ജമ്മു കശ്‌മീരിലെ ഗണ്ഡേർബാൽ ജില്ലയിലെ സോനമാർഗിൽ ഏഴുപേരെ ഭീകരർ കൊലപ്പെടുത്തി. ഒരു ഡോക്‌ടറും ആറ് അതിഥി തൊഴിലാളികളുമാണ് കൊല്ലപ്പെട്ടത്. തുരങ്ക നിർമാണത്തിനായി എത്തിച്ച തൊഴിലാളികളുടെ താമസസ്ഥലത്ത് ഭീകരർ വെടിയുതിർക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ ഒരു ഭീകരനെ സൈന്യം വധിച്ചു.
ജോലി കഴിഞ്ഞ് തൊഴിലാളികളും മറ്റു ജീവനക്കാരും ക്യാമ്പിലേക്ക് തിരിച്ചെത്തിയപ്പോഴായിരുന്നു ആക്രമണം. കഴിഞ്ഞ ദിവസം ഷോപിയാനിൽ ബിഹാറിൽനിന്നുള്ള തൊഴിലാളിയെയും ഭീകരർ വെടിവച്ചുകൊന്നിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, കേന്ദ്ര മന്ത്രി നിതിൻ ഗഡ്‌കരി, ജമ്മു കശ്‌മീർ മുഖ്യമന്ത്രി ഒമർ അബ്‌ദുളള, ലഫ് ഗവർണർ മനോജ് സിൻഹ, പ്രിയങ്ക ഗാന്ധി തുടങ്ങിയവർ ആക്രമണത്തെ അപലപിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
'ഇത് നിന്ദ്യമായ ഭീരുത്വമാണ്. ആക്രമണത്തിന് ഉത്തരവാദികൾ സുരക്ഷാ സേനയിൽ നിന്നും കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുന്നതായിരിക്കും. മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ ഞാൻ പങ്കുചേരുന്നു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കുന്നതിനായി ഞാൻ പ്രാർത്ഥിക്കുന്നു'. സമൂഹമാധ്യമമായ എക്‌സിൽ പങ്കുവെച്ച പോസ്‌റ്റിൽ ആക്രമണത്തെ അപലപിച്ചുകൊണ്ട് ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.
ആക്രമണത്തിന് നേതൃത്വം നൽകിയവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് ജമ്മു കശ്‌മീർ ലെഫ്റ്റനൻ്റ് ജനറൽ മനോജ് സിൻഹ പറഞ്ഞു. ജമ്മു കശ്‌മീർ പൊലീസിനും സൈന്യത്തിനും സുരക്ഷാ സേനയ്ക്കും നടപടിയെടുക്കുന്നതിനായി പൂർണ സ്വാതന്ത്ര്യം നൽകിയിട്ടുണ്ടെന്ന് സിൻഹ എക്‌സിലൂടെ പ്രതികരിച്ചു.