നമ്മുടെ മനസിൽ പതിഞ്ഞ ഒരു സങ്കൽപമാണ് മാതാ പിതാ ഗുരു ദൈവം എന്നത്. ദൈവത്തേക്കാളുപരി നാം അധ്യാപകർക്ക് പ്രാധാന്യം കൽപ്പിക്കുന്നു എന്നതാണ് ഇതിന്‍റെ സാരാംശം. നമ്മുടെ ജീവിതത്തിലെ അന്ധകാരം അകറ്റി അവിടേക്ക് ജ്ഞാനരൂപിയായ പ്രകാശത്തെ പടർത്തുന്നവരാണ് അധ്യാപകർ. ഇന്ന് സെപ്‌റ്റംബർ 5, അധ്യാപക ദിനം. നമ്മെ പഠിപ്പിച്ച അല്ലെങ്കിൽ പഠിപ്പിക്കുന്ന ഓരോ അധ്യാപകരേയും നമുക്ക് ആദരവോടെ സ്‌മരിക്കാം.
കഴിഞ്ഞ് പോയ കാലത്തേക്ക് ഒന്ന് കണ്ണോടിച്ചാൽ അവിടെ ഏറ്റവും പ്രിയപ്പെട്ടതായ ഒരിടമായി കലാലയം ഉണ്ടാകും. എത്ര കൊതിച്ചാലും ഇനി ആ കാലത്തിലേക്ക് പോകാൻ സാധിക്കില്ല എന്നത് ഒരു ദുഃഖം തന്നെയാണ്. നമ്മുടെ എല്ലാം ജീവിതത്തിൽ നമുക്ക് പ്രിയപ്പെട്ട ഒരു അധ്യാപകൻ അല്ലെങ്കിൽ അധ്യാപിക ഉണ്ടായിരിക്കും.
പലർക്കും ജീവിതത്തിന് ഒരു വഴിത്തിരിവ് തന്നവരായിരിക്കാം അവർ. അവർക്ക് നമുക്ക് തിരിച്ച് നൽകാനാകുന്നത് നന്ദിയും ആദരവും ആണ്. അധ്യാപകനും തത്വചിന്തകനും ഇന്ത്യയുടെ രണ്ടാമത്തെ രാഷ്‌ട്രപതിയുമായ ഡോ. എസ് രാധാകൃഷ്‌ണന്‍റെ ജന്മദിനമാണ് നാം അധ്യാപക ദിനമായി ആചരിക്കുന്നത്. ആഗോള തലത്തിൽ ഒക്‌ടോബർ 5നാണ് അധ്യാപക ദിനം ആചരിക്കുന്നതെങ്കിൽ ഇന്ത്യയിൽ അത് സെപ്റ്റംബർ 5നാണ്.
ആദ്യത്തെ അധ്യാപക ദിനാഘോഷം
ഡോ. സർവേപ്പള്ളി രാധാകൃഷ്‌ണൻ ഇന്ത്യയുടെ രാഷ്‌ട്രപതിയായപ്പോൾ, അദ്ദേഹത്തിന്‍റെ ചില വിദ്യാർഥികളും സുഹൃത്തുക്കളും അദ്ദേഹത്തിന്‍റെ ജന്മദിനം സെപ്റ്റംബർ 5ന് ആഘോഷിക്കാൻ അനുവദിക്കണമെന്ന് അഭ്യർഥിച്ചു. അതിന് മറുപടിയായി, എന്‍റെ ജന്മദിനം ആഘോഷിക്കുന്നതിന് പകരം, സെപ്റ്റംബർ 5 അധ്യാപക ദിനമായി ആചരിച്ചാൽ ഏറെ അഭിമാനകരമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്‍റെ നിർദേശത്തെ തുടർന്ന് 1962 മുതലാണ് ഈ ദിനം അധ്യാപക ദിനമായി ആചരിക്കാൻ തുടങ്ങിയത്.
ഡോ.എസ് രാധാകൃഷ്‌ണൻ ജീവചരിത്രം
ഇന്ത്യയുടെ രണ്ടാമത്തെ രാഷ്‌ട്രപതിയായിരുന്നു ഡോ. സർവേപ്പള്ളി രാധാകൃഷ്‌ണൻ. 1962 മെയ് മുതൽ 1967 മെയ് 13 വരെ അദ്ദേഹം ആ പദവി വഹിച്ചു. 1888 സെപ്റ്റംബർ 5 ന് ആന്ധ്രാപ്രദേശിലെ ഒരു ചെറിയ പട്ടണത്തിൽ ജനിച്ച അദ്ദേഹം പണ്ഡിതനും, തത്ത്വചിന്തകനും, ഭാരതരത്‌ന ജേതാവുമായിരുന്നു.
മദ്രാസിലെ ക്രിസ്‌ത്യൻ കോളജിൽ നിന്ന് വിദ്യാഭ്യാസം നേടിയ രാധാകൃഷ്‌ണൻ, മൈസൂർ യൂണിവേഴ്‌സിറ്റി, കൽക്കട്ട യൂണിവേഴ്‌സിറ്റി എന്നിവയുൾപ്പെടെ നിരവധി പ്രശസ്‌ത സർവകലാശാലകളിൽ പ്രൊഫസറായി സേവനമനുഷ്‌ഠിച്ചിട്ടുണ്ട്. അദ്ദേഹത്തിന്‍റെ ദാർശനികവും ബൗദ്ധികവുമായ അന്വേഷണങ്ങൾ അദ്ദേഹത്തിന് ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിൽ ഈസ്‌റ്റേൺ റിലീജിയൻസ് ആൻഡ് എത്തിക്‌സിന്‍റെ സ്‌പാൽഡിങ് പ്രൊഫസർഷിപ്പ് നേടാൻ സഹായകമായി.
1949 മുതൽ 1952 വരെ സോവിയറ്റ് യൂണിയനിലെ ഇന്ത്യൻ അംബാസഡറായും അദ്ദേഹം സേവനമനുഷ്‌ഠിച്ചിട്ടുണ്ട്. നിരവധി സുപ്രധാന സ്ഥാനങ്ങൾ രാധാകൃഷ്‌ണന്‍റെ രാഷ്‌ട്രീയ ജീവിതത്തെ അടയാളപ്പെടുത്തുന്നുണ്ട്. രാഷ്‌ട്രപതിയായി തെരഞ്ഞെടുക്കപ്പെടുന്നതിന് മുമ്പ് അദ്ദേഹം 1952 മുതൽ 1962 വരെ ഇന്ത്യയുടെ ഉപ രാഷ്‌ട്രപതിയായും സേവനമനുഷ്‌ഠിച്ചിട്ടുണ്ട്.
രാഷ്‌ട്രപതിയായിരുന്ന കാലത്ത്, രാധാകൃഷ്‌ണൻ തന്‍റെ ജ്ഞാനം, പാണ്ഡിത്യം, ഇന്ത്യൻ സംസ്‌കാരത്തെയും തത്ത്വചിന്തയെയും കുറിച്ചുള്ള ആഴത്തിലുള്ള ധാരണ എന്നിവയാൽ ആദരിക്കപ്പെട്ടിരുന്നു. ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച വ്യക്തികളിലൊരാളാണ് അദ്ദേഹം.
1975 ഏപ്രിൽ 17ന് ഡോ. സർവേപ്പള്ളി രാധാകൃഷ്‌ണൻ അന്തരിച്ചു. വിദ്യാഭ്യാസത്തിനും തത്ത്വചിന്തയ്ക്കും അദ്ദേഹം നൽകിയ സംഭാവനകളെ സ്‌മരിച്ച് കൊണ്ട് അദ്ദേഹത്തിന്‍റെ ജന്മദിനമായ സെപ്റ്റംബർ 5 ഇന്ത്യയിൽ 'അധ്യാപക ദിനം' ആയി ആഘോഷിക്കുന്നു. അദ്ദേഹം ഒരു മികച്ച തത്ത്വചിന്തകൻ, മികച്ച അധ്യാപകൻ, മഹത്തായ ചിന്തകൻ, മഹത്തായ വ്യക്തിത്വം, ആത്മീയവാദി, ശ്രദ്ധേയനായ എഴുത്തുകാരൻ, സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ഉപ രാഷ്‌ട്രപതി, രണ്ടാമത്തെ രാഷ്‌ട്രപതി എന്നീ നിലകളിൽ പ്രസിദ്ധനാണ്.
വിദ്യാഭ്യാസത്തിലൂടെ കുട്ടികളുടെ സമഗ്രമായ വികസനത്തിന് പ്രാധാന്യം നൽകിയ അദ്ദേഹം ജീവിത കേന്ദ്രീകൃത വിദ്യാഭ്യാസത്തിനും ഊന്നൽ നൽകിയിരുന്നു. അതിനാൽ പാഠ്യപദ്ധതി യുക്തിസഹമായ ചിന്താശേഷി വർധിപ്പിക്കുന്ന സർഗ്ഗാത്മകതയെ പരിപോഷിപ്പിക്കുന്ന വിമർശനാത്മക ധാരണയെ അടിസ്ഥാനമാക്കിയുള്ളതായിരിക്കണം എന്ന് അദ്ദേഹം പറഞ്ഞു.
അധ്യാപകൻ സമൂഹത്തിന്‍റെ കണ്ണാടിയാണെന്നും അധ്യാപകരുടെ വ്യക്തിത്വമാണ് വിദ്യാർഥികളെ ഏറെ സ്വാധീനിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. അച്ചടക്കം ഒരു വ്യക്തിയുടെ വ്യക്തിപരമായ കാര്യമാണെന്ന് അദ്ദേഹം വിശ്വസിച്ചു. നല്ല സ്വഭാവം നല്ല അച്ചടക്കത്തിന് കാരണമാകുമെന്ന് അദ്ദേഹം വാദിച്ചു, അതിനാൽ സ്വഭാവ നിർമ്മാണം വിദ്യാഭ്യാസത്തിന്‍റെ പ്രധാന ലക്ഷ്യമായിരിക്കണം എന്നും അദ്ദേഹം പറഞ്ഞു.
2024ലെ അധ്യാപക ദിനത്തിന്‍റെ പ്രമേയം
'സുസ്ഥിരമായ ഭാവിക്കായി അധ്യാപകരെ ശാക്‌തീകരിക്കുക' എന്നതാണ് 2024 ലെ അധ്യാപക ദിനത്തിന്‍റെ പ്രമേയം. പരിസ്ഥിതി ബോധമുള്ള, സാമൂഹിക പ്രതിബദ്ധതയുള്ള, ഭാവിയിലെ വെല്ലുവിളികളെ അഭിമുഖീകരിക്കാൻ തയ്യാറുള്ള ഒരു തലമുറയെ രൂപപ്പെടുത്തുന്നതിൽ അധ്യാപകരുടെ നിർണായക പങ്ക് ഇത് എടുത്തുകാണിക്കുന്നു.