ശ്രീനഗർ : ജമ്മു കശ്‌മീരിലെ നിയമസഭ തെരഞ്ഞെടുപ്പിൽ നാഷണല്‍ കോണ്‍ഫറന്‍സും കോണ്‍ഗ്രസും തമ്മിലുള്ള സീറ്റ് പങ്കിടല്‍ ധാരണയായി. ധാരണ പ്രകാരം 90 സീറ്റുകളിൽ 51സീറ്റുകളിലും നാഷണൽ കോൺഫറൻസ് മത്സരിക്കും. കോൺഗ്രസ് 32 സീറ്റുകളിലാകും മത്സരിക്കുക. അഞ്ച് സീറ്റുകളിൽ ഇരു പാർട്ടികളും സൗഹൃദ മത്സരവും നടത്തും. സിപിഎമ്മിനും പാന്തേഴ്‌സ് പാർട്ടിക്കും ഓരോ സീറ്റ് വീതം പാർട്ടികള്‍ വിട്ടുനല്‍കി.
ഇരു പാർട്ടികളും പരസ്‌പരം സെൻസിറ്റിവിറ്റികള്‍ മനസിലാക്കിയാണ് സീറ്റ് വിഭജന കരാറിൽ എത്തിയതെന്ന് ജമ്മു കശ്‌മീർ കോൺഗ്രസ് അധ്യക്ഷൻ താരിഖ് ഹമീദ് കർറ പറഞ്ഞു. ചില സീറ്റുകളിൽ ബുദ്ധിമുട്ടുണ്ടെന്നും അവിടങ്ങളില്‍ അച്ചടക്കത്തോടെ സൗഹൃദ മത്സരം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആദ്യഘട്ട തെരഞ്ഞെടുപ്പിന് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസത്തിന് ഒരു ദിവസം മുമ്പാണ് സീറ്റ് പങ്കിടൽ ധാരണയായത്. സെപ്‌റ്റംബർ 18-ന് ആണ് 24 സീറ്റുകളിലേക്കുള്ള ആദ്യ ഘട്ട തെരഞ്ഞെടുപ്പ്.