മലപ്പുറം: സമസ്‌ത അധ്യക്ഷൻ ജിഫ്രി തങ്ങളെ അപമാനിച്ചിട്ടില്ലെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം. താൻ ജിഫ്രി തങ്ങളെ അപമാനിച്ചുവെന്നത് വ്യാജ പ്രചാരണമാണെന്ന് അദ്ദേഹം പറഞ്ഞു. താൻ ഉദ്ദേശിച്ചത് ജിഫ്രി തങ്ങളെയല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയനെ ആയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ വിജയത്തിന് പിന്നാലെ കുവൈത്തിൽ പിഎംഎ സലാം നടത്തിയ പരാമർശമായിരുന്നു വിവാദമായത്. പാണക്കാട് സാദിഖ് അലി തങ്ങൾ അനുഗ്രഹിച്ച രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് നിന്നും ജയിച്ചപ്പോള്‍ മറ്റൊരു നേതാവ് അനുഗ്രഹിച്ച സ്ഥാനാര്‍ഥി മൂന്നാം സ്ഥാനത്തായി. മുസ്ലിം സമുദായം ആർക്കൊപ്പമാണെന്ന് ഇതിലൂടെ വ്യക്തമായെന്നുമായിരുന്നു പിഎംഎ സലാമിന്‍റെ പരാമര്‍ശം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ഇതിന് പിന്നാലെ സലാമിനെതിരെ സംയുക്ത പ്രസ്‌താവനയുമായി സമസ്‌ത നേതാക്കളും രംഗത്തെത്തിയിരുന്നു. ഇതോടെയാണ് ഇക്കാര്യത്തില്‍ സലാം വിശദീകരണവുമായെത്തിയത്. ജിഫ്രി മുത്തുക്കോയ തങ്ങളെ ഉദ്ധേശിച്ചല്ല താൻ അത്തരത്തില്‍ ഒരു പ്രസ്‌താവന നടത്തിയത്. പി സരിനെ അനുഗ്രഹിച്ച മുഖ്യമന്ത്രി പിണറായി വിജയനെ കുറിച്ചായിരുന്നു തന്‍റെ പരാമര്‍ശമെന്നും സലാം പറഞ്ഞു. മറിച്ചുള്ള വാദങ്ങള്‍ എല്ലാം മുത്തുക്കോയ തങ്ങളെ അപമാനിക്കാനാണെന്നും പിഎംഎ സലാം കൂട്ടിച്ചേര്‍ത്തു.
Also Read: മുനമ്പം വഖഫ് ഭൂമി തർക്കം; ആരെയും കുടിയിറക്കില്ലെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്