ന്യൂഡൽഹി:ഇന്ത്യൻ പൗരന്മാർക്ക് ഇനി ദീർഘകാല സാധുതയുള്ള മൾട്ടിപ്പിൾ എൻട്രി ഷെങ്കന്‍ വിസയ്ക്ക് അപേക്ഷിക്കാമെന്ന് യൂറോപ്യന്‍ യൂണിയന്‍ പ്രഖ്യാപനം. ഇന്ത്യയുമായുള്ള രാഷ്ട്രീയ ബന്ധം കൂടുതൽ ആഴത്തിലാക്കുന്നതിന്‍റെ ഭാഗമായാണ് യൂറോപ്യൻ യൂണിയന്‍റെ പുതിയ പ്രഖ്യാപനം.
കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ രണ്ട് ഷെങ്കന്‍ വിസകൾ നേടുകയും നിയമപരമായി ഉപയോഗിക്കുകയും ചെയ്‌ത ഇന്ത്യൻ പൗരന്മാർക്ക് രണ്ട് വർഷത്തേക്ക് സാധുതയുള്ള ദീർഘകാല, മൾട്ടി-എൻട്രി ഷെങ്കൻ വിസകൾ ലഭിക്കും. പാസ്‌പോർട്ടിന് മതിയായ സാധുതയുണ്ടെങ്കില്‍ രണ്ട് വർഷത്തെ വിസയ്ക്ക് ശേഷം അഞ്ച് വർഷത്തെ വിസയും ലഭിക്കും. വിസ രഹിത പൗരന്മാർക്ക് ലഭിക്കുന്ന എല്ലാ യാത്രാ അവകാശങ്ങളും ഈ വിസയുള്ളവര്‍ക്കും ലഭിക്കും.
യൂറോപ്യന്‍ യൂണിയന്‍- ഇന്ത്യ കോമൺ അജണ്ട ഓൺ മൈഗ്രേഷൻ ആൻഡ് മൊബിലിറ്റിക്ക് കീഴിലുള്ള ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിന്‍റെ പശ്ചാത്തലത്തിലാണ് പുതിയ പരിഷ്‌കാരങ്ങള്‍. 90 ദിവസത്തെ താമസത്തിന് ഷെങ്കൻ രാജ്യങ്ങളില്‍ എത്തുന്ന വിസ ഉടമയെ സ്വതന്ത്രമായി യാത്ര ചെയ്യാൻ അനുവദിക്കുന്നതാണ് ഷെങ്കൻ വിസ. എന്നാൽ ഷെങ്കന്‍ വിസയിലെത്തുന്നവര്‍ക്ക് ആ രാജ്യത്ത് ജോലി ചെയ്യാനുള്ള അവകാശം ലഭിക്കില്ല.
ബെൽജിയം, ബൾഗേറിയ, ക്രൊയേഷ്യ, ചെക്ക് റിപ്പബ്ലിക്, ഡെൻമാർക്ക്, ജർമ്മനി, എസ്‌തോണിയ, ഗ്രീസ്, സ്പെയിൻ, ഫ്രാൻസ്, ഇറ്റലി, ലാത്വിയ, ലിത്വാനിയ, ലക്‌സംബർഗ്, ഹംഗറി, മാൾട്ട, നെതർലാൻഡ്‌സ്, ഓസ്ട്രിയ, പോളണ്ട്, പോർച്ചുഗൽ, റൊമാനിയ, സ്ലൊവേനിയ, സ്ലൊവാക്യ, ഫിൻലാൻഡ്, സ്വീഡൻ, ഐസ്‌ലൻഡ്, ലിച്ചെൻസ്‌റ്റീൻ, നോർവേ, സ്വിറ്റ്‌സർലൻഡ് എന്നീ 29 യൂറോപ്യൻ രാജ്യങ്ങൾ (ഇതിൽ 25 യൂറോപ്യൻ യൂണിയൻ രാജ്യങ്ങളാണ്) ഷെങ്കൻ രാജ്യങ്ങളിൽ ഉൾപ്പെടുന്നതാണ്.
Also Read :ലക്ഷങ്ങള്‍ മുടക്കേണ്ട; യുകെയിലേക്കും യൂറോപ്പിലേക്കും ഫ്രീ റിക്രൂട്ട്‌മെന്‍റ്; അവസരമൊരുക്കി ഒഡെപെക്