ന്യൂഡൽഹി: കേരള ഹൈക്കോടതി അഭിഭാഷകൻ മനോജ് പുലമ്പി മാധവനെ ജഡ്‌ജിയാക്കിയതിൽ കേന്ദ്രസർക്കാരിൻ്റെ എതിർപ്പ് തള്ളി സുപ്രീം കോടതി കൊളീജിയം (SC collegium rejects centres objection on advocates as Kerala HC Judge). ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിൻ്റെ നേതൃത്വത്തിലുള്ള കൊളീജിയം ആണ് ഇക്കാര്യം അറിയിച്ചത്. ഒരാളെ ജഡ്‌ജിയാക്കാൻ പരിഗണിക്കുന്നത് രാഷ്‌ട്രീയ അനുഭാവമല്ല, യോഗ്യതയാണെന്നും സുപ്രീം കോടതി പറഞ്ഞു.
മാധവനെ ജഡ്‌ജിയാക്കുന്നതിനെതിരെ നീതിന്യായ വകുപ്പ് നൽകിയ റിപ്പോർട്ട് തള്ളിയാണ് 6 അഭിഭാഷകരെ ജഡ്‌ജിയാക്കാൻ കൊളീജിയം ശുപാർശ ചെയ്‌തത്. മനോജ് പുലമ്പി മാധവൻ സിപിഎം അനുഭാവി ആണെന്നും 2010ലും, 2016 മുതൽ 2021 വരെയും എൽഡിഎഫ് സർക്കാറിന്‍റെ ഗവൺമെൻ്റ് പ്ലീഡറായി ജോലി ചെയ്‌തിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് നീതിന്യായ വകുപ്പ് എതിർപ്പറിയിച്ചത്. എന്നാൽ ഇദ്ദേഹത്തിന്‍റെ യോഗ്യത പരിഗണിച്ചാണ് കൊളീജിയം ശുപാർശയെന്ന് സുപ്രീം കോടതി വ്യക്തമാക്കി.