കേരളം

kerala

ETV Bharat / bharat

രാജ്യത്തെ ഏറ്റവും വലിയ ധനിക ഇനി ബിജെപിക്കൊപ്പം, സാവിത്രി ജിന്‍ഡാല്‍ ബിജെപിയില്‍ ചേര്‍ന്നത് മകന്‍ കോണ്‍ഗ്രസ് വിട്ട് ദിവസങ്ങള്‍ക്കകം - Savitri Jindal Joins BJP - SAVITRI JINDAL JOINS BJP

രാജ്യത്തെ മറ്റൊരു ശതകോടീശ്വരി കൂടി ഇനി ബിജെപിക്കൊപ്പം. രാജ്യത്തെ ഏറ്റവും വലിയ ധനികയും ഹരിയാനയിലെ മുന്‍മന്ത്രിയും ആയ സാവിത്രി ജിന്‍ഡാല്‍ ബിജെപിയില്‍ ചേര്‍ന്നത് പ്രമുഖനേതാക്കളുടെ സാന്നിധ്യത്തില്‍.

SAVITRI JINDAL JOINS BJP  SAVITRI RICHEST WOMAN IN INDIA  NAVEEN JINDAL  CONGRESS MINISTER
Days After Son Quits Congress, Savitri Jindal, India's Richest Woman, Follows Suit, Joins BJP

By ETV Bharat Kerala Team

Published : Mar 28, 2024, 10:54 PM IST

ഹിസാര്‍(ഹരിയാന):ഹരിയാനയിലെ മുന്‍ മന്ത്രിയും ഇന്ത്യയിലെ ഏറ്റവും വലിയ ധനികയുമായ സാവിത്രി ജിന്‍ഡാല്‍ ബിജെപിയില്‍ ചേര്‍ന്നു. ബുധനാഴ്‌ച ഇവര്‍ കോണ്‍ഗ്രസ് വിട്ടിരുന്നു. അവരുടെ മകന്‍ നവീന്‍ ജിന്‍ഡാല്‍ കോണ്‍ഗ്രസ് വിട്ടത് ദിവസങ്ങള്‍ക്ക് മുന്‍പാണ്.

ഹരിയാന മുഖ്യമന്ത്രി നയാബ് സിങ് സൈനിയുടെയും മുന്‍ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഘട്ടാറിന്‍റെയും മറ്റ് പ്രമുഖ നേതാക്കളുടെയും സാന്നിധ്യത്തിലായിരുന്നു സാവിത്രിയുടെ ബിജെപി പ്രവേശം. ഈ മാസം 24നാണ് നവീന്‍ ജിന്‍ഡാല്‍ കോണ്‍ഗ്രസുമായുള്ള ബാന്ധവം ഉപേക്ഷിച്ചത്. ബിജെപി ഇദ്ദേഹത്തിന് കുരുക്ഷേത്ര ലോക്‌സഭാ മണ്ഡലത്തില്‍ ടിക്കറ്റ് നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം താന്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവയ്ക്കുന്നതായി 84 കാരിയായ സാവിത്രി ജിന്‍ഡാല്‍ എക്‌സില്‍ കുറിച്ചിരുന്നു. പത്ത് വര്‍ഷം ഹിസാറിലെ ജനങ്ങളെ താന്‍ നിയമസഭയില്‍ പ്രതിനിധീകരിച്ചു. ഒരു മന്ത്രിയെന്ന നിലയില്‍ ഹരിയാനയിലെ ജനങ്ങള്‍ക്കായി താന്‍ അക്ഷീണം പ്രവര്‍ത്തിച്ചു. ഹിസാറിലെ ജനങ്ങള്‍ എന്‍റെ കുടുംബമാണ്. എന്‍റെ കുടുംബാംഗങ്ങളുടെ ഉപദേശപ്രകാരം ഞാന്‍ കോണ്‍ഗ്രസിന്‍റെ പ്രാഥമിക അംഗത്വം ഉപേക്ഷിക്കുകയാണെന്നും അവര്‍ കുറിച്ചു.

ഫോര്‍ബ്‌സ് ഇന്ത്യയുടെ ഇക്കൊല്ലത്തെ പട്ടികയില്‍ രാജ്യത്തെ ഏറ്റവും ധനികയായി അവരെ അടയാളപ്പെടുത്തിയിട്ടുണ്ട്. രാജ്യത്തെ ധനികരായ പത്ത് വനിതകളുടെ പട്ടികയില്‍ ഇവരാണ് ഒന്നാം സ്ഥാനത്ത്. മുന്‍ മന്ത്രിയും വ്യവസായിയുമായ ഒ പി ജിന്‍ഡാലിന്‍റെ ഭാര്യയാണിവര്‍. 2960 കോടി അമേരിക്കന്‍ ഡോളറാണ് ഇവരുടെ ആസ്‌തി.

ഭൂപിന്ദര്‍ സിങ് ഹൂഡയുടെ മന്ത്രിസഭയില്‍ ഇവര്‍ മന്ത്രി ആയിരുന്നു. 2014ല്‍ ബിജെപിയുടെ ഡോ. കമല്‍ ഗുപ്‌തയോട് പരാജയപ്പെട്ടു. ഗുപ്‌ത ഇപ്പോള്‍ നയാബ് സിങ് സൈനി സര്‍ക്കാരിന്‍റെ മന്ത്രിയാണ്.

നവീന്‍ ജിന്‍ഡാലിന് കൂറ്റന്‍ അലക്കു യന്ത്രം വേണമെന്നായിരുന്നു കോണ്‍ഗ്രസില്‍ നിന്ന് രാജി വച്ച ശേഷം ജയറാം രമേശിന്‍റെ പരാമര്‍ശം. പത്ത് വര്‍ഷമായി പാര്‍ട്ടിക്ക് വേണ്ടി യാതൊന്നും ചെയ്യാതിരുന്നിട്ട് ഒരു ദിവസം താന്‍ രാജി വയ്ക്കുന്നു എന്ന് പറയുന്നത് വലിയ തമാശയാണെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു. ഝാര്‍ഖണ്ഡ് ഖനി ഇടപാടുമായി ബന്ധപ്പെട്ട് സിബിഐ ജിന്‍ഡാലിന്‍റെ കമ്പനിയായ ജിന്‍ഡാല്‍ സ്‌റ്റീല്‍ ആന്‍ഡ് പവര്‍ ലിമിറ്റഡിനെക്കുറിച്ച് അന്വേഷിക്കുന്നുണ്ടെന്നും ജയറാം രമേഷ് ചൂണ്ടിക്കാട്ടി.

Also Read:ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിതയായി ഇന്ത്യയുടെ സാവിത്രി ജിന്‍ഡാല്‍

ABOUT THE AUTHOR

...view details