മുംബൈ:മുതിര്‍ന്ന എന്‍സിപി നേതാവ് ബാബ സിദ്ദിഖി വെടിയേറ്റുമരിച്ച വാര്‍ത്തയുടെ ഞെട്ടലിലാണ് സിനിമ ലോകം. ഹിന്ദി ചലച്ചിത്ര മേഖലയുമായി ഏറെ അടുപ്പം സൂക്ഷിച്ചിരുന്ന സിദ്ദിഖിയെ അവസാനമായി ഒരു നോക്ക് കാണാന്‍ ലീലാവതി ആശുപത്രിയിലേക്ക് എത്തിയത് നിരവധി താരങ്ങളാണ്. ബിഗ് ബോസിന്‍റെ ഷൂട്ടിങ്ങ് നിര്‍ത്തിവച്ചാണ് സല്‍മാന്‍ ഖാന്‍ തന്‍റെ അടുത്തുസുഹൃത്തായ സിദ്ദിഖിയെ കാണാന്‍ എത്തിയത്.
സൽമാൻ ഖാന്‍ താമസിക്കുന്ന മണ്ഡലത്തിലെ പ്രമുഖ രാഷ്‌ട്രീയ നേതാവായിരുന്നു സിദ്ദിഖി. ബോളിവുഡിനെ തന്നെ രണ്ട് ചേരിയിലാക്കിയ സൽമാൻ ഖാനും ഷാരൂഖ് ഖാനും തമ്മിലുള്ള ദീർഘകാല പിണക്കം അവസാനിപ്പിച്ചത് ബാബ സിദ്ദിഖിയാണ്. ശില്‍പ ഷെട്ടി ഭര്‍ത്താവ് രാജ് കുന്ദ്രയ്‌ക്കൊപ്പം ആശുപത്രിയിലെത്തി സിദ്ദിഖിയെ കണ്ടു.
ബാബ സിദ്ദിഖിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരാണ് ഇരുവരും. ആശങ്കയും ഭയവും നിറഞ്ഞ കണ്ണുകളുമായി ആശുപത്രിയിലെത്തിയ ശില്‍പ ഷെട്ടി പുറത്തിറങ്ങിയത് കരഞ്ഞു കൊണ്ടാണ്. ബാബ സിദ്ദിഖിയുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന സഞ്ജയ് ദത്ത്, നടൻ സഹീർ ഇഖ്ബാൽ, വീര്‍ പഹാരിയ എന്നിവരുൾപ്പെടെയുളള ബോളിവുഡ് താരങ്ങളും മുംബൈയിലെ ആശുപത്രിയിലെത്തി.