കേരളം

kerala

ETV Bharat / bharat

റിമാൽ ചുഴലിക്കാറ്റ്: അസമിൽ വെള്ളപ്പൊക്കത്തിൽ 6 മരണം, ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി - Floods in Assam due to Remal - FLOODS IN ASSAM DUE TO REMAL

പ്രളയം ബാധിച്ചത് 11 ജില്ലകളിൽ നിന്നുള്ള ലക്ഷക്കണക്കിന് ആളുകളെ. 560 ഗ്രാമങ്ങൾ ഇപ്പോഴും വെള്ളത്തിനടിയിൽ. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.

REMAL CYCLONE  FLOOD IN ASSAM CLAIMS 6 LIVES  FLOOD IN ASSAM  ASSAM RAINS
Flood in Assam (ETV Bharat)

By ETV Bharat Kerala Team

Published : Jun 1, 2024, 8:27 AM IST

ന്യൂഡൽഹി :റിമാൽ ചുഴലിക്കാറ്റിനെ തുടർന്ന് അസമിലുണ്ടായ വെള്ളപ്പൊക്കത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ ആറ് മരണം. മരണപ്പെട്ടവരിൽ രണ്ട് കുട്ടികളും ഉൾപ്പെടുന്നതായി അസം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി (എഎസ്‌ഡിഎംഎ) പ്രളയ റിപ്പോർട്ടിൽ പറയുന്നു. രൂക്ഷമായ വെള്ളപ്പൊക്കമാണ് അസം നേരിടുന്നത്.

11 ജില്ലകളിൽ നിന്നായി 78,000 കുട്ടികളടക്കം 3.50 ലക്ഷത്തോളം ആളുകളെയാണ് പ്രളയം ബാധിച്ചത്. കച്ചാർ ജില്ലയിൽ ഒരു കുട്ടിയുൾപ്പടെ മൂന്ന് പേരും ഹൈലകണ്ടി ജില്ലയിൽ ഒരു കുട്ടിയുൾപ്പടെ രണ്ട് പേരും കാർബി ആംഗ്ലോങ് വെസ്റ്റ് ജില്ലയിൽ ഒരാളുമാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ മരണപ്പെട്ടതെന്ന് എഎസ്‌ഡിഎംഎ റിപ്പോർട്ട് വ്യക്തമാക്കി.

കച്ചാർ ജില്ലയിൽ 1.20 ലക്ഷം പേരെയും നാഗോൺ ജില്ലയിൽ 78756 പേരെയും ഹോജായ് ജില്ലയിൽ 77030 പേരെയും കരിംഗഞ്ച് ജില്ലയിൽ 52684 പേരെയും ഹൈലകണ്ടി ജില്ലയിൽ 10165 പേരെയുമാണ് പ്രളയവും വെള്ളപ്പൊക്കവും രൂക്ഷമായി ബാധിച്ചത്. കർബി ആംഗ്ലോങ്, ധേമാജി, ഹോജായ്, കച്ചാർ, കരിംഗഞ്ച്, ദിബ്രുഗഡ്, നാഗോൺ, ഹൈലകണ്ടി, ഗോലാഘട്ട്, കർബി ആംഗ്ലോങ് വെസ്റ്റ്, ദിമ ഹസാവോ ജില്ലകളിലെ 25 റവന്യൂ സർക്കിളുകൾക്ക് കീഴിലുള്ള 560 ഗ്രാമങ്ങൾ ഇപ്പോഴും വെള്ളത്തിനടിയിലാണ്.

കനത്ത മഴയെ തുടർന്ന് കോപ്പിലി, ബരാക്, കടഖൽ, കുഷിയറ തുടങ്ങി നിരവധി നദികളിലെ ജലനിരപ്പ് അപകടനില കവിയുന്നതായാണ് വിവരം. പ്രളയബാധിത ജില്ലകളിലെ 4931 ഹെക്‌ടർ കൃഷിയിടവും വെള്ളത്തിനടിയിലായി. നിലവിൽ 187 ദുരിതാശ്വാസ ക്യാമ്പുകളും വിതരണ കേന്ദ്രങ്ങളും ഭരണകൂടം ഒരുക്കിയിട്ടുണ്ട്. 68,600 ആളുകളാണ് ക്യാമ്പുകളിൽ അഭയം തേടിയത്. മറ്റ് ഉയർന്ന സ്ഥലങ്ങളിലും സുരക്ഷിത സ്ഥലങ്ങളിലും അഭയം പ്രാപിച്ചവരും ഏറെ. മൊത്തം 1023063 വളർത്തുമൃഗങ്ങളെയും പ്രളയം ബാധിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ വെള്ളപ്പൊക്കത്തിൽ 11 റോഡുകൾ തകർന്നിട്ടുണ്ട്. കൂടാതെ ആരോഗ്യ കേന്ദ്രങ്ങൾ, കലുങ്കുകൾ, അങ്കണവാടികൾ, സ്‌കൂൾ കെട്ടിടങ്ങൾ, ജലസേചന കനാലുകൾ എന്നിവയും തകർന്നു. എൻഡിആർഎഫ്, എസ്‌ഡിആർഎഫ്, പൊലീസ്, ഫയർ ആൻഡ് എമർജൻസി സർവീസസ് (F&ES), ലോക്കൽ അഡ്‌മിനിസ്‌ട്രേഷൻ എന്നിവയുടെ നേതൃത്വത്തിലാണ് വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. വെള്ളിയാഴ്‌ച (മെയ് 31) 615 പേരെ ഇവർ രക്ഷപ്പെടുത്തി.

അതേസമയം അസം, മണിപ്പൂർ, മേഘാലയ, മിസോറാം, ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങളില്‍ റിമാൽ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ പ്രകൃതിക്ഷോഭത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് 2 ലക്ഷം രൂപ വീതം പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് 50,000 രൂപ വീതം നൽകുമെന്നും പ്രധാനമന്ത്രി അറിയിച്ചു.

ALSO READ:57 മണ്ഡലങ്ങള്‍, 904 സ്ഥാനാര്‍ഥികള്‍: ജനവിധി തേടി പ്രധാനമന്ത്രിയും; രാജ്യത്ത് അവസാന ഘട്ട വോട്ടെടുപ്പ്

ABOUT THE AUTHOR

...view details