ഹൈദരാബാദ്: പുതിയ ആഢംബര എസ്‌യുവികളുമായി മെഴ്‌സിഡസ് ബെൻസ്. മേബാക്ക് ജിഎൽഎസ് 600 നൈറ്റ് സീരീസ്, മേബാക്ക് ഇക്യുഎസ് 680 എസ്‌യുവി നൈറ്റ് സീരീസ് എന്നിങ്ങനെ രണ്ട് എസ്‌യുവികളാണ് പുറത്തിറക്കിയത്. മേബാക്ക് ജിഎൽഎസ് 600ന് 3.71 കോടി രൂപയും ഇക്യുഎസ് 680 എസ്‌യുവിക്ക് 2.63 കോടി രൂപയുമാണ് പ്രാരംഭവില. നിലവിലുള്ള സ്റ്റാൻഡേർഡ് മോഡലുകളേക്കാൾ കോസ്‌മെറ്റിക് അപ്‌ഗ്രേഡുകളുമായാണ് രണ്ട് എസ്‌യുവികളും വരുന്നത്.
2025 ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോയിലാണ് രണ്ട് മോഡലുകളും പുറത്തിറക്കിയത്. ഇക്യുഎസ് 680 എസ്‌യുവി നൈറ്റ് സീരീസ് പ്രദർശിപ്പിച്ചതിന് ശേഷമാണ് ജിഎൽഎസ് 600 നൈറ്റ് സീരീസ് ഓട്ടോ എക്‌സ്‌പോയിൽ പുറത്തിറക്കുന്നത്. രണ്ട് എസ്‌യുവികളെയും കുറിച്ച് വിശദമായറിയാം.
മെഴ്‌സിഡസ് ബെൻസ് മേബാക്ക് ജിഎൽഎസ് 600 നൈറ്റ് സീരീസ്:
എക്‌സ്റ്റീരിയർ: ഡ്യുവൽ ടോൺ കളർ സ്‌കീമിലാണ് മേബാക്ക് ജിഎൽഎസ് 600 നൈറ്റ് സീരീസ് പുറത്തിറക്കിയത്. ഈ എസ്‌യുവിയുടെ മുകളിലും താഴെയുമായി മൊജാവേ സിൽവർ, ഒനിക്‌സ് ബ്ലാക്ക് ഫിനിഷുകൾ നൽകിയിട്ടുണ്ട്. 22 ഇഞ്ച് ടയറുകളാണ് നൽകിയിരിക്കുന്നത്. ഫ്രണ്ട് ഗ്രിൽ പാനലിലും ഹെഡ്‌ലൈറ്റുകളിലും റോസ്-ഗോൾഡ് ഇൻസേർട്ടുകൾ നൽകിയിട്ടുണ്ട്.
ഇന്‍റീരിയർ: മെഴ്‌സിഡസ്-ബെൻസ് മേബാക്ക് ജിഎൽഎസ് 600 നൈറ്റ് സീരീസിൽ കറുപ്പ് നിറത്തിലുള്ള ഇന്‍റീരിയറാണ് നൽകിയിരിക്കുന്നത്. നാപ്പ ലെതറിലാണ് സീറ്റുകൾ നൽകിയിരിക്കുന്നത്. നൈറ്റ് സീരീസ് ആനിമേഷൻ ഉള്ള ഡിജിറ്റൽ ഇൻസ്ട്രുമെന്‍റ് ക്ലസ്റ്ററും ഈ എസ്‌യുവിയിൽ ഫീച്ചർ ചെയ്യുന്നുണ്ട്. 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്‍റ് സിസ്റ്റം, 27 സ്‌പീക്കർ സൗണ്ട് സിസ്റ്റം, 64 കളർ ആംബിയന്‍റ് ലൈറ്റിങ് തുടങ്ങിയവയാണ് മറ്റ് ഇന്‍റീരിയർ ഫീച്ചറുകൾ. ജിഎൽഎസ് 600 നൈറ്റ് സീരീസിലെ ക്യാബിന്‍റെ ലേഔട്ടും മറ്റ് ഫീച്ചറുകളും ടോപ്പ്-സ്‌പെക്ക് മെയ്‌ബാക്ക് ജിഎൽഎസ് 600ന് സമാനമാണ്.
മറ്റ് സ്‌പെസിഫിക്കേഷനുകൾ: മെക്കാനിക്കൽ സവിശേഷതകൾ പരിശോധിക്കുമ്പോൾ മേബാക്ക് ജിഎൽഎസ് 600 നൈറ്റ് സീരീസിൽ മുൻമോഡലിൽ നിന്നും കാര്യമായ മാറ്റങ്ങളൊന്നും തന്നെയില്ല. ടോപ്പ്-സ്പെക്ക് മേബാക്ക് ജിഎൽഎസ് 600ന് സമാനമായ എഞ്ചിനാണ് നൽകിയിരിക്കുന്നത്. 4 ലിറ്റർ ട്വിൻ-ടർബോ V8 പെട്രോൾ എഞ്ചിനിലാണ് ഈ എസ്‌യുവി പ്രവർത്തിക്കുക. 542.4 ബിഎച്ച്‌പി കരുത്തും 770 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന 48V മൈൽഡ്-ഹൈബ്രിഡ് ഇലക്ട്രിക് മോട്ടോറും ജിഎൽഎസ് 600 നൈറ്റ് സീരീസിൽ ഘടിപ്പിച്ചിട്ടുണ്ട്. 9 സ്‌പീഡ് ഓട്ടോമാറ്റിക് ട്രാൻസ്‌മിഷനുമായാണ് ഈ എഞ്ചിൻ ജോഡിയാക്കിയിരിക്കുന്നത്. വെറും 4.9 സെക്കൻഡിനുള്ളിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ മേബാക്ക് ജിഎൽഎസ് 600 നൈറ്റ് സീരീസിന് കഴിയും.
മെഴ്‌സിഡസ് ബെൻസ് മേബാക്ക് ഇക്യുഎസ് 680 നൈറ്റ് സീരീസ്:
എക്‌സ്റ്റീരിയർ: മേബാക്ക് ഇക്യുഎസ് 680 നൈറ്റ് സീരീസ് ജിഎൽഎസ് 600 നൈറ്റ് സീരീസിന് സമാനമായ കളർ ഓപ്‌ഷനുകളിലാണ് ലഭ്യമാവുക. സിൽവർ, ഒനിക്‌സ് ബ്ലാക്ക് ഡ്യുവൽ-ടോൺ കളറിലായിരിക്കും ലഭ്യമാവുക. ഡാർക്ക്-ക്രോം പൂശിയ ഫ്രണ്ട് ഗ്രില്ലും 21 ഇഞ്ച് മെയ്ബാക്ക് തീം വീലുകളുമാണ് ഈ എസ്‌യുവിയിൽ നൽകിയിരിക്കുന്നത്.
ഇന്‍റീരിയർ: ജിഎൽഎസ് 600ന് സമാനമായി ഇക്യുഎസ് 680നും കറുപ്പ് നിറത്തിലുള്ള ഇന്‍റീരിയറാണ് നൽകിയിരിക്കുന്നത്. നാപ്പ ലെതർ സീറ്റും നൈറ്റ് സീരീസ് ആനിമേഷനുള്ള ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്ററും ഇതിൽ ഫീച്ചർ ചെയ്യുന്നുണ്ട്. സ്റ്റാൻഡേർഡ് മോഡലിന് സമാനമായ ഇൻസ്ട്രുമെൻ്റ് സിസ്റ്റം ഇക്യുഎസ് 680നും ലഭിക്കും. 790W ബർമിസ്റ്റർ സൗണ്ട് സിസ്റ്റം, പനോരമിക് സൺറൂഫ്, ഇലക്ട്രിക് വിൻഡോ ബ്ലൈൻ്റുകൾ, റിയർ സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സ്‌ക്രീൻ, ലെവൽ-2 എഡിഎഎസ്, 360-ഡിഗ്രി ക്യാമറ എന്നിവയാണ് മറ്റ് ഫീച്ചറുകൾ.
സ്പെസിഫിക്കേഷനുകൾ: സ്റ്റാൻഡേർഡ് മോഡലിന് സമാനമായ എഞ്ചിനിലാണ് മേബാക്ക് ഇക്യുഎസ് 680 നൈറ്റ് സീരീസ് വരുന്നത്. ഇലക്ട്രിക് എസ്‌യുവിയിൽ 122 കിലോവാട്ട് ബാറ്ററി പായ്‌ക്കാണ് സജ്ജീകരിച്ചിരിക്കുന്നത്. 640 ബിഎച്ച്‌പി കരുത്തും 950 എൾഎം ടോർക്കും ഉത്‌പാദിപ്പിക്കുന്നതാണ് ഇക്യുഎസ് 680 നൈറ്റ് സീരീസിലെ എഞ്ചിൻ. പൂർണമായി ചാർജ് ചെയ്‌താൽ മേബാക്ക് ഇക്യുഎസ് 680 നൈറ്റ് സീരീസിന് 600 കിലോമീറ്റർ വരെ റേഞ്ച് ലഭിക്കും.
Also Read:
- ബാറ്ററി തീർന്നാൽ സോളാറിൽ ഓടും: കിലോ മീറ്ററിന് ചെലവ് വെറും 50 പൈസ!! സോളാർ ഇലക്‌ട്രിക് കാർ വരുന്നു...
- ആക്‌ടിവയെ വെല്ലാൻ പുതിയ സുസുക്കി ആക്‌സസ് 125: വില 81,700 രൂപ
- ഫുൾ ചാർജിൽ 102 കിലോമീറ്റർ, ചാർജ് കഴിഞ്ഞാൽ ബാറ്ററി ഊരിമാറ്റി വേറെ ഘടിപ്പിക്കാം: ആക്‌ടിവയുടെ ഇലക്‌ട്രിക് സ്‌കൂട്ടർ എത്തിക്കഴിഞ്ഞു മക്കളേ...
- കാത്തിരിപ്പിനൊടുവിൽ സാംസങ് ഗാലക്‌സി എസ് 25 സീരീസ് എത്തി: വില, ക്യാമറ, ഡിസൈൻ, എഐ ഫീച്ചറുകൾ... അറിയേണ്ടതെല്ലാം
- സാംസങ് ഗാലക്‌സി എസ് 25 സ്ലിമ്മും ഐഫോൺ 17 എയറും വരുന്നു: അൾട്രാ സ്ലിം ഫോണുകളിൽ മികച്ചതേത്? താരതമ്യം ചെയ്യാം