ജോധ്പൂർ: പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്‌ത കുറ്റത്തിന് ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന സ്വയം പ്രഖ്യാപിത ആൾദൈവം ആശാറാം ചികിത്സയ്ക്കായി മുംബൈയിലേക്ക് പുറപ്പെട്ടു. ജോധ്പൂർ സെൻട്രൽ ജയിലിൽ കഴിയുന്ന ഇയാള്‍ക്ക് രാജസ്ഥാൻ ഹൈക്കോടതി നേരത്തെ പരോൾ അനുവദിച്ചിരുന്നു. ഇതിനെത്തുടർന്നാണ് യാത്ര.
കനത്ത സുരക്ഷയില്‍ ആംബുലൻസിലാണ് ആശാറാമിനെ വിമാനത്താവളത്തിലെത്തിച്ചത്. ആശാറാമിന്‍റെ അനുയായികളിൽ പലരും ഇയാളെ കാണാനായി വിമാനത്താവളത്തില്‍ എത്തിയിരുന്നു. എന്നാൽ പൊലീസ് ആരെയും സന്ദര്‍ശനത്തിന് അനുവദിച്ചില്ല. ആശാറാമിന്‍റെ അനുയായികളിൽ പലരും മുംബൈയിലേക്ക് വിമാന ടിക്കറ്റ് ബുക്ക് ചെയ്‌തതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
അനുയായികളെ നിരീക്ഷിക്കാൻ പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. കോടതി നിർദേശ പ്രകാരം ആശാറാമിനെ പൊലീസ് സംഘത്തോടൊപ്പം മുംബൈയിലേക്ക് അയച്ചിട്ടുണ്ടെന്നും അവിടെ നിന്ന് ഖപോളിയിലെ മാധവ് ബാഗ് ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകുമെന്നും രത്തനാഡ എസ്എച്ച്ഒ പ്രദീപ് ദംഗ പറഞ്ഞു.
ജോധ്പൂർ എയിംസിലെ മെഡിക്കൽ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് ആശാറാമിന് ഓഗസ്റ്റ് 13-ന് ജസ്റ്റിസ് പുഷ്പേന്ദ്ര ഭാട്ടി, ജസ്റ്റിസ് മൂന്നാരി ലക്ഷ്‌മൺ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഏഴ് ദിവസത്തെ പരോൾ അനുവദിച്ചത്. ഖപോളിയിൽ എത്തുന്നത് മുതൽ പരോൾ സമയം കണക്കാക്കുമെന്ന് രാജസ്ഥാൻ ഹൈക്കോടതി അടിയന്തര പരോളിന്‍റെ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.
Also Read :ഗുർമീത് റാം റഹീമിന് വീണ്ടും പരോള്‍; പുറത്തിറങ്ങുന്നത് പത്താം തവണ