ഹൈദരാബാദ് : ഒരു സിനിമ തുടങ്ങുന്നതിന് മുമ്പ് "ഈ ഉഷ കിരണലു" എന്ന ഗാനം കേൾക്കാത്ത തെലുഗു സംസാരിക്കുന്നവരുണ്ടാകില്ല. ഉഷ കിരൺ മൂവീസിന്‍റെ ബാനറിൽ, റാമോജി റാവു, നിരവധി ചിത്രങ്ങൾ നിർമിച്ച് സിനിമയോടുള്ള തന്‍റെ അഭിനിവേശം പ്രകടിപ്പിച്ചു. കൂടാതെ, മയൂരി ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സിലൂടെ അദ്ദേഹം നൂറുകണക്കിന് തെലുഗു, മറ്റ് ഭാഷ ചിത്രങ്ങൾ വിതരണം ചെയ്യുകയും ചെയ്‌തു. സിനിമ ഷൂട്ടിങ്ങിന് ഏറ്റവും അനുയോജ്യമായ റാമോജി ഫിലിം സിറ്റി സ്ഥാപിച്ചതിലൂടെ റാമോജി റാവു സിനിമ വ്യവസായത്തിന് നിസ്‌തുലമായ സംഭാവനകള്‍ നല്‍കി. അദ്ദേഹത്തിന്‍റെ വിയോഗം സിനിമ ലോകത്തിന് തീരാനഷ്‌ടമാണ്.
സിനിമ ഒരു കലാപരമായ വ്യവസായമാണെന്ന് വിശ്വസിച്ചിരുന്ന റാമോജി റാവു, അശ്ലീലത ഒഴിവാക്കി ഗുണനിലവാരമുള്ളതും വിനോദപ്രദവും വിജ്ഞാനപ്രദവുമായ സിനിമകൾ നിർമിക്കാനുള്ള ദൃഢനിശ്ചയത്തോടെയാണ് ഉഷ കിരൺ മൂവീസിന് രൂപം നൽകിയത്. തന്‍റെ അവസാന ശ്വാസം വരെ ഈ തീരുമാനത്തോട് പ്രതിബദ്ധതയുള്ള ദീർഘദർശിയായിരുന്നു അദ്ദേഹം. തെലുഗു സിനിമ പ്രേക്ഷകർക്ക് നല്ല സിനിമകൾ നൽകുന്നതിനായി 1983 മാർച്ച് രണ്ടിനാണ് ഉഷ കിരൺ മൂവീസ് സ്ഥാപിതമായത്. ഉഷ കിരൺ മൂവീസിലൂടെ 85-ലധികം സിനിമകൾ നിർമിച്ചത് വെറും താരശക്തി എന്നതിലുപരി കഥയുടെ ശക്തിയിലാണ്.
വിപണി മൂല്യമുള്ള നായകന്മാരെ ആശ്രയിക്കുന്നതിനുപകരം താരങ്ങളെ സൃഷ്‌ടിക്കുന്ന കഥകളിൽ റാമോജി റാവു വിശ്വസിച്ചു. 1984-ൽ, ഇതിഹാസ ഹാസ്യ സംവിധായകൻ ജന്ധ്യാലയുടെ സംവിധാനത്തിൽ, നരേഷും പൂർണിമയും ചേർന്ന് "ശ്രീവാരിക്കി പ്രേമലേഖ" എന്ന ചിത്രം നിർമിച്ചു, തെലുഗു സിനിമയിലേക്കുള്ള തന്‍റെ സുപ്രധാന പ്രവേശനം വൻ വിജയത്തോടെ അടയാളപ്പെടുത്തി.
കല്‍പ്പന സൃഷ്‌ടികളെക്കാൾ യഥാർഥ ജീവിതത്തിൽ നിന്നാണ് ശ്രദ്ധേയമായ കഥകൾ പിറക്കുന്നത് എന്ന് ഉഷ കിരൺ മൂവീസ് തെളിയിച്ചു. ഒരു ഹിന്ദി മാഗസിനിൽ വന്ന വാർത്തയെ ആസ്‌പദമാക്കി നിർമിച്ച "മയൂരി" ഒരു മാതൃകാപരമായ സിനിമയാണ്. അപകടത്തിൽ കാൽ നഷ്‌ടപ്പെട്ടെങ്കിലും കൃത്രിമ കാലുമായി നൃത്തത്തിൽ മികവ് തെളിയിച്ച സുധ ചന്ദ്രൻ അഭിനയിച്ച ചിത്രം അവരുടെ ജീവിതകഥ സ്‌ക്രീനിലെത്തിക്കുകയും അപാരമായ വിജയം നേടുകയും ചെയ്‌തു. "മയൂരി" രാജ്യത്തുടനീളമുള്ള ആളുകൾക്ക് ജയ്‌പൂർ കാൽ പരിചയപ്പെടുത്തി