ചെന്നൈ :രാമേശ്വരം കഫേ സ്ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രണ്ട് പ്രതികളുമായി ദേശീയ അന്വേഷണ സംഘം ചെന്നൈയില്‍ തെളിവെടുപ്പ് നടത്തി. പ്രതികള്‍ താമസിച്ച ഹോട്ടലിലായിരുന്നു പ്രധാനമായും തെളിവെടുപ്പ് നടത്തിയത്. ചെന്നൈയിലെ മറ്റ് ചിലയിടങ്ങളിലും പ്രതികളെ എത്തിച്ച് തെളിവെടുപ്പ് നടത്തി.
ഇവര്‍ തൊപ്പി വാങ്ങിയ മാളിലും പ്രതികളെ എത്തിച്ച് തെളിവെടുത്തു. ബെംഗളൂരു എന്‍ഐഎ ഉദ്യോഗസ്ഥരും തമിഴ്‌നാട് എന്‍ഐഎ ഉദ്യോഗസ്ഥരും ചേര്‍ന്നാണ് തെളിവെടുപ്പ് നടത്തിയത്.
കഴിഞ്ഞ മാസം ഒന്നിനാണ് ബെംഗളൂരുവിലെ രാമേശ്വരം കഫേയില്‍ സ്ഫോടനമുണ്ടായത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് എന്‍ഐഎ സംഘം പ്രതികളെ തിരിച്ചറിയുകയും ചെയ്‌തിരുന്നു. നേരത്തെ തന്നെ എന്‍ഐഎ തേടിക്കൊണ്ടിരുന്ന മുസാവിര്‍ സാഹിബും അബ്‌ദുള്‍ മദീന്‍ താഹയുമാണ് സ്ഫോടനത്തിന് പിന്നിലെന്ന് തിരിച്ചറിഞ്ഞു. പിന്നീട് ഇരുവരെയും കൊല്‍ക്കത്തയില്‍ നിന്ന് പിടികൂടി.