ബെംഗളൂരു: രാമേശ്വരം കഫേ സ്‌ഫോടനവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നയാളുടെ പുതിയ ചിത്രങ്ങള്‍ പുറത്തുവിട്ട് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ). എൻഐഎയുടെ എക്‌സ് ഹാന്‍ഡിലൂടെയാണ് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. പ്രതിയെ പിടികൂടാൻ സഹായിക്കുന്ന എന്തെങ്കിലും വിവരങ്ങള്‍ ലഭിച്ചാല്‍ പങ്കുവെക്കാനുള്ള ഫോൺ നമ്പറുകളും മെയിൽ ഐഡിയും ചിത്രത്തോടൊപ്പം ചേര്‍ത്തിട്ടുണ്ട്.
'രാമേശ്വരം കഫേ സ്‌ഫോടനവുമായി ബന്ധമുള്ള പ്രതിയെ തിരിച്ചറിയാൻ എൻഐഎ ആളുകളുടെ സഹകരണം തേടുന്നു. വിവരം ലഭിച്ചാല്‍ 08029510900, 8904241100 എന്നീ നമ്പറിൽ ബന്ധപ്പെടുക അല്ലെങ്കിൽ info.blr.nia@gov.in എന്ന ഐഡിയിലേക്ക് ഇമെയിൽ ചെയ്യുക. നിങ്ങളുടെ ഐഡന്‍റിറ്റി തികച്ചും രഹസ്യമായിരിക്കും, എൻഐഎ എക്‌സില്‍ കുറിച്ചു.
ബിഎംടിസി ബസിൽ യാത്ര ചെയ്യുകയും ബെല്ലാരി ബസ് സ്റ്റാൻഡിന് സമീപത്തായുമുള്ള പ്രതിയുടെ വീഡിയോകൾ നേരത്തെ എൻഐഎ പുറത്തുവിട്ടിരുന്നു. പ്രതിയെ കുറിച്ച് വിവരം നൽകുന്നവർക്ക് 10 ലക്ഷം രൂപ പാരിതോഷികം നൽകുമെന്നും ഏജൻസി പ്രഖ്യാപിച്ചിരുന്നു.
ബെംഗളൂരു പൊലീസിന്‍റെ സെൻട്രൽ ക്രൈംബ്രാഞ്ചിനൊപ്പം കേന്ദ്ര ഏജൻസിയും അന്വേഷണം ഏറ്റെടുത്തിട്ടുണ്ട്. ടീ ഷർട്ടും തൊപ്പിയും മാസ്‌കും ധരിച്ച് ബാഗുമായി പ്രതി കഫേയിൽ പ്രവേശിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്. കഫേയിൽ നിന്ന് ഭക്ഷണം കഴിച്ച ശേക്ഷം ഉപേക്ഷിച്ച ബാഗിൽ ഇംപ്രൊവൈസ്‌ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസ് (ഐഇഡി) ഘടിപ്പിച്ചതായി സംശയിക്കുന്നു.
സ്‌ഫോടനത്തിന് ശേഷം പ്രതികൾ ബസിൽ കയറി തുമകുരു, ബല്ലാരി, ബിദർ, ഭട്‌കൽ എന്നിവിടങ്ങളിലെ വിവിധ സ്ഥലങ്ങളിൽ സഞ്ചരിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി. തിരിച്ചറിയപ്പെടാതിരിക്കാൻ ഇയാൾ ഇടയ്ക്കിടെ രൂപമാറ്റം വരുത്തിയതായും എന്‍ഐഎ വെളിപ്പെടുത്തി.