ലഖ്‌നൗ:വാരാണസിയിലെ ഗ്യാന്‍വാപി മസ്‌ജിദില്‍ അടഞ്ഞ് കിടക്കുന്ന മുഴുവന്‍ നിലവറകളിലും എഎസ്‌ഐ സര്‍വേ നടത്തണമെന്നാവശ്യപ്പെട്ട് ഹിന്ദു വിഭാഗം നല്‍കിയ ഹര്‍ജി ഇന്ന് പരിഗണിക്കും. വിശ്വ വേദ സനാതന്‍ സംഘിന്‍റെ സ്ഥാപക അംഗമായ രാഖി സിങ്ങാണ് വാരാണസി കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഗ്യാന്‍വാപി മസ്‌ജിദില്‍ പൂജ ചെയ്യാന്‍ ഹിന്ദുക്കള്‍ക്ക് കോടതി അനുവദി നല്‍കിയതിന് തൊട്ടു പിന്നാലെയാണ് രാഖി സിങ് ഹര്‍ജി സമര്‍പ്പിച്ചത്.
അഭിഭാഷകരായ ബഹദൂർ സിങ്, അനുപം ത്രിവേദി, സൗരഭ് തിവാരി എന്നിവർ മുഖേനയാണ് രാഖി സിങ് ഹര്‍ജി സമര്‍പ്പിച്ചത്. മസ്‌ജിദില്‍ അടഞ്ഞ് കിടക്കുന്ന മുഴുവന്‍ നിലവറകളും എഎസ്‌ഐയെ കൊണ്ട് അളന്ന് തിട്ടപ്പെടുത്തണമെന്നും ഹര്‍ജിയില്‍ പരാതിക്കാരന്‍ ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല നിലവറകളുടെ രൂപരേഖയും ഹര്‍ജിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മസ്‌ജിദിന് ഉള്ളില്‍ രഹസ്യ നിലവറകള്‍ ഉണ്ടെന്നും അവയെല്ലാം പരിശോധിച്ച് സത്യങ്ങള്‍ പുറത്ത് കൊണ്ടുവരണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. അതേസമയം മസ്‌ജിദിന്‍റെ ഗ്രില്ലുകള്‍ തകര്‍ത്താണ് നിലവറയില്‍ വിഗ്രഹം സ്ഥാപിച്ചിരിക്കുന്നതെന്നും ഏതാനും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. ഗ്യാന്‍വാപി മസ്‌ജിദില്‍ ഹിന്ദു വിഭാഗത്തിന് പൂജ നടത്താന്‍ കോടതി അനുമതി നല്‍കിയതിന് തൊട്ടു പിന്നാലെയാണ് അര്‍ധ രാത്രിയില്‍ നിലവറയില്‍ വിഗ്രഹം സ്ഥാപിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്.