കോട്‌പുത്‌ലി-ബെഹ്‌റോർ : രാജസ്ഥാനിലെ കിരാത്‌പുരയില്‍ കുഴൽക്കിണറിൽ വീണ മൂന്ന് വയസുകാരിയെ രക്ഷിക്കാനുളള ശ്രമം പുരോഗമിക്കുന്നു. എൻഡിആർഎഫ് പ്രവര്‍ത്തകരും മറ്റ് ദുരന്തനിവാരണ സേനാംഗങ്ങളും സുരക്ഷാ ഉപകരണങ്ങളുമായി മണ്ണിനടിയിലേക്ക് പോയിരിക്കുകയാണെന്ന് സബ് ഇൻസ്പെക്‌ടർ മഹാവീർ സിങ് പറഞ്ഞു. തുരങ്കത്തിനുളളിലെ സേനാംഗങ്ങളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും അവരുടെ നിർദേശപ്രകാരമാണ് കുഴിയെടുക്കുന്നതെന്നും സബ് ഇന്‍സ്‌പെക്‌ടര്‍ വ്യക്തമാക്കി.
നിലവിലെ അവസ്ഥ എന്താണെന്ന് കൃത്യമായി പറയാൻ കഴിയില്ല. രക്ഷാപ്രവർത്തകർ തുരങ്കത്തിൽ നിന്ന് പുറത്തു വന്ന് കഴിഞ്ഞാൽ മാത്രമേ എത്രത്തോളം കുഴിച്ചിട്ടുണ്ടെന്ന് അറിയാന്‍ സാധിക്കൂ. ഓരോ സെക്കൻഡും തങ്ങൾ കുട്ടിയിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണെന്നും സബ് ഇന്‍സ്‌പെക്‌ടര്‍ പറഞ്ഞു.
പ്രദേശത്തെ കല്ലുകള്‍ രക്ഷാപ്രവര്‍ത്തനത്തിന് വലിയ വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. കല്ലുകള്‍ക്ക് സാധാരണയെക്കാള്‍ കട്ടി കൂടുതലായതിനാല്‍ പാറ മുറിക്കാന്‍ പ്രയാസമാണ്. ഇതിനായി പ്രത്യേക ഉപകരണങ്ങൾ ഓർഡർ ചെയ്‌തിട്ടുണ്ട്. മൈനിങ് ടീമിന്‍റെ സഹായവും ആവശ്യപ്പെട്ടിട്ടുണ്ട്. എത്രയും പെട്ടെന്ന് കുട്ടിയെ രക്ഷിക്കാനാകും എന്നാണ് പ്രതീക്ഷിക്കുന്നത്. പകുതിയോളം രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായെന്നും സബ് ഇന്‍സ്‌പെക്‌ടര്‍ അറിയിച്ചു.