ന്യൂഡൽഹി :യുവാക്കൾക്കായി രാഹുൽ ഗാന്ധി നല്‍കിയ അഞ്ച് വാഗ്‌ദാനങ്ങള്‍ ജനങ്ങളിലേക്കെത്തിക്കണമെന്നും ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പാർട്ടിയുടെ പ്രധാന അജണ്ടയായി അത് ഉയര്‍ത്തിക്കാട്ടണമെന്നും കേന്ദ്ര-സംസ്ഥാന നേതാക്കളോട് കോൺഗ്രസ് നേതൃത്വം. മാർച്ച് 7 ന് രാജസ്ഥാനിലെ ബൻസ്വാരയിൽ നടന്ന റാലിയിലാണ് രാഹുൽ ഗാന്ധി യുവാക്കള്‍ക്കുള്ള തന്‍റെ വാഗ്‌ദാനങ്ങള്‍ പ്രഖ്യാപിച്ചത്. രാഹുലിന്‍റെ വാഗ്‌ദാനങ്ങള്‍ രാജ്യവ്യാപകമായി പ്രചരിപ്പിക്കാനാണ് പാർട്ടി നിര്‍ദേശം. കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗങ്ങൾ, പിസിസി പ്രസിഡന്‍റുമാര്‍,സിഎൽപി നേതാക്കള്‍, എഐസിസി സെക്രട്ടറിമാര്‍ യൂത്ത് കോൺഗ്രസ്, മഹിള കോൺഗ്രസ് തുടങ്ങിയ സംഘടനകളുടെ മേധാവികള്‍ എന്നിവര്‍ക്ക് സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ഇതുസംബന്ധിച്ച് കത്ത് അയച്ചു.
'രാഹുല്‍ ഗാന്ധിയുടെ പ്രഖ്യാപനങ്ങളുടെ വ്യാപ്തിയും പ്രാധാന്യവും കണക്കിലെടുത്ത് രാജ്യത്തിന്‍റെ മുക്കിലും മൂലയിലും ഈ സന്ദേശം എത്തേണ്ടത് അത്യന്താപേക്ഷിതമാണ്. ഇതിനായി മാർച്ച് 8, 9 തീയതികളിൽ വാർത്താസമ്മേളനം നടത്തി വിവരങ്ങൾ പൊതുജനങ്ങളിലേക്ക് എത്തിക്കണം. രാജ്യത്തിന്‍റെ ഭാവി രൂപപ്പെടുത്തുന്നതിൽ യുവാക്കൾ വഹിക്കുന്ന പങ്ക് മനസിലാക്കി, തൊഴിലില്ലായ്മയെന്ന വെല്ലുവിളിയെ അഭിമുഖീകരിക്കുന്നതിൽ കൈകോർക്കുകയും നമ്മുടെ കാഴ്ചപ്പാട് പ്രചരിപ്പിക്കുകയും ചെയ്യേണ്ടത് പരമപ്രധാനമാണ്'- കത്തില്‍ പറയുന്നു.
പ്രതിവർഷം രണ്ട് കോടി തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുമെന്ന വാഗ്ദാനമാണ് 2014ൽ മോദിയെ പ്രധാനമന്ത്രിയാകാൻ സഹായിച്ചത്. എന്നാൽ ബി.ജെ.പി ഇപ്പോള്‍ അതിനെപ്പറ്റി സംസാരിക്കുന്നില്ലെന്നും കർണാടകയുടെ ചുമതലയുള്ള എഐസിസി സെക്രട്ടറി അഭിഷേക് ദത്ത് പറഞ്ഞു. നിങ്ങൾ തൊഴിലില്ലായ്‌മ പ്രതിസന്ധി ഉന്നയിക്കുന്ന നിമിഷം ശ്രദ്ധ തിരിക്കാനായി ബിജെപി പാകിസ്ഥാനെ കുറിച്ച് സംസാരിക്കാൻ തുടങ്ങും.
കഴിഞ്ഞ 45 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന തൊഴിലില്ലായ്‌മ നിരക്കാണ് നമ്മുടേത് എന്നതാണ് വസ്‌തുത. കേന്ദ്രസർക്കാര്‍ നയങ്ങളാണ് ഈ അവസ്ഥയ്ക്ക് കാരണം. ജോലിയില്ലാത്തതിനാല്‍ യുവാക്കൾ നിരാശരും അസ്വസ്ഥരുമാണ്. പൊലീസ് പരീക്ഷ റദ്ദാക്കിയതിനെതിരെ ഉത്തർപ്രദേശിൽ വൻ പ്രതിഷേധങ്ങൾ നടന്നത് നമ്മൾ കണ്ടതാണ്. മറ്റ് സ്ഥലങ്ങളിലും സമാനമായ പ്രതിഷേധങ്ങൾ നടന്നിട്ടുണ്ടെന്നും ദത്ത് ഇടിവി ഭാരതിനോട് പറഞ്ഞു.