കൊൽക്കത്ത: ഇതൊരു വിജയത്തിൻ്റെ കഥയാണ്. നിശ്ചയദാര്‍ഢ്യത്തോടെ കഠിനാധ്വാനം ചെയ്യാൻ തയ്യാറാണെങ്കില്‍ വിജയം നമ്മളെ തേടിവരുമെന്ന് തെളിയിക്കുകയാണ് സര്‍ഫറാസ് എന്ന യുവാവ്. പശ്ചിമ ബംഗാൾ മേദിനിപൂർ ജില്ലയിലെ ഒരു പാവപ്പെട്ട കുടുംബത്തിൽ ജനിച്ചതാണ് മൂന്ന് കുട്ടികളിൽ രണ്ടാമനായ സർഫറാസ്. ഒരു പാവപ്പെട്ട വീട്ടില്‍ ജനിച്ചതിനാല്‍ തന്നെ ചെറുപ്പം മുതൽ ഇഷ്‌ടിക ചുമക്കുന്നതിനായി സര്‍ഫറാസ് പോകുമായിരുന്നു. പൊള്ളുന്ന ചൂടിൽ 400 ഇഷ്‌ടിക ചുമന്ന് കഴിഞ്ഞാൽ വേതനമായി മുന്നൂറ് രൂപ ലഭിക്കുമായിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
സർഫറാസിൻ്റെ അമ്മയുടെ ആഗ്രഹം അവൻ ഒരു ഡോക്‌ടറാകണമെന്നായിരുന്നു. അതിനാൽ പകൽ മുഴുവൻ കഷ്‌ടപ്പെടുകയും രാത്രിയായിക്കഴിഞ്ഞാൽ അവൻ്റെ പൊടിപിടിച്ച കൈകൾ പുസ്‌തകത്താളുകളിലൂടെ കടന്നുപോകുകയും ചെയ്യും. കഷ്‌ടപ്പാടുകൾക്കിടയിലും തൻ്റെ അമ്മയുടെ സ്വപ്‌നം യാഥാർഥ്യമാക്കുന്നതിൽ നിന്ന് സര്‍ഫറാസ് പിന്നോട്ട് പോയില്ല. കഠിനാധ്വാനത്തിന്‍റെയും പരിശ്രമത്തിന്‍റെയും ഫലമായി അങ്ങനെ അവൻ്റെ സ്വപ്‌നം പൂവണിഞ്ഞു. ഇഷ്‌ടിക പിടിച്ച കൈകൊണ്ട് സ്റ്റെതസ്കോപ്പിലേക്കുള്ള യാത്ര, അത് ഒരിക്കലും അത്ര എളുപ്പമായിരുന്നില്ല.
നീറ്റിൽ യോഗ്യത നേടിയ സർഫറാസ് ഇപ്പോൾ നീൽ രത്തൻ സിർകാർ മെഡിക്കൽ കോളജിൽ തൻ്റെ ക്ളാസുകളിൽ തിരക്കിലാണ്. വളരെ അഭിമാനത്തോടെയാണ് വെള്ള കോട്ടും സ്റ്റെതസ്കോപ്പും ധരിച്ച് അവൻ നിൽക്കുന്നത്.
"ഞാൻ ഒരു ഡോക്‌ടറാകണമെന്നത് എൻ്റെ അമ്മയുടെ സ്വപ്‌നമായിരുന്നു. അതിനാൽ അമ്മയുടെ സ്വപ്‌നം എത്ര കഷ്‌ടപ്പെട്ടിട്ടാണെങ്കിലും യാഥാർഥ്യമാക്കാൻ ഞാൻ തീരുമാനിച്ചു. നീറ്റിലെ മൂന്നാമത്തെ ശ്രമമായിരുന്നു. ഈ പ്രാവശ്യവും എനിക്ക് മെഡിക്കൽ സീറ്റ് ലഭിച്ചില്ലെങ്കിൽ ഞാൻ തീർച്ചയായും ഇത് ഉപേക്ഷിച്ചേനെ". സർഫറാസ് പറഞ്ഞു. നീറ്റ് പരീക്ഷയിൽ 720ൽ 677 സ്‌കോർ നേടിയാണ് സർഫറാസ് തൻ്റെ അമ്മയുടെ സ്വപ്‌നം യാഥാർഥ്യമാക്കിയത്.
സാമ്പത്തിക ബുദ്ധിമുട്ടുകൾ നിറഞ്ഞതായിരുന്നു സർഫറാസിൻ്റെ ബാല്യകാലം. പഠനത്തിൽ മികവ് പുലർത്തിയ അവന് നാഷണൽ ഡിഫൻസ് അക്കാദമിയിൽ ചേരുവാൻ ആഗ്രഹമുണ്ടായിരുന്നു. തൻ്റെ ആഗ്രഹപ്രകാരം അക്കാദമിയിൽ ചേരുന്നതിനുള്ള പ്രാരംഭ ഘട്ടം പൂർത്തിയാക്കി. എന്നാൽ അവനെ ഭാഗ്യം തുണച്ചില്ല. യോഗ്യത നേടാനുള്ള അവസാന ഘട്ടത്തിലേക്ക് കടക്കവേ ഒരു അപകടം അവൻ്റെ പ്രതീക്ഷകളെല്ലാം തകർത്തു.
എന്നാൽ കൊവിഡ് മഹാമാരി സർഫറാസിൻ്റെ ജീവിതത്തിൽ വഴിത്തിരിവുണ്ടാക്കി. ധനസഹായം കിട്ടിയ പണത്തിൽ നിന്ന് ഒരു സ്‌മാർട്ട്ഫോൺ വാങ്ങി. പിന്നീട് നീറ്റിന് തയ്യാറെടുപ്പ് നടത്താനും തുടങ്ങി. യൂട്യൂബ് കണ്ട് പഠിക്കാനും തുടങ്ങി. അവസാനം ഒരു ഓൺലൈൻ കോഴ്‌സിന് ചേർന്നു.
"കൂലിപ്പണിക്കാരനായ പിതാവിനൊപ്പം ചില സമയങ്ങളിൽ രാവിലെ മുതൽ ഉച്ചവരെ ജോലി ചെയ്യുമായിരുന്നു. പിന്നെ വീട്ടിൽ പോയി ഏഴു മണിക്കൂർ തുടർച്ചയായി പഠിക്കുക പതിവായിരുന്നു. കഴിഞ്ഞ മൂന്ന് വർഷമായി ഇതായിരുന്നു എൻ്റെ ദിനചര്യ". സർഫറാസ് പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
തിരിച്ചടികൾ സർഫറാസിനെന്നും മുതൽകൂട്ടായിരുന്നു. 2023ൽ നീറ്റ് പാസായി ഡെൻ്റൽ കോളജിൽ പ്രവേശനം ലഭിച്ചെങ്കിലും ചെലവ് താങ്ങാനാവാതെ പോയില്ല. എന്നിട്ടും തളരാൻ സർഫറാസ് തയ്യാറായില്ല. എന്നെങ്കിലും താൻ വിജയിക്കുമെന്ന് പ്രതീക്ഷിച്ചു. അവസാനത്തെ ശ്രമമെന്നോണം നീറ്റിന് ഒരുങ്ങി.
അവസാനത്തെ അവൻ്റെ പരിശ്രമത്തിൽ വിജയം നേടി. നീറ്റിൽ നല്ല മാർക്കോടുകൂടി പാസായി. അവൻ്റെ ഇപ്പോഴത്തെ ആഗ്രഹം നല്ലൊരു ഡോക്‌ടറാകണമെന്ന് മാത്രമല്ല. തൻ്റെ ഗ്രാമത്തിലുള്ളവരെക്കൂടി സഹായിക്കണമെന്നാണ്. തൻ്റെ യാത്രയിൽ ഒരു ഗ്രാമം മുഴുവൻ കൂടെനിന്നു. ഇനി അവരെ തിരിച്ച് സഹായിക്കുന്നതിനുള്ള ഊഴമാണെന്ന് സർഫറാസ് പറയുന്നു.