ഹത്രാസ് (യുപി): 2020 സെപ്‌റ്റംബറിൽ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദലിത് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാൻ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വ്യാഴാഴ്‌ച രാവിലെ ഹത്രാസിലെത്തി. രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശന വേളയില്‍ ജില്ലയിലെ ചന്ദ്പ പ്രദേശത്തെ കുഗ്രാമത്തിലും പരിസരത്തും പൊലീസിനെ വിന്യസിച്ചു. കനത്ത സുരക്ഷയാണ് പൊലീസ് ഏര്‍പ്പെടുത്തിയത്.
രാവിലെ 11.15 ഓടെ ബൂൽ ഗാർഹി ഗ്രാമത്തിലാണ് കോണ്‍ഗ്രസ് എംപി എത്തിയത്. രാഹുൽ ഗാന്ധി വ്യാഴാഴ്‌ച കുടുംബത്തെ സന്ദർശിക്കുമെന്ന് നേരത്തെ ഉത്തർപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ അജയ് റായ് വ്യക്തമാക്കിയിരുന്നു. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും രാജ്യത്തുടനീളമുള്ള ദുരിതബാധിതര്‍ക്കൊപ്പം നില്‍ക്കുന്ന നേതാക്കളാണെന്ന് ഹത്രാസിലെ കോൺഗ്രസ് നേതാവ് ചന്ദ്രഗുപ്‌ത വിക്രമാദിത്യ ദേശീയ മാധ്യമത്തോട് പ്രതികരിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
രാഹുലും പ്രിയങ്കയും 2020 ഒക്ടോബർ 3ന് കുടുംബത്തെ സന്ദര്‍ശിക്കുകയും കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിന് നീതി ഉറപ്പാക്കാൻ പോരാടുമെന്ന് പ്രഖ്യാപിക്കുകയും ചെയ്‌തിരുന്നു. അതേസമയം, രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനത്തെ എതിര്‍ത്ത് ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക് രംഗത്തെത്തി.
സംഭാലായാലും ഹത്രാസായാലും രാഹുല്‍ ഗാന്ധി സന്ദർശനം നടത്തുന്നത് വെറുതെ ആളുകള്‍ക്ക് ഇടയില്‍ ശ്രദ്ധ നേടാനാണെന്നും ഹത്രാസ് കേസില്‍ സിബിഐ അന്വേഷണം നടത്തിയെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപി ഭരണത്തിൽ ഒരു കുറ്റവാളിയെയും വെറുതെ വിടാൻ അനുവദിക്കില്ലെന്നും ബിജെപി നേതാവ് കൂട്ടിച്ചേര്‍ത്തു.
രാഹുല്‍ ഗാന്ധിയെ സന്ദർശനത്തെ കുറിച്ച് വിമര്‍ശനവുമായി യുപി ന്യൂനപക്ഷ ക്ഷേമ മന്ത്രി ഓം പ്രകാശ് രാജ്ഭരും രംഗത്തെത്തി. കേസിന്‍റെ വസ്‌തുതകളെക്കുറിച്ച് രാഹുലിന് അറിവില്ലെന്നും, സിബിഐ അന്വേഷണം വളരെക്കാലമായി നടന്നിട്ടുണ്ടെന്നും ബിജെപി നേതാവ് പ്രതികരിച്ചു. രാഹുല്‍ ഗാന്ധി ഇപ്പോള്‍ ഹത്രാസ് സന്ദര്‍ശിക്കുന്നത് പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാക്കാൻ വേണ്ടിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
2020 സെപ്‌റ്റംബറിലാണ് ഹത്രാസില്‍ പത്തൊൻപതുകാരിയായ ദലിത് യുവതിയെ സവർണരായ നാല് പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്‌തത്. ശേഷം, ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞ പെണ്‍കുട്ടി മരണത്തിന് കീഴടങ്ങുകകയായിരുന്നു. സംഭവത്തിന് ശേഷം നാല് വര്‍ഷം കഴിഞ്ഞിട്ടും പെണ്‍കുട്ടിയുടെ കുടുംബം ഇതുവരെ ചിതാഭസ്‌മം നിമജ്ജനം ചെയ്യാൻ തയ്യാറായിട്ടില്ല. തങ്ങള്‍ ഇപ്പോഴും നീതിക്കായി കാത്തിരിക്കുകയാണെന്ന് കുടുംബം പ്രതികരിച്ചിരുന്നു.
ഒക്‌ടോബർ 30 ന് പുലർച്ചെ പെണ്‍കുട്ടിയുടെ മൃതദേഹം സംസ്‌കരിച്ചിരുന്നു, രാത്രിയുടെ മറവിൽ അന്ത്യകർമങ്ങൾ നടത്താൻ ലോക്കൽ പൊലീസ് നിർബന്ധിച്ചതായി കുടുംബം നേരത്തെ ആരോപിച്ചിരുന്നു. അതേസമയം, കേസിലെ മൂന്ന് പ്രതികളെ വെറുതെ വിടുകയും ഒരാള്‍ക്ക് മാത്രം ജീവപര്യന്തം തടവ് ശിക്ഷ വിധിക്കുകയും ചെയ്‌തിരുന്നു.
Read Also:രാഹുൽ ഗാന്ധിയുടെ സംഭാൽ സന്ദര്‍ശനം; തടയാന്‍ സജ്ജമായി ഭരണകൂടവും പൊലീസും