നാഗോൺ : ഭാരത് ജോഡോ ന്യായ് യാത്രയ്‌ക്കെതിരെ പ്രതിഷേധിച്ച് രംഗത്തെത്തിയ ബിജെപി പ്രവർത്തകർക്ക് ഫ്ലൈയിങ് കിസ് നൽകി രാഹുൽ ഗാന്ധി. ഇന്നലെ അസമിലെ യാത്രയ്ക്കിടെ സോനിത്പൂർ ജില്ലയിലെ ജമുഗുരിഹാട്ടിലായിരുന്നു സംഭവം. ജയ് ശ്രീറാം, മോദി മോദി മുദ്രാവാക്യങ്ങളുമായി ഏതാനും പ്രവർത്തകർ ബസിന് മുന്നിലെത്തിയപ്പോഴാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
പ്രതിഷേധം കണ്ട രാഹുൽ തൻ്റെ വാഹനം നിർത്താൻ ആവശ്യപ്പെടുകയും പുറത്തിറങ്ങി പ്രതിഷേധക്കാരോട് സംസാരിക്കാൻ ശ്രമിക്കുകയുമായിരുന്നു. സ്ഥിതിഗതികൾ കൈവിട്ടുപോകുമെന്ന സാഹചര്യം വന്നപ്പോൾ സുരക്ഷാ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചാണ് രാഹുലിനെ തിരികെ വാഹനത്തിലേക്ക് കയറ്റിയത്. പ്രവർത്തകർക്ക് ഫ്ലൈയിങ് കിസ് നൽകിക്കൊണ്ടാണ് രാഹുല്‍ ഗാന്ധി അവിടെനിന്ന് മുന്നോട്ട് നീങ്ങിയത്.
സംഭവത്തിന് ശേഷം തങ്ങളുടെ സ്നേഹത്തിൻ്റെ കട എല്ലാവർക്കുമായി തുറന്നിരിക്കുകയാണെന്ന് രാഹുൽ തൻ്റെ എക്‌സിൽ കുറിച്ചു. സംഭവത്തിൻ്റെ വീഡിയോയും അദ്ദേഹം പോസ്‌റ്റിനൊപ്പം ചേർത്തു. പിന്നാലെ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയോ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയേയോ കോൺഗ്രസ് ഭയപ്പെടുന്നില്ലെന്ന് രാഹുൽ തുറന്നടിച്ചു.