ന്യൂഡൽഹി:വയനാട് ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി ലോക്‌സഭയിൽ ആവശ്യപ്പെട്ടു. ദുരിതബാധിതരുടെ നഷ്‌ടപരിഹാര തുക ഉയർത്തുക, സമഗ്രമായ പുനരധിവാസ പാക്കേജ് നൽകുക, ദുരന്തത്തെ പ്രതിരോധിക്കുന്ന അടിസ്ഥാന സൗകര്യങ്ങൾ നിർമിക്കുക എന്നീ ആവശ്യങ്ങളും അദ്ദേഹം സഭയില്‍ ഉന്നയിച്ചു. ദുരന്തമുഖത്ത് രക്ഷാപ്രവർത്തനം നടത്തിയവര്‍ക്കും ദുരിത ബാധിതരെ സഹായിച്ചവര്‍ക്കും രാഹുല്‍ ഗാന്ധി നന്ദിയും അറിയിച്ചു.
'ദുരിതബാധിതരെ നേരിൽ കണ്ട വ്യക്തിയാണ് ഞാൻ. ദുരന്തം നടന്ന പലയിടങ്ങളിലും ഞാൻ പോയി. ദുരന്തത്തിൽ ചിലയിടങ്ങളിൽ ഒരു കുടുംബമൊന്നാകെ ഇല്ലാതായിട്ടുണ്ട്. ചിലയിടത്ത് മുതിർന്നവരോ കുട്ടികളോ ആയി ഒരാൾ മാത്രമാണ് അവശേഷിക്കുന്നത്'. വയനാട്ടിലെ ഉരുൾപൊട്ടലിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കേണ്ടതിൻ്റെ ആവശ്യകതയെ ചൂണ്ടിക്കാട്ടി കൊണ്ടുള്ള അദ്ദേഹത്തിന്‍റെ വാക്കുകളാണിത്.