ഹൈദരാബാദ് : രാഹുല്‍ ഗാന്ധി നിലനിര്‍ത്തുക വയനാടോ റായ്‌ബറേലിയോ?. ഈ ചോദ്യത്തിന്‍റെ ഉത്തരം അറിയാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാത്രമല്ല രാഷ്ട്രീയ എതിരാളികള്‍ പോലും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഈ സസ്പെന്‍സ് ഏറെക്കാലം നീട്ടാനാവില്ലെന്നാണ് ഭരണഘടനാ വിദഗ്‌ധരും പാര്‍ലമെന്‍ററി വിദഗ്‌ധരും വ്യക്തമാക്കുന്നത്. തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി രണ്ട് മണ്ഡലങ്ങളില്‍ നിന്ന് ലോക്‌സഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു. വയനാട്ടില്‍ നിന്നും റായ്ബറേലിയില്‍ നിന്നും.
"വരണാധികാരിയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടതായുള്ള സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റിയതുമുതല്‍ രാഹുല്‍ ഗാന്ധി ഈ രണ്ടുമണ്ഡലങ്ങളില്‍ നിന്നുമുള്ള പാര്‍ലമെന്‍റ് അംഗമാണ്. പക്ഷേ ഇന്ത്യന്‍ ഭരണഘടനയനുസരിച്ച് ഒരാള്‍ക്ക് രണ്ട് മണ്ഡലങ്ങളില്‍ നിന്നുള്ള എംപി സ്ഥാനം ഒരുമിച്ച് വഹിക്കാനാവില്ല. ചട്ടമനുസരിച്ച് തെരഞ്ഞെടുക്കപ്പെട്ട് 14 ദിവസത്തിനകം രണ്ടുമണ്ഡലങ്ങളില്‍ ഏതെങ്കിലുമൊന്ന് ജനപ്രതിനിധി രാജിവയ്ക്കണം. രാഹുല്‍ ഗാന്ധിയുടെ കാര്യത്തില്‍ അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത് ജൂണ്‍ നാലിനായതിനാല്‍ ജൂണ്‍ പതിനെട്ടിനകം അദ്ദേഹത്തിന് ഏതെങ്കിലുമൊരു എംപി സ്ഥാനം രാജിവയ്‌ക്കേണ്ടി വരും. അങ്ങനെ വന്നാല്‍ ആറ് മാസത്തിനകം അവിടെ ഉപതെരഞ്ഞെടുപ്പ് നടത്തി പകരം എംപി യെ തെരഞ്ഞെടുക്കണമെന്നാണ് ചട്ടം". ലോക്‌സഭ മുന്‍ സെക്രട്ടറി ജനറല്‍ പി ഡി ടി ആചാരി ഇടിവി ഭാരതിനോട് പറഞ്ഞു.
നിയമം ഇതാണെങ്കിലും രാഹുല്‍ ഗാന്ധിക്ക് ജൂണ്‍ പതിനെട്ട് വരെ കാത്തിരിക്കാനാവില്ല എന്നതാണ് യാഥാര്‍ഥ്യം. അതിനുമുമ്പ് ലോക്‌സഭ സമ്മേളിക്കാന്‍ എല്ലാ സാധ്യതയുമുണ്ട്. പതിനെട്ടാം ലോക്‌സഭ തെരഞ്ഞെടുപ്പിന് ശേഷം പുതിയ സര്‍ക്കാര്‍ ഞായറാഴ്‌ച സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേല്‍ക്കും. ലോക് സഭ വിളിച്ചുചേര്‍ക്കാനുള്ള തീയതി തീരുമാനിക്കുകയാണ് മന്ത്രിസഭയുടെ ആദ്യ അജണ്ടകളിലൊന്ന്. സഭ ചേരാനുള്ള തീയതി തീരുമാനിച്ചാല്‍ തെരഞ്ഞെടുക്കപ്പെട്ട മുഴുവന്‍ എംപി മാര്‍ക്കും ലോക്‌സഭ സെക്രട്ടറിയേറ്റില്‍ നിന്ന് അറിയിപ്പ് അയക്കും. പ്രോടേം സ്‌പീക്കറുടെ അധ്യക്ഷതയില്‍ സഭ ചേരുമ്പോള്‍ ആദ്യ നടപടി ക്രമം അംഗങ്ങളുടെ സത്യ പ്രതിജ്ഞയാണ്. ആ സമയത്തിനകം മണ്ഡലം തീരുമാനിച്ച് ലോക് സഭ സെക്രട്ടറിയേറ്റിനെ അറിയിക്കേണ്ടി വരും.
ഒന്നിലേറെ എംപിമാരുള്ള നിരവധി കക്ഷികളുള്ള സര്‍ക്കാരിന് നേരിയ ഭൂരിപക്ഷം മാത്രമുള്ള പതിനെട്ടാം ലോക് സഭയില്‍ സ്‌പീക്കര്‍ക്ക് വലിയ പങ്ക് നിറവേറ്റാനുണ്ടെന്ന് പി ഡി ടി ആചാരി പറഞ്ഞു. മൂന്നില്‍ രണ്ട് അംഗങ്ങളുടെ പിന്തുണയോടെ രാഷ്ട്രീയ കക്ഷികള്‍ പിളര്‍ന്ന് മറ്റേതെങ്കിലും കക്ഷികളില്‍ ലയിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. പക്ഷേ അതത് രാഷ്ട്രീയ കക്ഷിയുടെ ദേശീയ അധ്യക്ഷന്‍റെ അനുമതിയോടെയല്ലാത്ത അത്തരം ലയനങ്ങളെ സ്‌പീക്കര്‍ക്ക് അംഗീകരിക്കാനാവില്ല. ബന്ധപ്പെട്ട രാഷ്ട്രീയ പാര്‍ട്ടി അധ്യക്ഷന്‍റെ കത്ത് കൂടി ഉണ്ടെങ്കിലേ അത്തരം സാഹചര്യത്തില്‍ പിളര്‍ന്നുമാറിയ അംഗങ്ങള്‍ക്ക് അയോഗ്യതയില്‍ നിന്ന് ഒഴിവാകാനാവൂ എന്നും പി ഡി ടി ആചാരി പറഞ്ഞു.
Also Read:'രാജ്യത്തെ അതിവേഗം മുന്നോട്ട് നയിക്കും, യുവാക്കള്‍ക്കായി കൂടുതല്‍ പദ്ധതികള്‍ നടപ്പിലാക്കും':നരേന്ദ്ര മോദി