കേരളം

kerala

ETV Bharat / bharat

'ജനങ്ങള്‍ കഠിനാധ്വാനം ചെയ്യുന്നു, പക്ഷേ ലാഭം കൊയ്യുന്നത് മറ്റുചിലര്‍'; മോദി സര്‍ക്കാരിനെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി - RAHUL GANDHI SLAMS BJP GOVERNMENT

സമ്പദ്‌വ്യവസ്ഥയിൽ ഉൽപ്പാദനമേഖലയുടെ പങ്ക് 60 വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി

RAHUL GANDHI ON ECONOMIC POLICIES  DEVELOPMENT IS EVERYONE PROGRESSES  RAHUL ABOUT FARMERS AND EMPLOYMENT  രാഹുല്‍ ഗാന്ധി
Rahul Gandhi (IANS)

By ETV Bharat Kerala Team

Published : Jan 21, 2025, 3:03 PM IST

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും കേന്ദ്ര സര്‍ക്കാരിനെതിരെയും രൂക്ഷ വിമര്‍ശനവുമായി ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. മോദി സർക്കാരിന്‍റെ സാമ്പത്തിക നയങ്ങൾക്കെതിരെയാണ് കോൺഗ്രസ് നേതാവ് രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. രാജ്യത്തെ ജനങ്ങള്‍ കഠിനാധ്വാനം ചെയ്യുന്നുവെന്നും, എന്നാല്‍ അതിന്‍റെ ലാഭം കൊയ്യുന്നത് മറ്റുചിലര്‍ ആണെന്നും രാഹുല്‍ വിമര്‍ശിച്ചു.

"യഥാര്‍ഥത്തില്‍ മോദി ജിയുടെ വികസിത ഇന്ത്യ എന്നാല്‍ നിങ്ങളുടെ കഠിനാധ്വാനമാണ്, എന്നാല്‍ ആരാണ് ലാഭം കൊയ്യുന്നത്? രാജ്യത്തിന്‍റെ സമ്പദ്‌വ്യവസ്ഥ വളരുന്നത് നിങ്ങളുടെ വിയർപ്പും രക്തവും കൊണ്ടാണ്, പക്ഷേ അതിൽ നിന്ന് നിങ്ങൾക്ക് ന്യായമായ പങ്ക് ലഭിക്കുന്നുണ്ടോ? എന്ന് ഒന്ന് ചിന്തിക്കൂ," അദ്ദേഹം എക്‌സില്‍ കുറിച്ചു.

സമ്പദ്‌വ്യവസ്ഥയിൽ ഉൽപ്പാദനമേഖലയുടെ പങ്ക് 60 വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തി, ഇതുമൂലം ജനങ്ങൾ തൊഴിലിനായി ബുദ്ധിമുട്ടുകയാണെന്നും അദ്ദേഹം പറഞ്ഞു. കാർഷിക മേഖലയിലെ തെറ്റായ നയങ്ങൾ കർഷകരെ കൂടുതല്‍ പ്രതിസന്ധിയിലാക്കി, അവർക്ക് ജീവിതത്തിന്‍റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ കഴിയുന്നില്ലെന്നും രാഹുല്‍ വ്യക്തമാക്കി.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ജിഎസ്‌ടിയും ആദായനികുതിയും ദരിദ്രരുടെയും ഇടത്തരക്കാരുടെയും ജീവിതം കൂടുതല്‍ ദുഷ്‌കരമാക്കി, അതേസമയം കോർപ്പറേറ്റ് വായ്‌പകൾ എഴുതിത്തള്ളുന്നു. കുതിച്ചുയരുന്ന പണപ്പെരുപ്പം കാരണം ഇപ്പോൾ ദരിദ്രർ മാത്രമല്ല, ഇടത്തരക്കാരും വായ്‌പയെടുക്കാൻ നിർബന്ധിതരാകുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

എല്ലാവര്‍ക്കും ഒരുപോലെ പുരോഗമനം ഉണ്ടാകുമ്പോള്‍ മാത്രമാണ് യഥാർഥ വികസനം ഉണ്ടാകുന്നത്. വ്യവസായങ്ങള്‍ക്ക് രാജ്യത്ത് ഒരു ന്യായമായ അന്തരീക്ഷം ഉണ്ടാകണം. ന്യായമായ ഒരു നികുതി സമ്പ്രദായം ഉണ്ടാക്കിയെടുക്കണം, തൊഴിലാളികളുടെ വരുമാനം വർധിപ്പിക്കണമെന്നും എങ്കില്‍ മാത്രമേ രാജ്യം സമ്പന്നവും ശക്തവുമാകൂ എന്ന് രാഹുല്‍ ഗാന്ധി ഊന്നിപ്പറഞ്ഞു.

നേരത്തെ വെള്ള ടീഷര്‍ട്ട് സമരവുമായി രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു. രാജ്യത്തെ യുവാക്കളും തൊഴിലാളികളും വെള്ള ടീഷര്‍ട്ട് ധരിച്ച് അസമത്വത്തിന് എതിരായ സമരത്തില്‍ പങ്കുചേരണമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. പരമാവധി ആളുകള്‍ വെള്ള ടീഷര്‍ട്ട് ധരിച്ച് സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഈ പ്രചാരണത്തിനായി ഒരു വെബ്‌സൈറ്റും അദ്ദേഹം തയാറാക്കിയിരുന്നു.

നരേന്ദ്ര മോദി സര്‍ക്കാര്‍ ദരിദ്രര്‍ക്കുനേരെ പുറംതിരിഞ്ഞ് നില്‍ക്കുകയാണ്. ഇതിനെതിരായി പോരാടണം. ചില കുത്തകശക്തികളെ കൂടുതല്‍ സമ്പന്നരാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. പാവപ്പെട്ടവരുടെയും സാധാരണക്കാരുടെയും സ്ഥിതി കൂടുതല്‍ വഷളാവുകയാണ്. അവര്‍ പലതരത്തിലുള്ള അനീതികളും പീഡനങ്ങളുമാണ് ഏറ്റുവാങ്ങേണ്ടിവരുന്നതെന്നും രാഹുല്‍ വിമര്‍ശിച്ചിരുന്നു.

Read Also:അമിത് ഷാ കൊലപാതകിയെന്ന പരാമര്‍ശം; മാനനഷ്‌ടക്കേസില്‍ രാഹുല്‍ ഗാന്ധിക്ക് ആശ്വാസം, നടപടി സ്റ്റേ ചെയ്‌ത് സുപ്രീം കോടതി

ABOUT THE AUTHOR

...view details