കൊല്‍ക്കത്ത :ഇന്ത്യ സഖ്യത്തിനുള്ളിലെ രാഷ്‌ട്രീയ അലയൊലികൾക്കിടയിൽ രാഹുൽ ഗാന്ധിയുടെ 'ഭാരത് ജോഡോ ന്യായ് യാത്ര' വ്യാഴാഴ്‌ച അസമിൽ നിന്ന് പശ്ചിമ ബംഗാളിലേക്ക് പ്രവേശിക്കും. വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാളിൽ സ്വതന്ത്രമായി മത്സരിക്കുമെന്ന് തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധി ബംഗാൾ യാത്ര ആരംഭിക്കുന്നത് (Bharat Jodo In Didi's Bastion). മമത ബാനർജിയുടെ പ്രഖ്യാപനത്തിന് പിന്നാലെ പഞ്ചാബിൽ ഒറ്റയ്ക്ക് മത്സരിക്കാൻ എഎപിയും (Aam Aadmi Party) തീരുമാനിച്ചിരുന്നു.
പൊലീസ് പരിശോധനയുടെ ഭാഗമായി ജനുവരി 28 ന് നഗരത്തിൽ പ്രവേശിക്കരുതെന്ന് ജൽപായ്‌ഗുരി ഭരണകൂടം രാഹുല്‍ ഗാന്ധിയോട് അഭ്യർത്ഥിച്ചു. പശ്ചിമ ബംഗാളിന്‍റെ വടക്ക് ഭാഗത്തുള്ള കൂച്ച് ബെഹാർ ജില്ലയിലെ ബക്ഷിർഹട്ട് വഴിയാണ് യാത്ര സംസ്ഥാനത്തേക്ക് പ്രവേശിക്കുന്നത്. ജനുവരി 26 - 27 തീയതികളിൽ യാത്ര ജൽപായ്‌ഗുരി, അലിപുർദുവാർ, ഉത്തർ ദിനാജ്‌പൂർ, ഡാർജിലിംഗ് ജില്ലകളിലൂടെ കടന്നുപോകും, ജനുവരി 29 ന് ബിഹാറിൽ പ്രവേശിക്കും. ജനുവരി 31 ന് മാൾഡ വഴി വീണ്ടും പശ്ചിമ ബംഗാളിൽ പ്രവേശിക്കുന്ന യാത്ര മുർഷിദാബാദിലൂടെ കടന്നുപോകും. ഫെബ്രുവരി ഒന്നിന് സംസ്ഥാനം വിടുന്നതിന് മുമ്പ് കോൺഗ്രസിന്‍റെ രണ്ട് ശക്തികേന്ദ്രങ്ങളിലും പര്യടനം നടത്തും.
ആറ് ജില്ലകളിലും ആറ് ലോക്‌സഭാ മണ്ഡലങ്ങളിലുമായി 523 കിലോമീറ്ററാണ് യാത്ര പിന്നിടുക. ഡാർജിലിംഗ്, റായ്‌ഗഞ്ച്, നോർത്ത്, സൗത്ത് മാൾഡ, മുർഷിദാബാദ് എന്നിവിടങ്ങളിലൂടെ അഞ്ച് ദിവസങ്ങളിലായാണ് യാത്ര കടന്നുപോകുന്നത്. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം രാഹുൽ ഗാന്ധിയുടെ ആദ്യ സംസ്ഥാന സന്ദർശനമാണിത്.