ന്യൂഡൽഹി :ഹിന്ദുമതം എന്നാല്‍ ഭയവും വിദ്വേഷവും അസത്യവും പ്രചരിപ്പിക്കാനുള്ളതല്ലെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ലോക്‌സഭയിൽ. പാർലമെന്‍റിന്‍റെ സംയുക്ത സമ്മേളനത്തിൽ രാഷ്‌ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചർച്ചയ്ക്കിടെയാണ് രാഹുലിന്‍റെ പരാമർശം.
രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടുകയും മുഴുവൻ ഹിന്ദു സമൂഹത്തെയും അക്രമാസക്തരെന്ന് വിളിക്കുന്നത് ഗുരുതരമായ പ്രശ്നമാണെന്ന് പ്രസ്‌താവിക്കുകയും ചെയ്‌തു. ബിജെപിയും ആർഎസ്എസും എന്നാല്‍ മുഴുവന്‍ ഹിന്ദു സമൂഹം എന്നല്ല അര്‍ഥമെന്ന് രാഹുല്‍ ഗാന്ധി മറുപടി നല്‍കി.
ഇസ്ലാംമതം, ക്രിസ്‌തുമതം, ബുദ്ധമതം, ജൈനമതം, സിഖ് മതം തുടങ്ങിയ എല്ലാ മതങ്ങളും ധൈര്യത്തെക്കുറിച്ചാണ് സംസാരിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി. ഭരണഘടനയ്ക്കും ഇന്ത്യയുടെ അടിസ്ഥാന ആശയത്തിനും നേരെ ബിജെപി ആസൂത്രിതമായ ആക്രമണങ്ങൾ അഴിച്ചുവിടുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഭരണകക്ഷിയുടെ നിർദേശിച്ച ആശയങ്ങളെ ദശലക്ഷക്കണക്കിന് ആളുകൾ എതിർത്തതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
'പ്രധാനമന്ത്രി മോദിയുടെ നിർദേശപ്രകാരമാണ് ഞാൻ ആക്രമിക്കപ്പെട്ടത്. എനിക്കെതിരെ 20-ല്‍ അധികം കേസുകൾ ചുമത്തപ്പെട്ടു. എന്‍റെ വീട് അപഹരിക്കപ്പെട്ടു. 55 മണിക്കൂർ ഇഡി ചോദ്യം ചെയ്‌തു.'- രാഹുല്‍ ഗാന്ധി പറഞ്ഞു.
ഈ വെല്ലുവിളികൾക്കിടയിലും ഭരണഘടന സംരക്ഷിക്കാനുള്ള കൂട്ടായ ശ്രമത്തിൽ അഭിമാനമുണ്ടെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു. ബിജെപിക്കാർ ഇപ്പോൾ 'ജയ് സംവിധാൻ' (ഭരണഘടന വിജയിക്കട്ടെ) എന്ന് ആവർത്തിക്കുന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷത്തിരിക്കുന്നതിലുള്ള സംതൃപ്തിയും രാഹുല്‍ ഗാന്ധി പ്രകടിപ്പിച്ചു. പ്രതിപക്ഷത്തിരിക്കുന്നതിൽ സന്തോഷവും അഭിമാനവും ഉണ്ടെന്നും അധികാരത്തേക്കാൾ കൂടിയ ഉത്തരവാദിത്തമാണ് അതെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.
പ്രസംഗത്തിനിടെ ശിവന്‍റെ ചിത്രം ഉയര്‍ത്തിയ രാഹുല്‍ ഗാന്ധിയെ, സഭയിൽ പ്ലക്കാർഡുകൾ പ്രദർശിപ്പിക്കാൻ അനുവാദമില്ലെന്ന് സ്പീക്കർ ഓം ബിർള അറിയിച്ചു. ഇസ്‌ലാമും സിഖ് മതവും ഉൾപ്പെടെ എല്ലാ മതങ്ങളും ധൈര്യത്തിനും നിർഭയത്വത്തിന്‍റെ പ്രാധാന്യത്തിനുമാണ് ഊന്നൽ നൽകുന്നതെന്നും രാഹുല്‍ സഭയില്‍ ആവർത്തിച്ചു.
Also Read :'മോദി ഇന്ത്യയെ നാണംകെടുത്തി'; നീറ്റ് ക്രമക്കേടില്‍ സര്‍ക്കാരിനെതിരെ രാജ്യസഭയില്‍ ആഞ്ഞടിച്ച് ഖാര്‍ഗെ - Kharge slams Modi and BJP In RS