തിരുവനന്തപുരം : ഒരു നാടിന്‍റെ മുഴുവൻ സ്നേഹവും കരുതലുമായി അവർ തട്ടിൽ കയറാൻ പോകുകയാണ്. ഉരുളെടുത്ത വെള്ളാർമല സ്‌കൂളിലെ കുട്ടികൾ അതിജീവനത്തിന്‍റെ കഥ പറയാൻ പോകുന്നു. ഇത് മത്സരത്തിന് വേണ്ടി അല്ല. തങ്ങൾ അനുഭവിച്ച കാര്യങ്ങൾ നടകത്തിലൂടെ എത്തിക്കുക മാത്രമാണെന്ന് കുട്ടികൾ പറയുമ്പോൾ അധ്യാപകരുടെ കണ്ണ് നിറഞ്ഞു.
അതേ, ഇത് നാടകമല്ല ഇവരുടെ ജീവിതമാണ്. നാടക പരിശീലം നടത്തുമ്പോൾ പലരുടെയും ഓർമകളിലേക്ക് ആ കറുത്ത രാത്രി എത്തി. അധ്യാപകർ തട്ടി ഉണർത്തുമ്പോൾ മാത്രമാണ് ഓർമകളിൽ നിന്നും മാറുന്നത്. അങ്ങനെ നാടക പരിശീലനത്തിൽ ഏറെ പ്രതിസന്ധികൾ മറികടന്നാണ് അവർ സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്‍റെ വേദിയിൽ എത്തുന്നത്.
ഉരുള്‍പൊട്ടല്‍ ദുരന്തത്തെ കീഴടക്കിയ ഒരു നാടിന്‍റെ അതിജീവനത്തിന്‍റെ കഥ ടാഗോർ തിയേറ്ററിനെ മൂകമാക്കും. ഉച്ചയ്ക്ക് ഒരു മണിക്ക് ശേഷമാണ് നാടകം നടക്കുക. ഒരു ദുരന്തനാടകം കണ്മുന്നില്‍ കണ്ടവര്‍ അരങ്ങിലും അതിജീവനത്തിന്‍റെ വിസ്‌മയം വിരിയിക്കാനുള്ള ഒരുക്കത്തിലാണ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അഭിനയ കലയിലൂടെ അവര്‍ ചേര്‍ത്തുപിടിക്കുന്നത് സ്നേഹം പകർന്ന, ആശ്വസിപ്പിച്ച മനുഷ്യരെയാണ്. നാടകത്തിലൂടെ നാടകത്തേക്കള്‍ വലിയ ജീവിത കഥയാണ് അവര്‍ പറയാന്‍ പോകുന്നതും. നാടകത്തിലെ മുഖ്യ കഥാപാത്രത്തെ അരങ്ങിലെത്തിക്കുന്നത് അമൽജിത്താണ്. ദുരന്തത്തില്‍ പൂര്‍ണമായി ഒലിച്ചു പോകാത്ത തന്‍റെയും നാടിന്‍റെയും അനുഭവങ്ങള്‍ തന്നെയാണ് അമൽജിത്ത് പകര്‍ന്നാടുന്നതും.
തങ്ങൾക്ക് പരിശീലനം ചെയ്യാൻ പറ്റാത്ത അവസ്ഥ ആയിരുന്നെന്നും ഇപ്പോഴും കണ്ണിൽ നിന്നും മായുന്നില്ലെന്നും അഭിനേതാവായ നിരഞ്ജൻ ഇടിവി ഭാരതിനോട് പറഞ്ഞു. തങ്ങളുടെ കൂടെയുള്ള, അഭിനയിക്കുന്ന കുട്ടികൾ ഇന്ന് ഇല്ലെന്നും നിരഞ്ജൻ പറഞ്ഞു. തകഴിയുടെ വെള്ളപ്പൊക്കത്തിലാണ് നാടകത്തിന്‍റെ കഥാബീജമെങ്കിലും വെള്ളപ്പൊക്കത്തില്‍ അല്ല വെള്ളാര്‍മലയുടെ നാടകം. വികെ അയാൻ, മുഹമ്മദ് അൻസിൽ, കെആർ നിരഞ്ജൻ, സായൂജ് ആർ നായർ, പിവി നിവേദിത, എവി വൈഗ എന്നിവരും വേഷമിടുന്നുണ്ട്. ആർ അർച്ചന, അനുഷ് സത്യൻ, എംബി അനന്യ എന്നിവർ പിന്നണിയിൽ.