ഭുവനേശ്വർ:ജൂലൈ 14-ന് ആണ് ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിലെ രത്ന ഭണ്ഡാരം 46 വര്‍ഷത്തിന് ശേഷം തുറന്നത്. നാല് ദശാബ്‌ദത്തിന് ശേഷം തുറന്ന ഈ രത്ന ഭണ്ഡാരത്തിന്‍റെ മൂല്യം എത്രയായിരിക്കും എന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ സജീവമാണ്.
ക്ഷേത്രത്തിലെ നിധി സംബന്ധിച്ച വാര്‍ത്തകള്‍ മലയാളികളെ ആദ്യം കൊണ്ടുചെന്നെത്തിക്കുക തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിലേക്കാണ്. 2011-ല്‍ ആണ് ക്ഷേത്രത്തിന്‍റെ നിലവറകളില്‍ നിന്ന് നിധി കണ്ടെത്തുന്നത്. പത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിലവറയിലെ അപൂര്‍വ്വ നിധി ശേഖരമാണ് ക്ഷേത്രത്തെ ലോക പ്രശസ്‌തമാക്കിയത്. ഏകദേശം ഒന്നേകാല്‍ ലക്ഷം കോടി രൂപ മൂല്യമുള്ള അമൂല്യ വസ്‌തുക്കളാണ് കണക്കെടുപ്പില്‍ ഇവിടെ നിന്ന് കണ്ടെത്തിയത്.
പത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിധി ശേഖരം
എ നിലവറ, ഇ നിലവറ, എഫ് നിലവറ എന്നിവയിൽ നിന്ന് മാത്രമാണ് ഇത്രയും വിലപിടിപ്പുള്ള അപൂര്‍വ നിധി ശേഖരം കണ്ടെത്തിയത്. 4 അടി (1.2 മീ.) ഉയരവും 3 അടി (0.91 മീ.) വീതിയുമുള്ള, വജ്രങ്ങളും മറ്റ് വിലയേറിയ കല്ലുകളും പതിച്ച മഹാവിഷ്ണുവിന്‍റെ ശുദ്ധ സ്വർണ്ണ വിഗ്രഹം, ദേവ വിഗ്രഹത്തിന് വേണ്ടി 18-അടി (5.5 മീറ്റർ) ഉയരമുള്ള, നൂറുകണക്കിന് വജ്രങ്ങളും വിലയേറിയ കല്ലുകളും പതിച്ച, ശുദ്ധമായ സ്വർണ്ണ സിംഹാസനം, ഏകദേശം 30 കിലോഗ്രാം ഭാരമുള്ള 16 ഭാഗങ്ങളുള്ള സ്വർണ്ണ അങ്കിയുടെ രൂപത്തിൽ ദേവനെ അലങ്കരിക്കാനുള്ള വസ്‌ത്രം, 18-അടി (5.5 മീറ്റർ) നീളമുള്ള ശുദ്ധമായ സ്വർണ്ണ ചെയിന്‍, 500 കിലോഗ്രാം ഭാരമുള്ള ശുദ്ധമായ സ്വർണ്ണ കറ്റ, 36 കിലോഗ്രാം വരുന്ന സ്വർണ്ണ മൂടുപടം, 3.5 കിലോഗ്രാം മുതൽ 10.5 കിലോഗ്രാം വരെ ഭാരമുള്ള വിലയേറിയ കല്ലുകൾ പതിച്ച 1200 ശുദ്ധമായ സ്വർണ്ണ നാണയ-ചെയിനുകൾ, സ്വർണ്ണ കരകൗശല വസ്‌തുക്കൾ, നെക്ലേസുകൾ, രത്നങ്ങൾ, വജ്രങ്ങൾ, മാണിക്യം, നീലക്കല്ലുകൾ, മരതകം, രത്നക്കല്ലുകൾ, മറ്റ് വിലയേറിയ ലോഹങ്ങൾ എന്നിവ നിറച്ച ചാക്കുകൾ, മാണിക്യവും മരതകവും പതിച്ച സ്വർണ്ണച്ചിരട്ടകള്‍, നെപ്പോളിയന്‍റെ കാലഘട്ടത്തിലെ നിരവധി നാണയങ്ങൾ, റോമൻ സാമ്രാജ്യത്തിന്‍റെ ലക്ഷക്കണക്കിന് സ്വർണ്ണ നാണയങ്ങൾ, 800-കിലോഗ്രാം സ്വർണ്ണ നാണയങ്ങളുടെ ശേഖരം, വജ്രങ്ങളും മറ്റ് വിലയേറിയ കല്ലുകളും സ്വർണ്ണ പാത്രങ്ങളും പതിച്ച സ്വർണ്ണ കിരീടങ്ങളും കണ്ടെത്തിയ നിധിയില്‍ ഉള്‍പ്പെടുന്നതാണ്.
ഏതാനും ചില നിലവറകളില്‍ നിന്ന് മാത്രമാണ് ഇത്രയധികം നിധികള്‍ ലഭിച്ചത്. ശേഷിക്കുന്ന ബി നിലവറ കൂടി തുറന്നാല്‍ ഇതിലും പതിന്മടങ്ങ് മൂല്യമുള്ള സമ്പത്ത് ഇവിടെ നിന്ന് ലഭിക്കുമെന്നാണ് വിലയിരുത്തല്‍.
പുരിയിലെ നിധി
പുരിയിലെ രത്‌ന ഭണ്ഡാരം 1962-1964, 1967, 1977, 1978 വർഷങ്ങളിൽ പരിശോധനയ്‌ക്കായി തുറന്നിരുന്നു. രേഖകൾ പ്രകാരം, 12,838 ഭാരീസ് (128.38 കിലോഗ്രാം) വരുന്ന 454 സ്വര്‍ണം കൊണ്ടുള്ള വസ്‌തുക്കളും 22,153 ഭാരീസ് (221.53 കിലോഗ്രാം) ഭാരം വരുന്ന 293 വെള്ളി വസ്‌തുക്കളുമുണ്ട്. ഒരു ഭാരി എന്നാല്‍ 11.66 ഗ്രാമിന് തുല്യമാണ്. 1978ല്‍ ആണ് അവസാനമായി ഇൻവെന്‍ററി നടത്തിയത്. 2018-ൽ, 17 അംഗ സംഘം ബഹാര (ഔട്ടർ ചേംബർ) രത്‌ന ഭണ്ഡാരത്തിൽ പ്രവേശിച്ചിരുന്നു. എന്നാൽ താക്കോൽ ഇല്ലാത്തതിനാൽ ഭിതാര (അകത്തെ അറ) രത്‌ന ഭണ്ഡാരത്തിനുള്ളിൽ കയറാൻ കഴിഞ്ഞില്ല.
സംഭാവനകൾ
ജഗന്നാഥ ക്ഷേത്രത്തിലെ ജഗമോഹന്‍റെ വടക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഭണ്ഡാരം ലോകമെമ്പാടുമുള്ള ഭക്തരുടെ സംഭാവനകളാലും നേര്‍ച്ചകളാലും സമ്പന്നമാണ്. കേശാരി, ഗംഗ രാജവംശങ്ങളിലെ രാജാക്കന്മാർ, സൂര്യവംശി, ഭോയ് രാജവംശങ്ങളിലെ രാജാക്കന്മാർ, നേപ്പാളിലെ ഭരണാധികാരികൾ പോലും സ്വർണ്ണം, വെള്ളി, വജ്രം, മറ്റ് വിലയേറിയ രത്നങ്ങൾ, ശലഗ്രാമങ്ങൾ തുടങ്ങിയ വിലപിടിപ്പുള്ള വസ്‌തുക്കളാണ് ജഗന്നാഥന് ദാനം ചെയ്‌തിരുന്നത്.
ഭഗവാൻമാർക്ക് സ്വർണ്ണാഭരണങ്ങൾ തയ്യാറാക്കുന്നതിനായി അനംഗഭീമ ദേവ് 2,50,000 'മദാസ്' സ്വർണ്ണം (1 മദ=1/2 തോല=5.8319 ഗ്രാം) സംഭാവന ചെയ്‌തതായി ജഗന്നാഥ ക്ഷേത്രത്തിന്‍റെ ചരിത്ര രേഖയായ മദാല പഞ്ചിയില്‍ പറയുന്നുണ്ട്. സൂര്യവംശി ഭരണാധികാരികൾ ജഗന്നാഥന് വിലപിടിപ്പുള്ള ആഭരണങ്ങളും സ്വർണ്ണവും സമർപ്പിച്ചതായും രേഖകളില്‍ പറയുന്നു.
പന്ത്രണ്ടാം നൂറ്റാണ്ടിലെ ദിഗ്വിജയ് ദ്വാറിലെ ഒരു ലിഖിതത്തിൽ, ഗജപതി രാജാവ് കപിലേന്ദ്ര ദേവ് 1466-ൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ കീഴടക്കിയ ശേഷം തനിക്കൊപ്പം കൊണ്ടുവന്ന മുഴുവന്‍ ആഭരണങ്ങളും 16 ആനകളുടെ പുറത്ത് ജഗന്നാഥന് സംഭാവന ചെയ്‌തതായി പരാമർശിക്കുന്നുണ്ട്.