ന്യൂഡല്‍ഹി:മുൻ ട്രെയിനി ഐഎഎസ് ഓഫിസർ പൂജ ഖേദ്‌കർ സമര്‍പ്പിച്ച രണ്ട് ഡിസെബിലിറ്റി സർട്ടിഫിക്കറ്റുകളില്‍ ഒന്ന് വ്യാജമായിരിക്കാമെന്ന് ഡൽഹി പൊലീസ് ഹൈക്കോടതിയില്‍. പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച പുതിയ തല്‍സ്ഥിതി റിപ്പോര്‍ട്ടിലാണ് ഒരു സർട്ടിഫിക്കറ്റ് വ്യാജമായിരിക്കാമെന്ന സംശയം ഉന്നയിച്ചിരിക്കുന്നത്.
വിശദമായ അന്വേഷണത്തിൽ ഖേദ്‌കർ 2022, 2023 വര്‍ഷങ്ങളിലായി രണ്ട് ഡിസെബിലിറ്റി സർട്ടിഫിക്കറ്റുകൾ സമര്‍പ്പിച്ചിട്ടുണ്ട് എന്ന് മനസിലായി. തുടര്‍ന്ന് യുപിഎസ്‌സി നൽകിയ രേഖകളുടെ സൂക്ഷ്‌മപരിശോധന നടത്തി. ഇതിലൂടെയാണ് ഒരു സര്‍ട്ട്ഫിക്കറ്റ് വ്യാജമാണെന്ന സംശയത്തിലെത്തിയത്.
മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗർ മെഡിക്കൽ അതോറിറ്റി നൽകി എന്ന് അവകാശപ്പെട്ട് സമര്‍പ്പിച്ച സര്‍ട്ടിഫിക്കറ്റുകള്‍ ഇഷ്യൂ ചെയ്‌തിട്ടില്ലെന്ന് അധികൃതര്‍ അറിയിക്കുകയായിരുന്നു. MH2610119900342407 എന്ന നമ്പറിലുള്ള ഡിസെബിലിറ്റി സർട്ടിഫിക്കറ്റ് ഇഷ്യൂ ചെയ്‌തിട്ടില്ലെന്നാണ് അധികൃതര്‍ അറിയിച്ചത്. ഇതാണ് സര്‍ട്ടിഫിക്കറ്റ് കെട്ടിച്ചമച്ചും വ്യാജവും ആകാമെന്ന സംശയത്തിന് കാരണമായത്.