കേരളം

kerala

ETV Bharat / bharat

വോട്ട് തേടി പ്രിയങ്ക വീണ്ടും വയനാട്ടില്‍; പ്രചാരണം കൊഴിപ്പിക്കാൻ കോണ്‍ഗ്രസ് - PRIYANKA WAYANAD CAMPAIGN KICKS OFF

തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ജില്ലയിലുടനീളം വോട്ടഭ്യര്‍ഥിക്കുന്നതിന്‍റെ ഭാഗമായാണ് പ്രിയങ്ക വീണ്ടും വയനാട്ടിലെത്തുന്നത്

PRIYANKA GANDHI  WAYANAD BYELECTION  ELECTION CAMPAIGN  KERALA
Priyanka Gandhi (Etv Bharat)

By ETV Bharat Kerala Team

Published : Oct 28, 2024, 9:56 AM IST

കല്‍പ്പറ്റ:വയനാട് ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥിയും കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി പ്രചാരണത്തിനായി വയനാട്ടിലേക്ക്. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ജില്ലയിലുടനീളം വോട്ടഭ്യര്‍ഥിക്കുന്നതിന്‍റെ ഭാഗമായാണ് പ്രിയങ്ക വീണ്ടും വയനാട്ടിലെത്തുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി ഡല്‍ഹിയില്‍ നിന്നും തിരിച്ച പ്രിയങ്ക 11.20 ഓടെ വയനാട്ടിലെത്തും.

റോഡ് മാര്‍ഗം മൈസൂരിലെത്തുന്ന പ്രിയങ്ക, തുടര്‍ന്ന് ഹെലികോപ്‌റ്ററിലാകും വയനാട്ടിലെത്തുക. മണ്ഡലത്തിലെത്തുന്ന പ്രിയങ്ക ഗാന്ധിക്ക് ഇന്നും ഉജ്ജ്വല സ്വീകരണമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒരുക്കിയിട്ടുള്ളത്. മീനങ്ങാടിയിലെ നീലഗിരി കോളജ് ഓഫ് ആർട്‌സ് ആൻഡ് സയൻസിൽ നിന്ന് പ്രിയങ്ക ഗാന്ധിയുടെ ഇന്നത്തെ പ്രചാരണം ആരംഭിക്കും. മീനങ്ങാടിയിലെ പൊതുയോഗവും തുടർന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്ക് പനമരത്തെ പൊതുയോഗവുമാണ് ഇന്നത്തെ പ്രധാന പരിപാടികള്‍. വൈകിട്ട് 4.30ന് പൊഴുതനയിൽ നടക്കുന്ന മറ്റൊരു പൊതുയോഗത്തോടെ ഇന്നത്തെ പ്രചാരണം സമാപിക്കും.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

രണ്ടാം ദിനമായ ചൊവ്വാഴ്‌ച രാവിലെ 9.30-ന് തിരുവമ്പാടിയിൽ പ്രസംഗം തുടങ്ങി ഈങ്ങാപ്പുഴയിലെ സമ്മേളനത്തോടെ പ്രിയങ്ക പ്രചാരണം തുടരും. ഉച്ചയ്ക്ക് 12:30-ന് ഏറനാട്ടില്‍ പൊതുയോഗം സംഘടിപ്പിക്കും. ഉച്ചകഴിഞ്ഞ്, 3 മണിക്ക് വണ്ടൂരിലും മമ്പാടും സദസുകളെ അഭിസംബോധന ചെയ്യും. വൈകിട്ട് 4:30-ന് നിലമ്പൂരിൽ നടക്കുന്ന സമ്മേളനത്തിന് ശേഷം ചുങ്കത്തറയിലും പ്രചാരണം നടത്തും.

എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപിയും മറ്റ് പ്രമുഖ യുഡിഎഫ് നേതാക്കളും ജില്ലയിലെ വിവിധ പ്രചാരണ പരിപാടികളില്‍ പ്രിയങ്കക്കൊപ്പം ചേരും. നേരത്തെ, നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാൻ എത്തിയ പ്രിയങ്കയ്‌ക്കും കുടുംബത്തിനും വൻ വരവേല്‍പ്പാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒരുക്കിയിരുന്നത്.

ഒക്‌ടോബര്‍ 23 ന് പ്രിയങ്ക ഗാന്ധി റോഡ് ഷോയും നടത്തിയിരുന്നു. വൻ ജനാവലിയാണ് റോഡ് ഷോയില്‍ പങ്കെടുത്തിരുന്നത്. തുടക്കത്തില്‍ 10 ദിവസം വയനാട്ടിലെ പ്രചാരണപരിപാടികള്‍ക്കായി പ്രിയങ്കാഗാന്ധി മാറ്റിവയ്‌ക്കുമെന്നാണ് റിപ്പോര്‍ട്ട്. ജാര്‍ഖണ്ഡിലും മഹാരാഷ്ട്രയിലും തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ നടത്തേണ്ടതിനാല്‍ ഇതുകൂടി പരിഗണിച്ചാവും വയനാട്ടിലെ തെരഞ്ഞെടുപ്പ് പ്രചാരണം.

പ്രിയങ്ക ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെ വയനാട്ടിൽ പ്രിയങ്ക വിജയിക്കുമെന്ന് രാഹുൽ ഗാന്ധി നേരത്തെ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. പ്രിയങ്ക ഗാന്ധി തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പോകുകയാണ്, അവർ വിജയിക്കുമെന്ന് തനിക്ക് ഉറപ്പുണ്ട്. വയനാട്ടിലെ ജനങ്ങൾ രണ്ട് പാർലമെന്‍റ് അംഗങ്ങളെയാണ് നല്‍കാൻ പോകുന്നത്, ഒന്ന് താനും ഒന്ന് തന്‍റെ സഹോദരിയുമാണെന്ന് രാഹുല്‍ നേരത്തെ പറഞ്ഞിരുന്നു.

Read Also:രാജ്യം ഉറ്റുനോക്കുന്ന വയനാട് ഉപതെരഞ്ഞെടുപ്പ്; അറിയാം വയനാട് പാര്‍ലമെന്‍റ് മണ്ഡലത്തിന്‍റെ ചരിത്രവും പ്രാധാന്യവും

ABOUT THE AUTHOR

...view details