കർണാടക: പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രസംഗങ്ങളിലൂടെ തന്‍റെ പദവിയുടെ അന്തസ് കെടുത്തുകയാണെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വാദ്ര. രാജ്യത്തിൻ്റെ രാഷ്ട്രീയം തിരുത്താൻ പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കേണ്ട സമയമാണിതെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. കര്‍ണാടകയിലെ ദാവൻഗെരെയില്‍ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു പ്രിയങ്ക ഗാന്ധി.
ഹാസനിലെ എൻഡിഎ സ്ഥാനാർഥി പ്രജ്വല്‍ രേവണ്ണയ്ക്ക് വേണ്ടി പ്രചാരണം നടത്തിയ മോദിയെയും പ്രിയങ്ക വിമര്‍ശിച്ചു. 'ഈ രാജ്യം പ്രധാനമന്ത്രിയെ തെഞ്ഞെടുക്കുന്നതില്‍ നല്ലൊരു പാരമ്പര്യമുണ്ടായിരുന്നു. പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു, ലാൽ ബഹദൂർ ശാസ്‌ത്രി തുടങ്ങിയ നിരവധി ഇതിഹാസങ്ങൾ രാജ്യത്തിൻ്റെ പ്രധാനമന്ത്രിമാരായിട്ടുണ്ട്. രണ്ട് പ്രധാനമന്ത്രിമാർ രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ചു. നിങ്ങൾ തെരഞ്ഞെടുക്കുന്ന പ്രധാനമന്ത്രിയോട് നിങ്ങൾക്ക് പൂർണ്ണ ബഹുമാനം ഉണ്ടായിരിക്കും. വഹിക്കുന്ന പദവിയുടെ അന്തസ് അദ്ദേഹം നിലനിർത്തുമെന്ന് നിങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്.'- പ്രിയങ്ക ഗാന്ധി പറഞ്ഞു.
'എന്നാൽ ഇന്ന്, നിരവധി സ്‌ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്‌ത ഒരു നേതാവിനൊപ്പം നമ്മുടെ പ്രധാനമന്ത്രി വേദി പങ്കിടുന്നു, അദ്ദേഹത്തിൻ്റെ പേരിൽ വോട്ട് ചോദിക്കുന്നു. വസ്‌തുതകൾ പുറത്ത് വരുമ്പോൾ പ്രതി രാജ്യം വിട്ട് രക്ഷപ്പെടുന്നു. പ്രധാനമന്ത്രിയോ ആഭ്യന്തര മന്ത്രിയോ ഇതൊന്നും അറിയുന്നില്ല. അവർ ഒന്നും അറിയാത്തത് പോലെ ജനങ്ങളുടെ മുന്നിൽ സംസാരിക്കുന്നു. ആരാണെന്നും എവിടെയാണെന്നും, എവിടേക്ക് പോകുന്നു എന്നുമെല്ലാം അവർക്ക് അറിയാം. പക്ഷേ ഈ നേതാവ് രക്ഷപ്പെട്ടത് മാത്രം അവർക്കറിയില്ല'- പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.