ന്യൂഡൽഹി :സിവില്‍ സര്‍വീസ് കോച്ചിങ് സെന്‍ററില്‍ വെള്ളം കയറി മൂന്ന് വിദ്യാര്‍ഥികള്‍ മരിച്ച സംഭവത്തില്‍ പ്രതികരണവുമായി പ്രിയങ്ക ഗാന്ധി. സംഭവത്തെ അശ്രദ്ധയുടെയും കെടുകാര്യസ്ഥതയുടെയും ഉന്നതി ആയാണ് കോൺഗ്രസ് ജനറൽ സെക്രട്ടറി വിശേഷിപ്പിച്ചത്. സംഭവം ഹൃദയഭേദകമെന്നും പ്രിയങ്ക ഗാന്ധി എക്‌സിൽ കുറിച്ചു.
'മരിച്ച വിദ്യാര്‍ഥികളുടെ ആത്മാക്കൾക്കും ദുഃഖിതരായ കുടുംബങ്ങൾക്കും വേണ്ടി ഞാൻ ദൈവത്തോട് പ്രാർഥിക്കുന്നു. അടുത്തിടെ പട്ടേൽ നഗറിലെ വെള്ളക്കെട്ടുള്ള റോഡിൽ വൈദ്യുതാഘാതമേറ്റ് യുപിഎസ്‌സി വിദ്യാർഥി മരിച്ചു. ദൂരസ്ഥലങ്ങളിൽ നിന്ന് ഇവിടേയ്‌ക്ക് വിജയവും സ്വപ്‌നം കണ്ട് വരുന്നവരുടെ സ്വപ്‌നങ്ങൾ അവരിൽ നിന്നും തട്ടിയെടുക്കുന്നത് അശ്രദ്ധയുടെയും കെടുകാര്യസ്ഥതയുടെയും ഉന്നതിയാണ്. ഇത് കുറ്റകരവും നിരുത്തരവാദപരവുമാണ്. മത്സരാധിഷ്‌ഠിത പരീക്ഷകൾക്കായി വിദ്യാർഥികൾ താമസിക്കുന്ന എല്ലാ പ്രദേശങ്ങളിലെയും നിയമവിരുദ്ധവും ജീവന് ഭീഷണിയുള്ളതുമായ നിർമാണങ്ങൾക്ക് പരിഹാരം കാണണം' -പ്രിയങ്ക ഗാന്ധി പറഞ്ഞു.