ന്യൂഡൽഹി : ഉത്തര്‍പ്രദേശില്‍ വെള്ളിയാഴ്‌ച വൈകീട്ടത്തെ ഭാരത് ജോഡോ ന്യായ് യാത്രയ്‌ക്കുള്ള സ്വീകരണച്ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ച് കോൺഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. അസുഖത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിരിക്കുന്നതിനാല്‍ ഭാരത് ജോഡോ ന്യായ് യാത്രയിൽ പങ്കെടുക്കാനാകില്ലെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു (Priyanka Gandhi In Hospital). രാഹുൽ ഗാന്ധി നയിക്കുന്ന യാത്ര വെള്ളിയാഴ്‌ച വൈകിട്ട് ഉത്തർപ്രദേശിൽ പ്രവേശിക്കും.
സഹോദരൻ രാഹുൽ ഗാന്ധിക്കും മറ്റ് കോൺഗ്രസ് നേതാക്കൾക്കും ആശംസകൾ അറിയിച്ച പ്രിയങ്ക ഗാന്ധി തനിക്ക് രോഗമുക്തിയായാലുടന്‍ അവരോടൊപ്പം ചേരുമെന്നും പറഞ്ഞു. യാത്ര ബിഹാറിൽ നിന്ന് ഉത്തർപ്രദേശിലെ ചന്ദൗലിയിൽ പ്രവേശിക്കുമ്പോള്‍ സ്വീകരണ പരിപാടിയില്‍ പ്രിയങ്ക ഗാന്ധി പങ്കെടുക്കേണ്ടതായിരുന്നുവെന്ന് കോണ്‍ഗ്രസ് വൃത്തങ്ങൾ അറിയിച്ചു.
'ഭാരത് ജോഡോ ന്യായ് യാത്ര ഉത്തർപ്രദേശിൽ എത്തുന്നതിനായി ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. എന്നാൽ അസുഖം കാരണം ഇന്ന് ആശുപത്രിയിൽ അഡ്‌മിറ്റാകേണ്ടി വന്നു. സുഖം പ്രാപിച്ചാലുടന്‍ യാത്രയിൽ പങ്കുചേരും. പ്രിയ സഹോദരനും ഉത്തർപ്രദേശിൽ നിന്നുള്ള സഹപ്രവർത്തകർക്കും ആശംസകൾ നേരുന്നതായും പ്രിയങ്ക ഗാന്ധി എക്‌സിലൂടെ അറിയിച്ചു.
മണിപ്പൂരിൽ നിന്ന് മുംബൈയിലേക്കുള്ള ഭാരത് ജോഡോ ന്യായ് യാത്ര (Bharat Jodo Nyay Yatra) മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലാണ്. ബിഹാറിലായിരുന്നു വെള്ളിയാഴ്‌ച പകല്‍ ന്യായ് യാത്ര സംഘടിപ്പിക്കപ്പെട്ടത്. വ്യാഴാഴ്‌ച ബിഹാറിലെ ഔറംഗബാദിൽ നടന്ന മെഗാ റാലിയിൽ രാഹുല്‍ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും സംസാരിച്ചിരുന്നു.
ഏറ്റവും കൂടുതൽ എംപിമാരെ ലോക്‌സഭയിലേക്ക് അയക്കുന്ന ഉത്തർപ്രദേശില്‍ വെള്ളിയാഴ്‌ച വൈകീട്ടോടെ യാത്ര എത്തിച്ചേരും. ഫെബ്രുവരി 16 മുതൽ 21 വരെയും പിന്നീട് ഫെബ്രുവരി 24 മുതൽ 25 വരെയും സംസ്ഥാനത്തുടനീളം യാത്ര സഞ്ചരിക്കും. ഫെബ്രുവരി 22, 23 തിയ്യതികളില്‍ വിശ്രമ ദിനങ്ങളാണ്.