റായ്ബറേലി (ഉത്തർ പ്രദേശ്) : അധികാരം മാത്രമാണ് ആവശ്യമെന്നതിനാല്‍ ജനാധിപത്യത്തെ ദുർബലപ്പെടുത്താനാണ് ബിജെപി ആഗ്രഹിക്കുന്നതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. റായ്ബറേലിയിൽ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അവര്‍. 'അധികാരത്തിൽ വന്നാൽ ഭരണഘടന മാറ്റുമെന്ന് ബിജെപി നേതാക്കള്‍ പറയുന്നു, അവർ ജനങ്ങളുടെ അവകാശങ്ങളെ ദുർബലപ്പെടുത്തും. കാരണം ഇന്ത്യന്‍ ഭരണഘടന, വോട്ട് രേഖപ്പെടുത്തല്‍, സംവരണം,വിദ്യാഭ്യാസം, അഭിപ്രായം രേഖപ്പെടുത്തല്‍ പ്രതിഷേധിക്കല്‍ എന്നിവയ്ക്കുള്ള അവകാശങ്ങള്‍ നൽകുന്നു. അതാണ് ജനാധിപത്യം. അതിനെ തകർക്കുകയാണ് ബിജെപി ലക്ഷ്യം' - പ്രിയങ്ക ഗാന്ധി പറഞ്ഞു.
ബിജെപിക്ക് അധികാരം മാത്രമാണ് ആവശ്യമുള്ളത്. അതിനാൽ അവര്‍ ജനാധിപത്യ സംവിധാനത്തെ തകർക്കാൻ ഏറെ ആഗ്രഹിക്കുന്നു. അവരുടെ ബിസിനസ് സുഹൃത്തുക്കൾ മാത്രം മുന്നോട്ടുപോകണമെന്ന് അവർ ആഗ്രഹിക്കുന്നു. അവർ ഇന്ത്യയിലെ എല്ലാ സ്വത്തുക്കളും വൻ വ്യവസായികളായ സുഹൃത്തുക്കൾക്ക് വിറ്റുവെന്നും പ്രിയങ്ക ഗാന്ധി ആരോപിച്ചു.
10 വർഷത്തിനുള്ളിൽ ലോകത്തിലെ ഏറ്റവും സമ്പന്നമായ പാർട്ടിയായി ബിജെപി മാറി. എന്നാൽ 55 വർഷം രാജ്യം ഭരിച്ച കോൺഗ്രസ് അത്തരത്തിലല്ല. ബിജെപി സമ്പാദിച്ച 10 വർഷങ്ങളിൽ കോൺഗ്രസ് രാജ്യത്തെ സേവിക്കുകയായിരുന്നെന്നും പ്രിയങ്ക പറഞ്ഞു. റായ്ബറേലി മണ്ഡലത്തിൽ മെയ് 20 നാണ് വോട്ടെടുപ്പ്. 2019 ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി 534,918 വോട്ടുകൾ നേടിയാണ് ഈ മണ്ഡലത്തിൽ വിജയിച്ചത്. എതിരാളി ദിനേഷ് പ്രതാപ് സിംഗ് 367,740 വോട്ടുകളാണ് നേടിയത്.
Also Read : പോളിങ് വിവരങ്ങള്‍ കൃത്യമായി നല്‍കിയില്ല: തെരഞ്ഞെടുപ്പ് കമ്മിഷനെ നേരില്‍ കാണാന്‍ ഇന്ത്യ മുന്നണി - India Bloc To Meet EC
സോണിയയ്ക്ക് മുമ്പ് മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി റായ്ബറേലിയിൽ നിന്ന് മൂന്ന് തവണ വിജയിച്ചിരുന്നു. 1952ലും 1957ലും രണ്ടുതവണ ഇന്ദിരയുടെ ഭർത്താവും കോൺഗ്രസ് നേതാവുമായ ഫിറോസ് ഗാന്ധിയെയും മണ്ഡലം തെരഞ്ഞെടുത്തു. ഇതിനുപുറമെ വയനാട്ടില്‍ നിന്ന് ഇക്കുറിയും രാഹുൽ ഗാന്ധി മത്സരിക്കുന്നുണ്ട്. 2004 മുതൽ 2019 വരെ രാഹുൽ ഗാന്ധി അമേഠിയെ പ്രതിനിധീകരിച്ചു. റായ്ബറേലിയിൽ, കോൺഗ്രസ് വിട്ട് മൂന്ന് തവണ എംഎൽസിയായ ദിനേഷ് പ്രതാപ് സിങ്ങിനെയാണ് രാഹുൽ നേരിടുന്നത്.