കവരത്തി (ലക്ഷദ്വീപ്) :രാജ്യം ആകാംക്ഷയോടെ കാത്തിരിക്കുന്ന ജനവിധി നാളെ (ജൂണ്‍3) അറിയാം. ലോക്സഭ പൊതുതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് ലക്ഷദ്വീപ് ഭരണകൂടം സുസജ്ജം. ലക്ഷദ്വീപ് ലോക്സഭ മണ്ഡലത്തിലെ വോട്ടെണ്ണൽ നടപടിക്രമങ്ങളുടെ സുഗമമായ നടത്തിപ്പിനായി വിപുലമായ മുന്നൊരുക്കങ്ങളാണ് ഭരണകൂടം കവരത്തിയിൽ നടത്തിയിട്ടുള്ളത്. നാളെ രാവിലെ 8 മണിയോടെ ലക്ഷദ്വീപില്‍ വോട്ട് എണ്ണൽ ആരംഭിക്കും. ആറ് റൗണ്ടുകളിലായിട്ടാണ് ലക്ഷദ്വീപിലെ വോട്ടെണ്ണൽ നടക്കുക.
ആദ്യ റൗണ്ടിൽ ബിത്ര (1 ബൂത്ത്), ചെത്ത്ലാത്ത് (3 ബൂത്ത്), കിൽത്താൻ (4 ബൂത്ത്), കടമത്ത് (3 ബൂത്ത്) എന്നിവിടങ്ങളിലെ വോട്ട് എണ്ണും. രണ്ടാം റൗണ്ടിൽ കടമത്ത് (2 ബൂത്ത്), അമിനി (4 ബൂത്ത്), ആന്ത്രോത്ത് (2 ബൂത്ത്) എന്നിവിടങ്ങളിലെയും മൂന്നാം റൗണ്ടിൽ ആന്ത്രോത്ത് (7 ബൂത്ത്), കൽപ്പേനി (3 ബൂത്ത്) എന്നിവിടങ്ങളിലെയും നാലാം റൗണ്ടിൽ കൽപ്പേനി (1 ബൂത്ത്), മിനിക്കോയ് (8 ബൂത്ത്), കവരത്തി (1 ബൂത്ത്) എന്നിവിടങ്ങളിലെയും അഞ്ചാം റൗണ്ടിൽ കവരത്തി (8 ബൂത്ത്), അഗത്തി (2 ബൂത്ത്) എന്നിവിടങ്ങളിലെയും ആറാം റൗണ്ടിൽ അഗത്തി (5 ബൂത്ത്) എന്നിവിടങ്ങളിലെയും വോട്ടുകളാണ് എണ്ണുക.