ബെംഗളൂരു :ലൈംഗിക ആരോപണത്തില്‍പ്പെട്ട ജെഡിഎസ് എംപിയും ഹാസൻ ലോക്‌സഭ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാര്‍ഥിയുമായ പ്രജ്വല്‍ രേവണ്ണയെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്‌തു. ഹുബ്ബള്ളിയില്‍ ചേര്‍ന്ന പാര്‍ട്ടി കോര്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷൻ ടീമിന്‍റെ അന്വേഷണത്തിന്‍റെ ദൈര്‍ഘ്യത്തെ ആശ്രയിച്ചായിരിക്കും പ്രജ്വല്‍ രേവണ്ണയുടെ സസ്‌പെൻഷൻ കാലാവധിയെന്ന് ജെഡിഎസ് നേതൃത്വം അറിയിച്ചു.
അന്വേഷണത്തിന് ശേഷമായിരിക്കും പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ ആവശ്യമെങ്കില്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കുക എന്നും പാര്‍ട്ടി വ്യക്തമാക്കി. പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ ലൈംഗികാരോപണം ഉയര്‍ന്നതോടെ പാര്‍ട്ടിയില്‍ പ്രതിഷേധം ശക്തമായിരുന്നു. പ്രജ്വലിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കണമെന്ന ആവശ്യം പരസ്യമായി ഉന്നയിച്ച് എംഎല്‍എമാര്‍ രംഗത്തുവരികയും ചെയ്‌തതിന് പിന്നാലെയാണ് നടപടി.
തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ ബാക്കി മാത്രം ശേഷിക്കെയാണ് പ്രജ്വല്‍ രേവണ്ണ ഉള്‍പ്പെട്ട അശ്ലീല വീഡിയോ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചത്. ഇതിന് പിന്നാലെ വീഡിയോയില്‍ ഉള്‍പ്പെട്ടുവെന്ന് പറയപ്പെടുന്ന സ്ത്രീ വനിത കമ്മിഷന് നേരിട്ട് പരാതിയും നല്‍കി. ഇതിന്‍റെ അടിസ്ഥാനത്തില്‍ വനിത കമ്മിഷൻ ആവശ്യപ്പെട്ടതിന് പിന്നാലെ കര്‍ണാടക സര്‍ക്കാര്‍ പ്രജ്വലിനെതിരായ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. ഇതിന് പിന്നാലെ പ്രജ്വല്‍ രേവണ്ണ ജര്‍മനിയിലേക്ക് കടന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
അതേസമയം, പ്രജ്വല്‍ രേവണ്ണയെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യാനുള്ള ജെഡിഎസിന്‍റെ തീരുമാനത്തെ ബിജെപി സ്വാഗതം ചെയ്യുന്നതായി കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ലൈംഗികാരോപണക്കേസിലെ പ്രതികൾക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണം. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളോട് ബിജെപിയ്‌ക്ക് സന്ധിയില്ല. വിഷയത്തില്‍ കോണ്‍ഗ്രസിന് ഇരട്ടത്താപ്പാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Also Read :'സ്‌ത്രീകളെ പീഡിപ്പിക്കുന്ന മൂവായിരത്തോളം വീഡിയോകൾ'; പ്രജ്വല്‍ രേവണ്ണയെ അറസ്‌റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കർണാടകയിൽ കോൺഗ്രസ് പ്രതിഷേധം - Congress Protests In Karnataka