ബെംഗളൂരു :ബിജെപി നേതാക്കള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട സംഭവത്തില്‍ കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം. ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബിവൈ വിജയേന്ദ്രക്കും മറ്റ് ബിജെപി നേതാക്കള്‍ക്കും എതിരെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. 42-ാം അഡിഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റാണ് (Additional Chief Metropolitan Magistrate -ACMM) ഹൈഗ്രൗണ്ട് പൊലീസിന് നിര്‍ദേശം നല്‍കിയത്.
ബിജെപി ലീഗല്‍ സെല്‍ കണ്‍വീനര്‍ യോഗേന്ദ്ര ഹൊഡഘട്ട നല്‍കിയ സ്വകാര്യ ഹര്‍ജിയിലാണ് കോടതി ഉത്തരവ് (Yogendra Hodaghatta). ഡികെ ശിവകുമാറിന് പുറമെ കോണ്‍ഗ്രസിന്‍റെ സോഷ്യല്‍ മീഡിയ തലവനായ ബിആര്‍ നായിഡുവിനെതിരെയും കേസെടുക്കാന്‍ കോടതി ഉത്തരവില്‍ ചൂണ്ടിക്കാട്ടി. കേസില്‍ വേഗത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും പൊലീസിന് കോടതി നിര്‍ദേശം നല്‍കി. കേസ് മാര്‍ച്ച് 30ന് വീണ്ടും പരിഗണിക്കും.
ബിജെപിക്കെതിരെ പോസ്റ്റും ശിവകുമാറിനെതിരെ കേസും : ഇക്കഴിഞ്ഞ ജനുവരിയിലാണ് കേസിനാസ്‌പദമായ സംഭവം. 31 വര്‍ഷം മുമ്പത്തെ ഒരു കേസുമായി ബന്ധപ്പെട്ട് 60 വയസുകാരനായ ഹിന്ദു ആക്‌ടിവിസ്‌റ്റ് ശ്രീകാന്ത് പൂജാരിയെ അറസ്റ്റ് ചെയ്‌തിരുന്നു. ഹൂബ്ലി പൊലീസാണ് ശ്രീകാന്തിനെ അറസ്റ്റ് ചെയ്‌തത്. ഇതേ തുടര്‍ന്ന് ബിജെപി സംസ്ഥാന ഘടകം നേതാക്കളുടെ നേതൃത്വത്തില്‍ പ്ലക്കാര്‍ഡുകളുമായി പ്രതിഷേധ പ്രകടനം നടത്തി.