ജയ്‌പൂര്‍: രാജസ്ഥാനില്‍ നടന്ന ഉപതെരഞ്ഞെടുപ്പിനിടെ പോളിങ് ഉദ്യോഗസ്ഥനെ തല്ലിയ സ്വതന്ത്ര സ്ഥാനാര്‍ഥി കസ്‌റ്റഡിയില്‍. ഡിലോയ്- ഉനൈറ മണ്ഡലത്തിലെ സ്വതന്ത്യ സ്ഥാനാര്‍ഥിയായ നരേഷ് മീണയെയാണ് പൊലീസ് കസ്‌റ്റഡിയിലെടുത്തത്. ബുധനാഴ്‌ച (നവംബര്‍ 13) നരേഷ് മീണയും അനുയായികളും സമർവാതയിലെ വോട്ട് ബഹിഷ്‌ക്കരിക്കുകയും മൽപുര എസ്‌ഡിഎമ്മായ അമിത് ചൗധരിയെ തല്ലുകയും ചെയ്‌തിരുന്നു.
വോട്ട് ബഹിഷ്‌കരണം:ഡിയോളി-ഉണിയറ മണ്ഡലത്തിലെ സംരവതയിൽ ഗ്രാമവാസികൾ തങ്ങളുടെ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് വോട്ടിങ് ബഹിഷ്‌കരിച്ചു. തുടര്‍ന്ന് സ്വതന്ത്ര സ്ഥാനാർഥിയായ നരേഷ് മീണ സ്ഥലത്തെത്തുകയും വോട്ടിങ് യന്ത്രം പരിശോധിക്കുകയും ചെയ്‌തു. ഇവിഎം മെഷീനിൽ നരേഷ് മീണയുടെ തെരഞ്ഞെടുപ്പ് ചിഹ്നം ശരിയായി കാണുന്നില്ലെന്ന് മനസിലാക്കിയതിനെ തുടര്‍ന്ന് പ്രകോപിതനായ നരേഷ് എസ്‌ഡിഎമ്മിനെ തല്ലുകയായിരുന്ന. തുടർന്ന് ഗ്രാമവാസികളും നരേഷിന്‍റെ അനുയായികളും പോളിങ് സ്‌റ്റേഷന് അൽപം അകലെ കുത്തിയിരിപ്പ് സമരം ആരംഭിച്ചു. ഏകദേശം നാല് മണിക്കൂറിന് ശേഷം 3:30ന് ഗ്രാമവാസികൾ വോട്ട് ചെയ്യാൻ സമ്മതിച്ചെങ്കിലും വോട്ട് ചെയ്‌ത ശേഷം വീണ്ടും പ്രതിഷേധം തുടര്‍ന്നു.
അറസ്‌റ്റും സംഘര്‍ഷവും:എസ്‌ഡിഎമ്മിനെ തല്ലിയ കേസില്‍ നരേഷ് മീണയെ അറസ്‌റ്റ് ചെയ്യാൻ പൊലീസ് സ്ഥലത്തെത്തി. പൊലീസിനെ കണ്ടതോടെ പ്രതിഷേധക്കാർ രോഷാകുലരാകുകയും ബഹളം വയ്‌ക്കുകയും ചെയ്‌തു. പ്രതിഷേധക്കാർ പൊലീസിന് നേരെ കല്ലെറിഞ്ഞു. തുടർന്ന് ലാത്തി ചാർജും കണ്ണീർ വാതകവും പ്രയോഗിച്ചാണ് പൊലീസ് ജനക്കൂട്ടത്തെ പിരിച്ചുവിട്ടത്. ഇതോടെ രോഷാകുലരായ ജനക്കൂട്ടം പൊലീസ് വാഹനങ്ങൾക്ക് തീയിട്ടു. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ പൊലീസുകാർക്ക് ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു. ഇവർ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.