ന്യൂഡല്‍ഹി:ആഗ്ര-വാരണാസി സെമി ഹൈസ്‌പീഡ് വന്ദേ ഭാരത് എക്‌സ്പ്രസ് സെപ്‌റ്റംബർ 15ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യും. ആഗ്ര മുതൽ വാരാണസി വരെയുള്ള 573 കിലോമീറ്റർ ദൂരം ഏഴ് മണിക്കൂറിനുള്ളിൽ താണ്ടാന്‍ വന്ദേ ഭാരതിനാകും. ആഗ്ര കാന്‍റ്, ടുണ്ട്‌ല ജങ്ഷൻ, ഇറ്റാവ, കാൺപൂർ, പ്രയാഗ്‌രാജ് എന്നിവിടങ്ങളില്‍ ട്രെയിനിന് സ്റ്റോപ്പുണ്ട്.
ആഗ്രയിൽ നിന്ന് രാവിലെ 6 മണിക്ക് പുറപ്പെടുന്ന ട്രെയിന്‍ പുലർച്ചെ 1 മണിക്ക് വാരണാസിയിൽ എത്തും. വെള്ളിയാഴ്‌ച ഒഴികെയുള്ള ആറ് ദിവസങ്ങളിൽ റിവേഴ്‌സ് റൂട്ട് സമയം യഥാക്രമം 3.20, രാത്രി 10.20 ആയിരിക്കും. നിർദിഷ്‌ട റൂട്ടിന്‍റെ നിരക്ക് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
ട്രെയിനിൽ 78 സീറ്റുകളുള്ള ചെയർ കാറും 58 സീറ്റുകളുള്ള എക്‌സിക്യൂട്ടീവ് ക്ലാസ് കോച്ചുകളുമുണ്ടാകുമെന്ന് സീനിയർ ഡിവിഷണൽ കൊമേഴ്‌സ്യൽ മാനേജർ അമിത് ആനന്ദ് പറഞ്ഞു. ആഗ്രയ്ക്കും വാരാണസിക്കും ഇടയിൽ മണിക്കൂറിൽ 81.86 കിലോമീറ്ററും ആഗ്രയ്ക്കും തുണ്ഡ്‌ലയ്ക്കും ഇടയിൽ 110 കിലോമീറ്ററും തുണ്ട്ലയിൽ നിന്ന് പ്രയാഗ്‌രാജിലേക്ക് 110 കിലോമീറ്ററും പ്രയാഗ്‌രാജിൽ നിന്ന് വാരണാസിയിലേക്ക് 130 കിലോമീറ്ററും ആയിരിക്കും വന്ദേ ഭാരതിന്‍റെ ശരാശരി വേഗത.
പുതിയ വന്ദേ ഭാരത് സര്‍വീസ് യാത്ര സമയം കുറയ്ക്കുകയും ഉത്തർപ്രദേശിലെ ടൂറിസം സാധ്യത വർധിപ്പിക്കാനും സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അധികൃതര്‍ പറയുന്നു. ആഗ്ര-വാരണാസി, ടാറ്റാനഗർ-പട്‌ന, വാരണാസി-ദിയോഘർ, ടാറ്റാനഗർ-ബ്രഹ്മപൂർ, റാഞ്ചി-ഗോഡ്ഡ, ഹൗറ-ഗയ, ഹൗറ-ഭഗൽപൂർ, ദുർഗ് വിശാഖപട്ടണം (വിഎസ്‌കെപി) എന്നിവിടങ്ങളിലെ വന്ദേ ഭാരത് സർവീസുകൾക്കായി റെയിൽവേ ബോർഡ് യോഗത്തിൽ അനുമതി നൽകി. ഹൂബ്ലി-സെക്കന്തരാബാദ്, പൂനെ-നാഗ്‌പൂർ റൂട്ടുകളിലും വന്ദേഭാരത് സര്‍വീസ് ആരംഭിക്കാന്‍ റെയില്‍വേ ബോര്‍ഡ് തീരുമാനമായി.
Also Read:ഇന്ത്യൻ റെയിൽവേയുടെ തലവര മാറ്റാനായി അതിവേഗ റെയിൽ സർവീസുകൾ: ബുള്ളറ്റ് ട്രെയിനും വന്ദേ ഭാരതും എങ്ങനെ വ്യത്യാസപ്പെടുന്നു?