ഖാർഗോൺ (മധ്യപ്രദേശ്): കോൺഗ്രസ് പാർട്ടിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. 'വോട്ട് ജിഹാദാണോ രാമരാജ്യമാണോ' രാജ്യത്ത് പ്രവർത്തിക്കുകയെന്ന് വോട്ടർമാർ തീരുമാനിക്കേണ്ട സമയമാണിതെന്നും പ്രധാനമന്ത്രി പറഞ്ഞു. തനിക്കെതിരെ വോട്ട് ജിഹാദ് നടത്താന്‍ കോൺഗ്രസ് ചിലരോട് ആവശ്യപ്പെടുന്നുവെന്ന് പറഞ്ഞ അദ്ദേഹം ഒരു പ്രത്യേക മതത്തിലുള്ളവരോട് തനിക്കെതിരെ വോട്ടുചെയ്യാനും പ്രതിപക്ഷ പാര്‍ട്ടി അഭ്യർഥിക്കുകയാണെന്നും ആരോപിച്ചു. മധ്യപ്രദേശിലെ ഖാർഗോണിൽ നടന്ന റാലിയെ അഭിസംബോധന ചെയ്‌ത് സംസാരിക്കുന്നതിനിടെ ആയിരുന്നു പ്രധാനമന്ത്രിയുടെ വിദ്വേഷ പരാമർശം.
'ഇന്ത്യ ചരിത്രത്തിലെ ഒരു വഴിത്തിരിവിലാണ്, വോട്ട് ജിഹാദ് പ്രവർത്തിക്കുമോ അതോ രാമരാജ്യമോ എന്ന് നിങ്ങൾ തീരുമാനിക്കണം. പാകിസ്ഥാനിലെ തീവ്രവാദികൾ ഇന്ത്യയ്‌ക്കെതിരെ ജിഹാദ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുന്നു. ഇവിടെ, കോൺഗ്രസിലുള്ളവരും മോദിക്കെതിരെ വോട്ട് ജിഹാദ് പ്രഖ്യാപിച്ചു.
അതായത് ഒരു പ്രത്യേക മതത്തിൽപ്പെട്ടവരോട് മോദിക്കെതിരെ ഒറ്റക്കെട്ടായി വോട്ട് ചെയ്യാൻ ആവശ്യപ്പെടുന്നു. കോൺഗ്രസ് ഏത് തലത്തിലേക്ക് കൂപ്പുകുത്തിയെന്ന് സങ്കൽപ്പിക്കുക. ജനാധിപത്യത്തിൽ ഇങ്ങനെ ചെയ്യാൻ കഴിയുമോ? ഇത്തരത്തിലുള്ള ജിഹാദ് നമ്മുടെ ഭരണഘടന അനുവദിക്കുന്നുണ്ടോ?', പ്രധാനമന്ത്രി യോഗത്തിൽ ചോദിച്ചു.
മുതിർന്ന കോൺഗ്രസ് നേതാവും മുൻ വിദേശകാര്യ മന്ത്രിയുമായ സൽമാൻ ഖുർഷിദിൻ്റെ അനന്തരവളും സമാജ്‌വാദി പാർട്ടി നേതാവുമായ മരിയ ആലം ബിജെപിയെ പരാജയപ്പെടുത്താൻ മുസ്‌ലിങ്ങളോട് 'വോട്ട് ജിഹാദ്' ചെയ്യണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ പരാമർശം. ഏപ്രിൽ 30ന് ഉത്തർപ്രദേശിലെ ഫറൂഖാബാദ് മണ്ഡലത്തിൽ ഇന്ത്യൻ ബ്ലോക്കിൻ്റെ സ്ഥാനാർഥിക്ക് വേണ്ടി വോട്ട് തേടുന്നതിനിടെയാണ് ആലം ഇക്കാര്യം പറഞ്ഞത്. ഈ പ്രസംഗത്തിന് പിന്നാലെ ഇവർക്കെതിരെ കേസെടുക്കുകയും ചെയ്‌തിരുന്നു. മരിയ ആലം ഖാൻ ന്യൂനപക്ഷ സമുദായത്തോട് "വോട്ട് ജിഹാദിന്" ആവശ്യപ്പെട്ടതായാണ് എഫ്ഐആറിൽ പറയുന്നത്.