ഭോപ്പാൽ: വരും വർഷങ്ങളിലും ഇന്ത്യ ലോകത്തില്‍ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയായി തുടരുമെന്ന് ലോക ബാങ്ക് ആത്മവിശ്വാസം പ്രകടിപ്പിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക ബാങ്കിന്‍റെ ഗ്ലോബൽ ഇക്കണോമിക് പ്രോസ്‌പെക്റ്റ്‌സ് റിപ്പോർട്ട് പരാമർശിച്ചാണ് മോദിയുടെ പ്രസ്‌താവന. ഭോപ്പാലിൽ 'ഇൻവെസ്റ്റ് മധ്യപ്രദേശ് - ആഗോള നിക്ഷേപക ഉച്ചകോടി -2025' ഉദ്ഘാടനം ചെയ്‌ത ശേഷം സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ആഗോള എയ്‌റോസ്‌പേസ് സ്ഥാപനങ്ങൾക്കുള്ള ഏറ്റവും മികച്ച വിതരണ ശൃംഖലയായി ഇന്ത്യ ഉയർന്നു വരികയാണെന്നും ടെക്‌സ്റ്റൈൽ, ടൂറിസം, സാങ്കേതിക മേഖലകൾ എന്നിവ വരും വർഷങ്ങളിൽ കോടിക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുമെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു. മധ്യപ്രദേശില്‍ നിക്ഷേപം ആകർഷിക്കുന്ന തരത്തില്‍ സംസ്ഥാന സർക്കാര്‍ രൂപീകരിച്ച 18 പുതിയ നയങ്ങളും പ്രധാനമന്ത്രി അനാച്ഛാദനം ചെയ്‌തു. മധ്യപ്രദേശില്‍ 'ഇരട്ട എഞ്ചിൻ' സർക്കാർ രൂപീകരിച്ചതിന് ശേഷം വികസന വേഗത ഇരട്ടിയായി എന്നും മോദി പറഞ്ഞു.
ഹരിത ഊർജ്ജം, വൈദ്യുത വാഹനങ്ങൾ അടക്കമുള്ള മേഖലകളിൽ ഏറ്റവും കൂടുതൽ നിക്ഷേപ സാധ്യതകളുള്ളത് മധ്യപ്രദേശിലാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി മധ്യപ്രദേശിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെട്ടിട്ടുണ്ടെന്നും മോദി പറഞ്ഞു. ഭോപ്പാലിലെ മാനവ് സംഗ്രഹാലയയിൽ സംഘടിപ്പിച്ച ഉച്ചകോടിയിൽ ഇന്ത്യയിൽ നിന്നും വിദേശത്ത് നിന്നുമുള്ള 3000ത്തിലധികം വൻകിട നിക്ഷേപകരാണ് പങ്കെടുത്തത്.