ബംഗളൂരു:പ്രധാനമന്ത്രി നരേന്ദ്ര മോദി തെരഞ്ഞെടുപ്പിൽ വിജയിക്കുന്നത് തട്ടിപ്പിലൂടെയാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്‌ത ഖാർഗെ, ഇവിഎമ്മുകളിൽ തട്ടിപ്പ് നടത്താനാകുമെന്ന് ടെക് വിദഗ്‌ധൻ ഇലോൺ മസ്‌ക് പറഞ്ഞതായും ചൂണ്ടിക്കാട്ടി. ഇന്നലെ നടന്ന ഇന്ദിരാഗാന്ധി, സർദാർ വല്ലഭ് ഭായ് പട്ടേൽ അനുസ്‌മരണ ചടങ്ങിൽ സംസാരിക്കവെയായിരുന്നു ഖാർഗെയുടെ ആരോപണങ്ങൾ.
"മോദി ഒരു ഉപതിരഞ്ഞെടുപ്പിലും ജയിച്ചിട്ടില്ല. എല്ലാം തട്ടിപ്പാണ്. വോട്ടർ പട്ടികയിൽ നിന്ന് 10,000 പേരുകൾ നീക്കം ചെയ്യുകയും 10,000 മുതൽ 20,000 പേരെ വരെ പുതിയതായി ചേർക്കുകയോ ചെയ്യുന്നു. ഇതാണ് സത്യം, എന്നാൽ ഇത് എങ്ങനെ തെളിയിക്കും എന്നതാണ് ചോദ്യം," ഖാർഗെ പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കമ്പ്യൂട്ടറുകളിലൂടെ ഇവിഎമ്മുകളില്‍ മാറ്റം വരുത്താനും ഹാക്ക് ചെയ്യാനും കഴിയുമെന്ന് സാങ്കേതിക വിദഗ്‌ധനായ ഇലോൺ മസ്‌ക് പറഞ്ഞതായി ഖാർഗെ ചൂണ്ടിക്കാട്ടി. യുഎസ്, കാനഡ, ബ്രിട്ടൻ, ജർമ്മനി, ഫ്രാൻസ്, ഇറ്റലി തുടങ്ങിയ പ്രധാനപ്പെട്ട ഒരു പാശ്ചാത്യ രാജ്യങ്ങളും ഇവിഎം ഉപയോഗിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സർദാർ വല്ലഭ് ഭായ് പട്ടേലിനെ കോൺഗ്രസിൽ നിന്ന് തട്ടിയെടുക്കാനും വേർപെടുത്താനും നിരന്തരമായ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും ഖാർഗെ പറഞ്ഞു. പട്ടേൽ കോൺഗ്രസ് പ്രത്യയശാസ്ത്രത്തിൽ അടിയുറച്ച് വിശ്വസിക്കുകയും, മഹാത്മാഗാന്ധിയുടെ കൊലപാതകത്തിന് ശേഷം ആർഎസ്എസിനെ നിരോധിക്കുകയും ചെയ്‌തതിനാൽ അത് നടക്കില്ല. മതത്തിൻ്റെയും ജാതിയുടെയും അടിസ്ഥാനത്തിൽ ജനങ്ങളെ ഒന്നിപ്പിക്കുന്നതിന് പകരം മോദി ജനങ്ങളെ ഭിന്നിപ്പിക്കുകയാണെന്നും ഖാർഗെ ആരോപിച്ചു.
Also Read:'സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ കോണ്‍ഗ്രസുകാരൻ, സംഘികളെ നിയന്ത്രിച്ചിരുന്നു', ബിജെപിയെ പരിഹസിച്ച് കോണ്‍ഗ്രസ്