ന്യൂഡല്‍ഹി :രാജ്യത്ത് പത്ത് ലക്ഷത്തോളം യുവാക്കള്‍ക്കാണ് എൻഡിഎ ഗവണ്മെന്റ് കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ സ്ഥിരമായുള്ള സര്‍ക്കാര്‍ ജോലി നല്‍കിയതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്രസര്‍ക്കാരിന്റെ തൊഴില്‍ദാന മേളയായ റോസ്ഗർ മേളയുടെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട 71,000ത്തിലധികം പേര്‍ക്ക് നിയമന കത്ത് ഓണ്‍ലൈനായി കൈമാറിയ ശേഷം സംസാരിക്കവെയാണ് മോദിയുടെ പ്രതികരണം. ഇതിന് മുന്‍പ് ഒരിക്കലും രാജ്യത്ത് ഒരു ഭരണകൂടവും ഇത്തരത്തില്‍ ആര്‍ക്കും തൊഴില്‍ നല്കാൻ തയ്യാറായില്ലെന്നും ഇതൊരു റെക്കോഡാണെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു.
യുവജനങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ നയങ്ങളുടെയും പരിപാടികളുടെയും കേന്ദ്രബിന്ദു. സത്യസന്ധതയും സുതാര്യതയും ഉറപ്പുവരുത്തിയാണ് തൊഴില്‍മേളയിലൂടെ അര്‍ഹരായവരെ തെരഞ്ഞെടുത്തത്. വനിതകളാണ് തൊഴില്‍ നേടിയവരില്‍ ഭൂരിഭാഗം പേരും. സ്ത്രീകളെ സ്വയം പര്യാപ്തരാക്കുക എന്നതാണ് തന്റെ സര്‍ക്കാരിന്റെ ശ്രമമെന്നും മോദി പറഞ്ഞു.
സ്ത്രീകള്‍ക്ക് 26 ആഴ്ചത്തെ പ്രസവാവധി അനുവദിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം അവരുടെ കരിയറില്‍ വളരെയധികം ഗുണം ചെയ്തു. 'പിഎം ആവാസ് യോജന' പദ്ധതി പ്രകാരം നിര്‍മിച്ച വീടുകളുടെ ഭൂരിഭാഗം ഉടമസ്ഥരും സ്ത്രീകളാണ്. സ്ത്രീകളുടെ നേതൃത്വത്തിലാണ് രാജ്യത്ത് വികസനവും നടക്കുന്നത്.