ന്യൂഡൽഹി:അംബേദ്‌ക്കർ വിവാദത്തിൽ കോൺഗ്രസിനെതിരെ തിരിച്ചടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വര്‍ഷങ്ങളായി അംബേദ്‌കറിനെ അവഹേളിക്കുന്ന ദ്രവിച്ച സംവിധാനമാണ് കോണ്‍ഗ്രസ് പിന്തുടരുന്നതെന്ന് പ്രധാനമന്ത്രി തുറന്നടിച്ചു. കഴിഞ്ഞ ദിവസം രാജ്യസഭയില്‍ നടത്തിയ പ്രസംഗത്തില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ ഭരണഘടനാ ശില്‍പിയായ അംബേദ്‌കറിനെ അപമാനിച്ചതായി കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. ഇതിന് മറുപടിയുമായാണ് മോദി രംഗത്ത് എത്തിയത്.
അമിത്‌ഷാ പറഞ്ഞ വസ്‌തുതകൾ കേട്ട് കോൺഗ്രസ് സ്‌തംഭിച്ചുപോയതിനാലാണ് അവർ ഇപ്പോൾ പ്രതിഷേധ നാടകങ്ങൾ നടത്തുന്നതെന്ന് പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു. അംബേദ്‌കറിനോട് സർക്കാരിന് തികഞ്ഞ ആദരവും ബഹുമാനവുമാണുള്ളതെന്ന് മോദി പറഞ്ഞു.
അമിത് ഷാ രാജിവയ്‌ക്കണമെന്നതാണ് കോൺഗ്രസിന്‍റെ ആവശ്യം. എന്നാൽ അംബേദ്‌കറിന്‍റെ പാരമ്പര്യത്തെ താറടിക്കാനുളള എല്ലാ വൃത്തികെട്ട തന്ത്രങ്ങളും വര്‍ഷങ്ങളായി പയറ്റുന്ന പാർട്ടിയാണ് കോൺഗ്രസെന്ന് നരേന്ദ്ര മോദി ആരോപിച്ചു. കോണ്‍ഗ്രസ് പട്ടികജാതി-പട്ടിക വര്‍ഗ വിഭാഗങ്ങളെ അവഹേളിക്കുന്ന പാര്‍ട്ടിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഭരണഘടനയെക്കുറിച്ചുള്ള ചർച്ചയ്ക്കുള്ള മറുപടിയ്ക്കിടെ 'അംബേദ്‌കറിന്‍റെ പേര് പറയുന്നത് കോൺഗ്രസിനെ സംബന്ധിച്ച് ഫാഷനാണെന്നും അത്രയും തവണ ദൈവനാമം പറഞ്ഞിരുന്നെങ്കിൽ അവർക്ക് സ്വർഗത്തിൽ പോകാമായിരുന്നു' എന്ന ഷായുടെ വാക്കുകളാണ് വിവാദമായത്. 'ഇന്ത്യൻ ഭരണഘടനയുടെ 75 വർഷത്തെ മഹത്തായ യാത്ര'എന്ന ചർച്ചയ്ക്കിടെയായിരുന്നു ഷായുടെ പരാമർശം. ഇതിന് പിന്നാലെയാണ് അമിത് ഷാ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രതിഷേധിച്ചത്.
'അഭി ഏക് ഫാഷൻ ഹോ ഗയാ ഹേ - അംബേദ്‌കർ, അംബേദ്‌കർ, അംബേദ്‌കർ, അംബേദ്‌കർ, അംബേദ്‌കർ, അംബേദ്‌കർ. ഇത്നാ നാം അഗർ ഭഗവാൻ കാ ലെതേ തോ സാത് ജന്മോൻ തക് സ്വർഗ് മിൽ ജാതാഅംബേദ്‌കർ, അംബേദ്‌കർ, അംബേദ്‌കർ' -ഇതായിരുന്നു അമിത് ഷാ നടത്തിയ പരാമർശം.
വിവാദ പരാമർശത്തിൽ അമിത് ഷാ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും രംഗത്തെത്തിയിരുന്നു. എന്നാൽ കോണ്‍ഗ്രസ് അംബേദ്‌കറിനെ അവഹേളിക്കുന്ന പാർട്ടിയാണെന്ന് മോദി ആരോപിച്ചു. അംബേദ്‌കറിന് കോൺഗ്രസ് ഭാരതരത്‌ന നിഷേധിച്ചുവെന്നും അദ്ദേഹത്തെ അവർ രണ്ട് തവണ തെരഞ്ഞെടുപ്പില്‍ തോല്‍പ്പിച്ചുവെന്നും മോദി പറഞ്ഞു.