മുംബൈ:മൂന്ന് അത്യാധുനിക യുദ്ധക്കപ്പലുകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു. ഐഎന്‍എസ് സൂറത്ത്, ഐഎന്‍എസ് നീലഗിരി, ഐഎന്‍എസ് വാഗീശ്വര്‍ എന്നീ കപ്പലുകളാണ് രാജ്യത്തിന് സമര്‍പ്പിച്ചത്. മുംബൈയിലെ നാവിക തുറമുഖത്തായിരുന്നു ഈ മൂന്ന് കപ്പലുകളുടെയും കമ്മീഷനിങ് നടന്നത്.
ഇതോടെ ഇന്ത്യ ആഗോള സുരക്ഷ രംഗത്തും സമ്പദ്ഘടനയിലും ഭൗമ രാഷ്‌ട്രീയ ചലനങ്ങള്‍ക്കും നിര്‍ണായകമായ ദിശാബോധം നല്‍കാന്‍ തുടങ്ങുകയാണെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു. ഇന്ത്യ എപ്പോഴും തുറന്ന, സുരക്ഷിതമായ, എല്ലാവരെയും ഉള്‍ക്കൊള്ളുന്ന, പുരോഗമനപരമായ ഒരു ഇന്തോ -പസഫിക് മേഖലയ്ക്കാണ് ശ്രമിച്ചിട്ടുള്ളതെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. മിസൈല്‍ വേധ, യുദ്ധ, മുങ്ങിക്കപ്പലുകള്‍ ഒരേ സമയം കമ്മീഷന്‍ ചെയ്യുന്നത് ഇതാദ്യമായാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ മൂന്ന് കപ്പലുകളും ഇന്ത്യയില്‍ തന്നെ നിര്‍മ്മിച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ആത്മനിര്‍ഭര്‍ ഭാരത് ഇന്ത്യയെ കരുത്തുറ്റ സ്വയം പര്യാപ്‌ത രാജ്യമാക്കി മാറ്റി. ഇന്ത്യ ഒരു പ്രമുഖ കടല്‍ ശക്തിയായി മാറി. ഒപ്പം ഈ രംഗത്ത് നാം വിശ്വസ്‌തരും ഉത്തരവാദിത്തവുമുള്ള പങ്കാളികളായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമുദ്രത്തെ മയക്കുമരുന്നില്‍ നിന്നും ആയുധങ്ങളില്‍ നിന്നും ഭീകരതയില്‍ നിന്നും മുക്തമാക്കുന്നതില്‍ ഇന്ത്യ ആഗോള പങ്കാളിയായി. കടലിനെ സുരക്ഷിതവും പുരോഗമനപരവുമാക്കി.
നമ്മുടെ സമുദ്രാതിര്‍ത്തി സംരക്ഷിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. സമുദ്രയാത്രയില്‍ സ്വാതന്ത്ര്യം ആവശ്യമാണ്. വാണിജ്യ വിതരണശൃംഖലയും കടല്‍പാതയും സുരക്ഷിതമായി സൂക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ വികസനത്തിന് വേണ്ടിയാണ് നിലകൊള്ളുന്നത്. മറിച്ച് അധിനിവേശത്തിന് വേണ്ടിയല്ല. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഇന്ത്യന്‍ നാവികസേനയില്‍ 33 കപ്പലുകളും ഏഴ് മുങ്ങിക്കപ്പലുകളും ഉള്‍പ്പെടുത്താനായി.
ഇന്ത്യയുടെ പ്രതിരോധ ഉത്പാദനം 1.25 ലക്ഷം കോടി കടന്നു. നൂറിലേറെ രാജ്യങ്ങളിലേക്ക് പ്രതിരോധ ഉത്പന്നങ്ങള്‍ കയറ്റി അയക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ദേവേന്ദ്ര ഫട്‌നാവിസ് മുഖ്യമന്ത്രിയായി ചുമതലയേറ്റ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങിയ ശേഷം ആദ്യമായാണ് പ്രധാനമന്ത്രി സംസ്ഥാനത്ത് സന്ദര്‍ശനം നടത്തുന്നത്. നിരവധി പരിപാടികളില്‍ അദ്ദേഹം ഇവിടെ പങ്കെടുക്കുന്നുണ്ട്. നവി മുംബൈയിലെ ഖാര്‍ഗറില്‍ ഇസ്‌കോണിന്‍റെ ഒരു ക്ഷേത്രം ഉദ്ഘാടനം അടക്കമുള്ള പരിപാടികളിലാണ് പ്രധാനമന്ത്രി സംബന്ധിക്കുന്നത്. വൈകിട്ട് 3.30നാണ് ക്ഷേത്രത്തിന്‍റെ ഉദ്ഘാടനം.
സമുദ്രസുരക്ഷയില്‍ നിര്‍ണായകമായ യുദ്ധക്കപ്പലുകള്‍
പ്രതിരോധ ഉത്പാദനത്തിലും സമുദ്രസുരക്ഷയിലും ഇന്ത്യയെ ആഗോള നേതൃത്വനിരയിലേക്ക് എത്തിക്കുന്നതാണ് പുത്തന്‍ കപ്പലുകളുടെ കമ്മീഷനിങ്. പി15ബി ഗൈഡഡ് മിസൈല്‍ വേധ പദ്ധതിയില്‍ പെടുന്ന അവസാനത്തെയും നാലാമത്തെയും കപ്പലാണ് ഐഎന്‍എസ് സൂറത്ത്. ലോകത്തെ ഏറ്റവും വലിയ മിസൈല്‍ വേധ കപ്പലാണിതെന്ന പ്രത്യേകതയുമുണ്ട്. 75 ശതമാനവും തദ്ദേശീയമായി വികസിപ്പിച്ച കപ്പലാണിത്. ആയുധ സെന്‍സറടക്കമുള്ള അത്യാധുനിക സംവിധാനങ്ങള്‍ ഇതിലുള്‍പ്പെടുത്തിയിരിക്കുന്നു.
പി17എ സ്റ്റീല്‍ത്ത് ഫ്രിഗേറ്റ് പ്രൊജക്‌ടിന്‍റെ ആദ്യ കപ്പലാണ് ഐഎന്‍എസ് നീലഗിരി. ഇന്ത്യന്‍ നാവികസേനയുടെ യുദ്ധക്കപ്പല്‍ ഡിസൈന്‍ ബ്യൂറോയാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. അത്യാധുനിക നിരീക്ഷണ സംവിധാനങ്ങളും കടല്‍സുരക്ഷ, ചാരവൃത്തി അടക്കം നിരവധി പുതുതലമുറ സവിശേഷതകളുള്ള കരുത്തുറ്റ തദ്ദേശീയമായി നിര്‍മ്മിച്ച കപ്പലാണിത്.
ഐഎന്‍എസ് വാഗീശ്വര്‍ പി75 മുങ്ങിക്കപ്പല്‍ പദ്ധതിയിലെ ആറാമത്തെയും അവസാനത്തേതുമായ കപ്പലാണ്. മുങ്ങിക്കപ്പല്‍ നിര്‍മ്മാണ രംഗത്തെ ഇന്ത്യയുടെ വളര്‍ന്ന് വരുന്ന വൈദഗ്ദ്ധ്യം വെളിപ്പെടുത്തുന്ന കപ്പലാണിത്. ഫ്രാന്‍സിലെ നാവിക സംഘവുമായി ചേര്‍ന്നാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്.
ഇതിനൊപ്പം രാജ്യത്തിന്‍റെ സാംസ്‌കാരിക പരമ്പര്യം സംരക്ഷിക്കുന്നതിലും തനിക്കുള്ള അര്‍പ്പണബോധം വ്യക്തമാക്കുന്ന പരിപാടികളിലും പ്രധാനമന്ത്രി ഇന്ന് പങ്കെടുക്കുന്നുണ്ട്. ഖാര്‍ഗറിലെ ഇസ്‌കോണിന്‍റെ ക്ഷേത്രമായ ശ്രീ ശ്രീ രാധാ മദന്‍മോഹന്‍ജി ക്ഷേത്രവും അദ്ദേഹം ഉദ്ഘാടനം ചെയ്യും. ഒന്‍പത് ഏക്കറിലായി വ്യാപിച്ച് കിടക്കുന്ന ക്ഷേത്രസമുച്ചയമാണിത്. നിരവധി ദേവതകളും ഉപദേവതകളും ക്ഷേത്രത്തിലുണ്ട്.
ഇതിന് പുറമെ വേദ പഠന കേന്ദ്രവും മ്യൂസിയം, ഓഡിറ്റോറിയം, രോഗനിവാരണ കേന്ദ്രം എന്നിവയും ഇവിടെ ഒരുക്കിയിട്ടുണ്ട്. ആഗോള സാഹോദര്യം പ്രോത്സാഹിപ്പിക്കാനും സമാധാനവും വേദ പഠനത്തിലൂടെ സാമൂഹ്യ ഐക്യവും ഊട്ടിയുറപ്പിക്കാനും ക്ഷേത്രം ലക്ഷ്യം വയ്ക്കുന്നു.
മഹായുതിയിലെ എല്ലാ സമാജികരും പ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തുമെന്ന് ഉപമുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ പറഞ്ഞു. അവരുടെ ജനാധിപത്യ കര്‍ത്തവ്യങ്ങള്‍ നടപ്പാക്കുന്നതിനെക്കുറിച്ചുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. ജനങ്ങള്‍ നമുക്ക് വന്‍ ഭൂരിപക്ഷം നല്‍കിയിരിക്കുന്നു. അത് കൊണ്ട് തന്നെ നമ്മുടെ ഉത്തരവാദിത്തം വര്‍ധിച്ചിരിക്കുകയാണ്. അത് കൊണ്ട് തന്നെ മോദിയുടെ ഇവരുമായുള്ള സംവാദത്തിന് ഏറെ പ്രാധാന്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാര്‍ട്ടിയുടെ ഒരു യോഗം കഴിഞ്ഞ ദിവസം നടന്നിരുന്നു. പാര്‍ട്ടിയുടെ സംഘടനാകാര്യങ്ങളും വരുന്ന തദ്ദേശ ഭരണ തെരഞ്ഞെടുപ്പുകളെ നേരിടുന്നത് സംബന്ധിച്ചുമുള്ള ചര്‍ച്ചകളാണ് നടന്നത്. തങ്ങളുടെ സര്‍ക്കാരിന് പ്രധാനമന്ത്രി നരേന്ദ്ര മോദി പൂര്‍ണ പിന്തുണ നല്‍കുന്നുണ്ട്. അത് കൊണ്ട് തന്നെയാണ് തങ്ങളുടെ സര്‍ക്കാരിന് മികച്ച പ്രകടനം നടത്താനാകുന്നത്. ഒന്നിച്ചുള്ള പ്രവര്‍ത്തനത്തിലൂടെ നമുക്ക് വലിയ വിജയം നേടാനായി.
Also Read:ഇന്ന് കരസേനാ ദിനം; ബ്രിട്ടീഷുകാരില്‍ നിന്ന് കെ എം കരിയപ്പ ഇന്ത്യന്‍ സേനയ്ക്ക് വേണ്ടി ചുമതലയേറ്റെടുത്ത ദിനത്തിന്‍റെ ഓര്‍മ്മയില്‍ സൈന്യം