കേരളം

kerala

ETV Bharat / bharat

ബുള്ളറ്റ് ട്രെയിന്‍, അന്താരാഷ്‌ട്ര രാമായണോത്സവം, ഏകീകൃത സിവില്‍ കോഡ്...; 'സങ്കൽപ് പത്ര' പുറത്തിറക്കി ബിജെപി - PM Modi Unveils BJP Manifesto - PM MODI UNVEILS BJP MANIFESTO

രാജ്യം കാത്തിരുന്ന പ്രകടന പത്രികയാണ് ബിജെപി അവതരിപ്പിച്ചിരിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

BJP MANIFESTO  NARENDRA MODI  സങ്കൽപ് പത്ര  ബിജെപി പ്രകടന പത്രിക
PM Modi Unveils 'Sankalp Patra', BJP Manifesto For Lok Sabha Election 2024

By ETV Bharat Kerala Team

Published : Apr 14, 2024, 11:01 AM IST

Updated : Apr 14, 2024, 1:52 PM IST

ഹൈദരാബാദ് : 2024 ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ പ്രകടന പത്രിക പുറത്തിറക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡല്‍ഹിയിൽ നടന്ന ചടങ്ങിൽ പാർട്ടി അധ്യക്ഷൻ ജെപി നദ്ദ, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് എന്നിവരുടെ സാന്നിധ്യത്തിലാണ് പ്രകടന പത്രിക പുറത്തിറക്കിയത്. വികസനം, സമൃദ്ധമായ ഇന്ത്യ, സ്‌ത്രീകൾ, യുവാക്കൾ, ദരിദ്രർ, കർഷകർ എന്നിവർക്കാണ് ബിജെപിയുടെ പ്രകടന പത്രിക പ്രാധാന്യം നൽകുന്നതെന്ന് പത്രിക പുറത്തിറക്കിക്കൊണ്ട് മോദി പറഞ്ഞു.

സാംസ്‌കാരിക ദേശീയതക്ക് ഊന്നൽ നൽകുന്ന, 'മോദിയുടെ ഗ്യാരണ്ടി: വികസിത ഇന്ത്യ 2047' എന്നതാണ് 'സങ്കൽപ് പത്ര'യുടെ പ്രമേയം. ഏകീകൃത സിവില്‍ കോഡ്, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് തുടങ്ങിയവ നടപ്പില്‍ വരുത്തും, ലഖ്‌പതി ദീദി പദ്ധതിയില്‍ 3 കോടി സ്‌ത്രീകൾക്കായി വിപുലീകരിക്കും, വനിത സംവരണം പ്രാബല്യത്തിൽ വരും, A മെട്രോ റെയിൽ ശൃംഖല വിപുലീകരിക്കും, അഴിമതി നടത്തുന്നവര്‍ക്കെതിരെ കർശന നടപടികൾ സ്വീകരിക്കും, കൂടുതൽ വന്ദേ ഭാരത് ട്രെയിനുകൾ, തെക്ക്-വടക്ക് ബുള്ളറ്റ് ട്രെയിനിന്‍റെ സാധ്യതാ പഠനം, 6-ജി സാങ്കേതിക വിദ്യ, അന്താരാഷ്‌ട്ര തലത്തിൽ രാമായണോത്സവം സംഘടിപ്പിക്കും തുടങ്ങി നിരവധി പ്രഖ്യാപനങ്ങളാണ് ബിജെപിയുടെ പ്രകടന പത്രികയിലുള്ളത്.

രാജ്യം കാത്തിരുന്ന പ്രകടന പത്രികയാണ് ബിജെപി അവതരിപ്പിച്ചിരിക്കുന്നതെന്ന് പത്രിക പുറത്തിറക്കിയതിന് ശേഷം സംസാരിച്ച പ്രധാനമന്ത്രി പറഞ്ഞു. നടപ്പാക്കുമെന്ന് ഉറപ്പുള്ള കാര്യങ്ങള്‍ മാത്രമേ പ്രകടന പത്രികയിൽ ബിജെപി പറയാറുള്ളൂ എന്നും മോദി പറഞ്ഞു. സൗജന്യ റേഷൻ അടുത്ത 5 വർഷത്തേക്ക് കൂടി തുടരുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു.

70 വയസിന് മുകളിലുള്ള എല്ലാവരെയും ആയുഷ്‌മാൻ ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തും. വാതക പൈപ്പ് ലൈൻ എല്ല വീടുകളിലും എത്തിക്കും. മുദ്ര ലോൺ 10 ലക്ഷത്തിൽ നിന്ന് 20 ലക്ഷമായി ഉയര്‍ത്തും. ട്രാൻസ്ജെൻഡറുകളെ ആയുഷ്‌മാൻ ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തും തുടങ്ങി നിരവധി വാഗ്‌ദാനങ്ങളും നരേന്ദ്ര മോദി പ്രസംഗത്തില്‍ നല്‍കി.

'സങ്കൽപ് പത്ര' പുറത്തിറക്കുന്നതിന് മുമ്പ് ജനങ്ങളുടെ നിർദേശങ്ങൾ തേടി രാജ്യത്തുടനീളം വൻ പ്രചാരണങ്ങൾ ബിജെപി നടത്തിയിരുന്നു. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്‍റെ നേതൃത്വത്തിൽ രണ്ട് തവണ യോഗം ചേർന്ന്, പ്രകടന പത്രിക സമിതിയെയും പാര്‍ട്ടി നിയോഗിച്ചിരുന്നു. നമോ (NaMo) ആപ്പ് വഴി 400,000-ത്തിലധികം പേരും വീഡിയോകളിലൂടെ 1.1 ദശലക്ഷത്തിലധികം നിർദേശങ്ങളും ഉൾപ്പെടെ 1.5 ദശലക്ഷത്തിലധികം നിർദേശങ്ങളാണ് ബിജെപിക്ക് പ്രകടന പത്രികയ്‌ക്കായി ലഭിച്ചത്.

Also Read :സവര്‍ഗാനുരാഗികള്‍ക്ക് അനുകൂലമായി നിയമം കൊണ്ടുവരും; കോണ്‍ഗ്രസ് പ്രകടന പത്രികയില്‍ ഭാഷ-മത-ലിംഗ ന്യൂനപക്ഷ വികസനം - Recognise Unions Between LGBTQIA

Last Updated : Apr 14, 2024, 1:52 PM IST

ABOUT THE AUTHOR

...view details