മുംബൈ:മുംബൈയിൽ വച്ച് നടന്ന റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ മകൻ അനന്ത് അംബാനിയുടെയും രാധിക മർച്ചൻ്റിൻ്റെയും വിവാഹ ആഘോഷത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുംബൈയിലെ ജിയോ വേൾഡ് കൺവെൻഷൻ സെൻ്ററിൽ ശനിയാഴ്ച രാത്രി നടന്ന 'ശുഭ് ആശിർവാദ്' ചടങ്ങിലാണ് മോദി പങ്കെടുത്തത്. അംബാനി കുടുംബത്തിനൊപ്പമുള്ള മോദിയുടെ ഫോട്ടോയും വീഡിയോകളുമെല്ലാം സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.
മുകേഷ് അംബാനി, നിത അംബാനി, നവദമ്പതികളായ അനന്ത് അംബാനി, രാധിക മർച്ചൻ്റ് എന്നിവർക്കൊപ്പം മോദി പോസ് ചെയ്യുന്നതിന്റെ ഫോട്ടോകളും വീഡിയോകളുമാണ് പുറത്തുവന്നത്. പാരമ്പര്യത്തിൻ്റെയും ആധുനികതയുടെയും സമന്വയമായിരുന്നു ജിയോ വേൾഡ് കൺവെൻഷൻ സെൻ്ററിൽ ഒരുക്കിയത്. ആത്മീയ പ്രതിനിധികൾ, വിവിധ രാഷ്ട്രീയ പ്രമുഖർ, സെലിബ്രിറ്റികൾ എന്നിവരുടെ സാന്നിധ്യം കൊണ്ടും ശ്രദ്ധേയമായിരുന്നു വിവാഹവും മറ്റ് ചടങ്ങുകളുമെല്ലാം.
ജൂലൈ 12 വെള്ളിയാഴ്ചയായിരുന്നു അനന്ദ് - രാധിക വിവാഹം. ഇതിന് പിന്നാലെ നടന്ന 'ശുഭ് ആശിർവാദ്' ചടങ്ങുമായി ബന്ധപ്പെട്ട് പുരോഹിതൻ നടത്തിയ പൂജയിൽ പ്രധാനമന്ത്രി മോദി പങ്കെടുക്കുന്നത് വീഡിയോയിൽ കാണാം. അനന്തും രാധികയും മോദിയുടെ കാലിൽ തൊട്ട് അനുഗ്രഹം തേടുന്നതും ഇരുവരെയും അദ്ദേഹം ആശിർവദിക്കുന്നതും പുറത്തുവന്ന വീഡിയോകളിലുണ്ട്.