രാഹുൽ ഗാന്ധിക്കെതിരെ പിണറായി വിജയൻ കണ്ണൂർ : വോട്ടെടുപ്പ് കഴിയുംവരെ സ്വന്തം ജില്ലയിൽ തുടരുന്ന മുഖ്യമന്ത്രി കൂടുതലും സ്വന്തം മണ്ഡലത്തിലെ കുടുംബ യോഗങ്ങളിൽ ആണ് പങ്കെടുക്കുന്നത്. ന്യൂനപക്ഷ വോട്ട് ലക്ഷ്യംവച്ചും പൗരത്വ ഭേദഗതി ആയുധം ആക്കിയുമാണ് മുഖ്യമന്ത്രിയുടെ പ്രചാരണം. അവസാന ലാപ്പിലേക്ക് പ്രചാരണം കടന്നതോടെ രാഹുൽ ഗാന്ധിക്കെതിരെയുള്ള വിമര്‍ശനം കടുപ്പിച്ചിട്ടുമുണ്ട്.
കണ്ണൂർ പ്രസ് ക്ലബ് സംഘടിപ്പിച്ച മുഖാമുഖത്തിലും രാഹുലിനെതിരെയുള്ള നിലപാടിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉറച്ചുനിന്നു. രാജ്യത്ത് അതീവ ഗൗരവമുള്ള കാര്യങ്ങൾ ചർച്ച ചെയ്യുമ്പോൾ അത്തരം ചർച്ചകളിലേക്ക് എത്താൻ ഒരു കാലഘട്ടത്തിലും രാഹുലിന് കഴിഞ്ഞിട്ടില്ല. ഗൗരവമുള്ള രാഷ്‌ട്രീയ നേതാവ് എന്ന സമീപനം രാഹുൽ സ്വീകരിക്കാറില്ല എന്നും ബിജെപിയെ സഹായിക്കുന്ന നിലപാട് രാഹുൽ ഗാന്ധിയിൽ നിന്ന് ഉണ്ടാവുക എന്നത് തീർത്തും അപക്വമാണ് എന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
രാഹുലിന്‍റെ ആ നിലപാടിനെയാണ് താൻ വിമർശിച്ചത്. കേരളത്തിലെ നേതാക്കൾ പറഞ്ഞുകൊടുക്കുന്നത് അതേ പടി സ്വീകരിക്കുകയാണ് രാഹുൽ ഗാന്ധി ചെയ്യുന്നത്. രാഹുൽ ഗാന്ധിക്ക് പൗരത്വ ഭേദഗതി നിയമ വിഷയത്തിൽ മൗനമാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. രാഹുലിനെ അധിക്ഷേപിച്ച പി വി അൻവറിനെ മുഖ്യമന്ത്രി തള്ളി പറയാൻ തയ്യാറായതുമില്ല. രാഹുൽ ഗാന്ധി പറയുമ്പോൾ തിരിച്ചും കിട്ടും എന്ന് ആലോചിക്കണം എന്നും ആദ്ദേഹം വ്യക്തമാക്കി.
2019ൽ ജയിച്ചുപോയവരുടെ പ്രവർത്തനങ്ങൾ വിലയിരുതാനുള്ള അവസരം കൂടി ആണ് ഈ തെരഞ്ഞെടുപ്പ്. ഭരണഘടനാ സ്ഥാപനങ്ങളെയെല്ലാം തങ്ങളുടെ കാൽക്കീഴിലേക്ക് കൊണ്ടുവരികയാണ് സംഘപരിവാർ പ്രസ്ഥാനങ്ങൾ. പ്രധാന മന്ത്രിയുടെ വർഗീയ പ്രസംഗത്തിൽ കമ്മീഷൻ ഇടപെടുന്നില്ല എന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരളത്തിന്‍റെ പ്രശ്‌നങ്ങൾ ശരിയായ രീതിയിൽ കൈകാര്യം ചെയ്‌തില്ല.
ന്യൂനപക്ഷത്തെ കുറിച്ചുള്ള കുഞ്ഞാലിക്കുട്ടിയുടെ പ്രസ്‌താവന അബദ്ധം നിറഞ്ഞതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.ന്യൂന പക്ഷ സംരക്ഷണം എന്നത് ന്യൂന പക്ഷത്തിന്‍റേത് മാത്രം അല്ല. അത് രാജ്യത്തിന്‍റേത് കൂടിയാണ്. മതത്തിനപ്പുറത്തെ ശക്തികൾ നടത്തേണ്ടത് ആണ്. അങ്ങനെ ഒരു പ്രതികരണം കുഞ്ഞാലിക്കുട്ടിയിൽ നിന്ന് ഉണ്ടാകുമെന്ന് ഞാൻ കരുതുന്നില്ല. കുഞ്ഞാലികുട്ടിക്ക് കോൺഗ്രസിനെ പരസ്യമായി കുറ്റപ്പെടുത്താൻ കഴിയുന്നില്ല.
സംസ്ഥാനത്ത് എൽ ഡി എഫിന് അനുകൂലമായ തരംഗമാണ്. തൃശൂർ പൂരത്തിൽ ഗൗരവമായ അന്വേഷണം നടക്കുകയാണ്. തെരഞ്ഞെടുപ്പ് ഘട്ടത്തിൽ സർക്കാരിന് പരിമിതികൾ ഉണ്ട്. ഉണ്ടായ പ്രശ്‌നങ്ങൾ ഗൗരവമായി കാണുന്നു. പ്രത്യക്ഷത്തിൽ വീഴ്‌ച വരുത്തിയ ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്ത് അന്വേഷണത്തിലേക്ക് കടക്കുന്നു. തെരഞ്ഞെടുപ്പ് കാലത്ത് നടപടി സ്വീകരിക്കുന്നതിനും പരിമിതികളുണ്ട്. അന്വേഷണത്തിന്‍റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Also Read : 'രാഹുൽ ഗാന്ധിയെ വേഷം കെട്ടിക്കുന്നത് കേരളത്തിലെ നേതാക്കൾ': തുറന്നടിച്ച് ബിനോയ് വിശ്വം - Binoy Viswam Against Rahul Gandhi