വാഷിങ്ടണ്‍: ഇന്ത്യന്‍ സമ്പദ്ഘടന 2025ല്‍ അല്‍പ്പം ദുര്‍ബലമാകുമെന്ന് ചൂണ്ടിക്കാട്ടി അന്താരാഷ്ട്ര നാണയനിധി (ഐഎംഎഫ്) മാനേജിങ് ഡയറക്‌ടര്‍ ക്രിസ്റ്റാലിന ജോര്‍ജിവ. ആഗോള വളര്‍ച്ചാനിരക്ക് സ്ഥിരത പുലര്‍ത്തുമെന്നും അവര്‍ ചൂണ്ടിക്കാട്ടി. ലോകത്ത് ഇക്കൊല്ലം ചില അസ്ഥിരതകള്‍ പ്രതീക്ഷിക്കുന്നുവെന്നും അമേരിക്കയുടെ വാണിജ്യ നയങ്ങളെ ചുറ്റിപ്പറ്റിയുള്ള അഭ്യൂഹങ്ങളാകും ഇതിന് കാരണമെന്നും അവര്‍ വ്യക്തമാക്കി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ആഗോള വളര്‍ച്ചാനിരക്ക് സ്ഥിരത പുലര്‍ത്തുമെങ്കിലും പ്രാദേശികമായി ചില വ്യത്യാസങ്ങള്‍ ഉണ്ടാകാമെന്നും തന്‍റെ വാര്‍ഷിക വാര്‍ത്താസമ്മേളനത്തില്‍ അവര്‍ ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ സമ്പദ്ഘടന 2025ല്‍ നേരിയതോതില്‍ ദുര്‍ബലമായേക്കാമെന്ന് പറഞ്ഞ അവര്‍, ഇതേക്കുറിച്ച് കൂടുതല്‍ വിശദീകരണത്തിന് തയാറായില്ല. വേള്‍ഡ് ഇക്കോണമി ഔട്ട്ലുക്കിന്‍റെ പ്രതിവാര റിപ്പോര്‍ട്ടില്‍ ഇതേക്കുറിച്ച് വിശദാംശങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നേരത്തെ പ്രതീക്ഷിച്ചതിനെക്കാള്‍ മെച്ചപ്പെട്ടതായിരിക്കും അമേരിക്കയുടെ സമ്പദ്ഘടനയുടെ പ്രകടനം. അതേസമയം യൂറോപ്യന്‍ യൂണിയന്‍റെ പ്രകടനം അത്ര മികച്ചതാകില്ല. ഇന്ത്യ ദുര്‍ബലമാകും. ബ്രസീലില്‍ ഉയര്‍ന്ന വിലക്കയറ്റം നേരിടേണ്ടി വരുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സാമ്പത്തിക ശക്തിയായ ചൈന നാണ്യശോഷണത്തിന്‍റെ സമ്മര്‍ദ്ദം നേരിടേണ്ടി വരുമെന്നാണ് ഐഎംഎഫ് വിലയിരുത്തുന്നത്. ആഭ്യന്തരചോദനയും നിലവിലുള്ള സമ്മര്‍ദങ്ങളുമാണ് ഇതിന് കാരണമെന്നും അവര്‍ പറഞ്ഞു. വരുമാനം കുറഞ്ഞ രാജ്യങ്ങള്‍ക്ക്, അവരുടെ എല്ലാ പ്രയ്‌ത്നങ്ങള്‍ക്കും ഉപരിയായി കൂടുതല്‍ ആഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും ജോര്‍ജിവ കൂട്ടിച്ചേര്‍ത്തു.
സാമ്പത്തിക നയങ്ങളുടെ കാര്യത്തിലുള്ള അവ്യക്തതമൂലം 2025ല്‍ ചില അനിശ്ചിതത്വങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്. അമേരിക്കന്‍ സമ്പദ്ഘടനയുടെ വലുപ്പവും പങ്കും അനുസരിച്ചാകും കാര്യങ്ങള്‍ മുന്നോട്ട് പോകുക. പുതിയ ഭരണകൂടം നികുതികളിലും മറ്റും കൈക്കൊള്ളുന്ന നയങ്ങള്‍ ആഗോളതലത്തില്‍ നയരൂപീകരണത്തില്‍ ബാധിക്കുന്ന സംഗതിയാണ്. ആഗോള വാണിജ്യ നയങ്ങളെയും അമേരിക്കയുടെ നിലപാട് സ്വാധീനിക്കും. ആഗോള വിതരണ ശൃംഖലയുടെ ഭാഗമായ രാജ്യങ്ങളെയും ഇടത്തരം സമ്പദ്ഘടനകളെയുമാണ് ഇതേറെ ബാധിക്കുക.
ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പലിശ നിരക്കും ഹ്രസ്വകാല പലിശനിരക്കും കുറയാന്‍ സാധ്യതയുണ്ട്. ഇതും ഒരു അസ്ഥിരതയുണ്ടാകുമെന്ന സൂചനയാണ് നല്‍കുന്നത്. ഈ മാസം 20നാണ് ഡൊണാള്‍ഡ് ട്രംപ് അമേരിക്കയുടെ 47മത് പ്രസിഡന്‍റായി അധികാരമേല്‍ക്കുക.
ചൈന, കാനഡ മെക്‌സികോ തുടങ്ങിയ രാജ്യങ്ങള്‍ക്ക് അധിക നികതി ഏര്‍പ്പെടുത്താന്‍ ആലോചനയുണ്ടെന്ന് നേരത്തെ 78കാരനായ ട്രംപ് അറിയിച്ചിരുന്നു. നികുതിയെ ഒരു സുപ്രധാന നയ ഉപകരണമാക്കുമെന്ന് ട്രംപ് പരസ്യമായി പ്രഖ്യാപിച്ചിരുന്നു. ആഗോളതലത്തില്‍ പണപ്പെരുപ്പത്തില്‍ ഒരു തിരിച്ചിറക്കം ഉണ്ടാകുമെന്നാണ് ഐഎംഎഫിന്‍റെ പ്രതീക്ഷ.
പണപ്പെരുപ്പത്തെ നേരിടണമെങ്കില്‍ പലിശ നിരക്കില്‍ വര്‍ധനയുണ്ടാകണം. ഇത് ലോകത്തെ ഒരു സാമ്പത്തിക മാന്ദ്യത്തിലേക്ക് എത്തിക്കാതെയും നോക്കണം. നല്ല ഫലങ്ങളാകണം ഇവയെല്ലാം സൃഷ്‌ടിക്കേണ്ടത്. ഉയര്‍ന്ന പണപ്പെരുപ്പം തിരികെ ലക്ഷ്യത്തിലേക്ക് എത്തിക്കണം. വളര്‍ന്ന് വരുന്ന വിപണികളേക്കാള്‍ സമ്പദ്ഘടനകള്‍ക്കാകണം ഇക്കാര്യത്തില്‍ പ്രാധാന്യം നല്‍കേണ്ടതെന്നും ഐഎംഎഫ് മേധാവി കൂട്ടിച്ചേര്‍ത്തു.
Also Read;അമേരിക്കയ്‌ക്കോ ചൈനയ്‌ക്കോ ഇന്ന് ഇന്ത്യയെ അവഗണിക്കാനാകില്ലെന്ന് നിര്‍മ്മല സീതാരാമന്‍